കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കൈയ്യേറ്റ് ഭൂമിയിലെ വീട് ഒഴിപ്പിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പൊള്ളലേറ്റ് മരിച്ചു. 45-കാരിയായ അമ്മയും 20 വയസ്സുള്ള മകളുമാണ് വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചത്. വീടിനുള്ളില്‍ ആളുണ്ടെന്നറിയവെ പൊലീസ് കുടിലിന് തീ ഇട്ടെന്നാണ് കുടുംബത്തിന്‍റ ആരോപണം. എന്നാല്‍ ഇരുവരും സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പൊലീസിന്റെ അവകാശവാദം. അതേസമയം, ഇന്ന് കൊലപാതക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥര്‍, ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ തുടങ്ങി 13 പേര്‍ക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. കൊലപാതക ശ്രമം, സ്വയം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇന്നലെയാണ് ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ നടത്തിയത്. ബുള്‍ഡോസറുമായി രാവിലെ എത്തിയ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി ഒരു തരത്തിലുള്ള നോട്ടീസും നല്‍കിയിരുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇരുവരുടെയും മരണത്തെ തുടര്‍ന്ന് ഗ്രാമവാസികളും പോലീസും തമ്മില്‍ സ്ഥലത്ത് സംഘര്‍ഷം ഉണ്ടാവുകയും പോലീസിന് നേരെ ഗ്രാമവാസികള്‍ കല്ലുകളെറിയുകയും ചെയ്തു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ജ്ഞാനേശ്വര്‍ പ്രസാദിനെതിരെ അടക്കം കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.