Mon. Dec 23rd, 2024
bsnl

ഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ 1 ലക്ഷം സൈറ്റുകള്‍ 4ജിയിലേക്ക് മാറ്റാനുള്ള അനുമതി ബോര്‍ഡില്‍ നിന്നും ലഭിച്ചു. ബിഎസ്എന്‍എല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതുവരെ 4ജി ലോഞ്ച് ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതായിരുന്നു. അതിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) സഹായത്തോടെയാണ് ഇന്ത്യയിലുടനീളമുള്ള ഒരു ലക്ഷം സൈറ്റുകളില്‍ 4ജി നെറ്റ്‌വര്‍ക്ക് എത്തിക്കാന്‍ പോകുന്നത്.

ടിസിഎസ് കുറച്ചധികം കാലമായി ബിഎസ്എന്‍എല്ലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇന്ത്യയിലുടനീളമുള്ള ഒരു ലക്ഷം സൈറ്റുകളില്‍ 4ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കാനായി ടിസിഎസിന്റെ ഉപകരണങ്ങളുടെ സഹായത്തോടെ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബിഎസ്എന്‍എല്ലിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുന്നതിന് മുമ്പ് ഇനിയും നിരവധി ഘട്ടങ്ങള്‍ കടക്കേണ്ടതുണ്ട്.

ബിഎസ്എന്‍എല്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച വിവരം ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനെ അറിയിക്കണം. അത് കഴിഞ്ഞാല്‍ 4ജിക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്കായി ടിസിഎസിന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുന്നതിന് ക്ലിയറന്‍സ് ലഭിക്കേണ്ടതുണ്ട്. ഇതിനായി മന്ത്രിമാരുടെ സംഘത്തെ (ജിഒഎം) ടെലികോം വകുപ്പ് സമീപിക്കും. മാര്‍ച്ച് ആദ്യമായിരിക്കും ഇത് നടക്കുന്നത്. ബിഎസ്എന്‍എല്‍, ടിസിഎസ് കമ്പനികളും തമ്മിലുള്ള കരാറിന്റെ ഭാഗമായി 1 ലക്ഷം സൈറ്റുകള്‍ക്കായുള്ള ഉപകരണങ്ങള്‍ ടിസിഎസ് ബിഎസ്എന്‍എല്ലിന് നല്‍കും. 24,556.37 കോടി രൂപയ്ക്കാണ് ഇത് നല്‍കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം