കേന്ദ്ര ബജറ്റിന് പിന്നലെ സംസ്ഥാന ബജറ്റും എത്തി. പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വിവിധ നികുതികള്‍ കൂട്ടിയതുള്‍പ്പെടെ ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. 1,35,419 കോടി രൂപ റവന്യൂ വരുമാനവും 1,76,089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 23,942 കോടി രൂപയും ധനകമ്മി 39,662 കോടി രൂപയുമാകും.
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയരും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം വര്‍ധിക്കും. പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. വരുമാനം വര്‍ധിപ്പിക്കുന്നതിനായി മദ്യത്തിനും അധിക സാമൂഹ്യസുരക്ഷാ സെസ് ഏര്‍പ്പെടുത്തി. സമീപകാലത്ത് വില വര്‍ധിപ്പിച്ച മദ്യത്തിന് സെസ് ഏര്‍പ്പെടുത്തിയതോടെ വില വീണ്ടും കൂടും. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വര്‍ധിക്കും. വൈദ്യുതി തീരുവ അഞ്ച് ശതമാനവും കൂട്ടി.
കേരള ബജറ്റില്‍ വന്‍ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍. സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെതിരെയും വലിയ പ്രതിഷേധമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. ബജറ്റ് കത്തിച്ചും, ഓട്ടോറിക്ഷകള്‍ തള്ളിയും പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ഒന്നും നല്‍കാത്തതാണ് കേരള ബജറ്റില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കാത്തത് എന്ന് വാദിക്കുമ്പോള്‍. കേരള സര്‍ക്കാരിന്റെ ജന ദ്രോഹകരമായ നടപടിയാണ് ഇതെന്നാണ് ഒരു കൂട്ടം പറയുന്നത്. കോണ്‍ഗ്രസോ ബിജെപിയോ ആണ് ബജറ്റ് അവതരിപ്പിച്ചതെങ്കില്‍ ഡിവൈഎഫ്‌ഐ കേരളം കത്തിക്കും എന്നാല്‍ ഇപ്പോള്‍ ഡിവൈഎഫ്‌ഐ എവിടെ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.