ഡല്‍ഹി: അദാനി വിവാദത്തില്‍ ബിജെപിക്ക് ഭയക്കാനും മറച്ചുവെക്കാനും ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി അദാനിയെ അനുകൂലിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അമിത് ഷാ പറഞ്ഞു. എംപിമാരുടെ പരാമര്‍ശങ്ങള്‍ സഭാ നടപടികളില്‍ നിന്നും നീക്കം ചെയ്ത സംഭവത്തിലും അമിത് ഷാ പ്രതികരിച്ചു. പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായല്ല എംപിമാരുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭ്യമായ ഭാഷയില്‍ ചട്ടപ്രകാരം ചര്‍ച്ചകള്‍ നടക്കേണ്ട സ്ഥലമാണ് പാര്‍ലമെന്റെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. സഭ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗം സഭാ രേഖയില്‍ നിന്ന് നീക്കിയത് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം തെറ്റെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.