Fri. Nov 22nd, 2024

ജി എം കടുക് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ശേഷം സംഭവിക്കുന്ന നഷ്ടങ്ങള്‍ പിന്നീട് നികത്താനായില്ലെങ്കില്‍ എന്ത് ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചത്. ജി എം കടുക് വരുത്താവുന്ന കോട്ടങ്ങളെ കുറിച്ച് പൂര്‍ണ്ണ ബോദ്ധ്യമുണ്ടെന്നും അത് കൊണ്ട് തന്നെ കണ്ണടച്ചുള്ള അനുവാദമല്ല നല്‍കുന്നത് എന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ മറുപടി നല്‍കിയത്. പരിസ്ഥിതി പ്രവര്‍ത്തക അരുണ റോഡ്രിഗസ് നല്‍കിയ ഹര്‍ജിയിലാണ് കേടാതി നടപടികള്‍ പുരോഗമിക്കുന്നത്. രണ്ട് പതിറ്റാണ്ടോലമായി ജി എം വിളകള്‍ക്കെതിരേ നിയമ നടപിടികളുമായി അരുണ മുന്നോട്ട് പോകുമ്പോള്‍ അവരെ പിന്തുണക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അധികൃതരോട് ചോദിക്കാനുളളത് ആര്‍ക്കാണ് ജി എം വിളകള്‍ ഇന്ത്യയില്‍ വന്നേ മതിയാകു എന്ന വാശിയെന്നാണ്. 2002 ല്‍ ബെയര്‍ എന്ന ആഗോള കുത്തക കമ്പനി കൊണ്ടുവന്ന ജി.എം. കടുകിന്റെ അനുമതിക്കായുള്ള അപേക്ഷ ജി.ഇ.എ.സി. തള്ളിക്കളഞ്ഞപ്പോള്‍ പറഞ്ഞ കാരണങ്ങള്‍ക്കപ്പുറം എന്ത് അനിവാര്യതയാണ് നിലവിലുള്ളത് എന്നതാണ് ഇവരുടെ സംശയം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരോക്ഷമായി ലക്ഷ്യം വെക്കുന്നത് ആഗോളകീടനാശിനി നിര്‍മ്മാണ ഭീമന്‍ ബെയറിനെ ( പഴയ മോണ്‍സാന്റോ) സഹായിക്കലാണ് എന്ന ആരോപണവും കൂടുതല്‍ ബലപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. ആരോഗ്യത്തിനും പരിസ്ഥിതിക്കും കൃഷിക്കും ജി എം കടുകിന്റെ വരവോടെ ഉണ്ടാകാവുന്ന ദൂരവ്യാപക ഫലങ്ങളെ കുറിച്ച് യാതൊരു ശാസ്ത്രീയ അടിത്തറയുള്ള പഠനവും ഇത് വരെ നടന്നിട്ടില്ല എന്നും വിദഗ്ധര്‍ ആരോപിക്കുന്നുണ്ട്. ഫലപ്രദമായ ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെ തുറസ്സായ സ്ഥലത്ത് ജി എം വിളകള്‍ കൃഷി ചെയ്ത് വിത്ത് ഉത്പാദിപ്പിച്ച് പരീക്ഷീക്കുന്നത് പരിസ്ഥിതിക്കും കൃഷിക്കും മനുഷ്യനും പലതരം
ദോഷങ്ങളുണ്ടാക്കും എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ സംശയിക്കുന്നുണ്ട്.

ജനിതകമാറ്റം വരുത്തിയ കടുക് അഥവാ ജനിറ്റിക്കലി മോഡിഫൈഡ് കടുക് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി നല്‍കിയ അനുമതി സുപ്രീം കോടതി നിലവില്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. കര്‍ഷക സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് 2016 മുതല്‍ പരിഗണിക്കാതെ മറ്റിവെച്ച നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജെനിറ്റിക് എഞ്ചിനീയറിങ് അപ്രൂവല്‍ കമ്മറ്റി അനുമതി നല്‍കിയതോടെയാണ് വിഷയം സുപ്രിംകോടതിയില്‍ എത്തുന്നത്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ പുതുക്കുന്ന തരത്തില്‍ നാല് വര്‍ഷത്തേക്കായിരുന്നു അനുമതി. ഇതോടെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അനുമതി നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ജി.എം വിളയായി ജി.എം കടുക് മാറിയിരുന്നു.

ജി എം വിളകള്‍

ചെടികളുടെ ഡി എന്‍. എയില്‍ ജനിതക സാങ്കേതിക വിദ്യ വഴി മാറ്റങ്ങങ്ങളുണ്ടാക്കി വികസിപ്പിച്ചെടുത്ത ഭക്ഷ്യവിളകളെയാണ് ജി എം വിളകള്‍ എന്ന് പറയുന്നത്. സസ്യങ്ങള്‍ക്ക് രോഗം ഉണ്ടാക്കുന്ന രോഗകാരികളില്‍ നിന്നും രക്ഷനേടാനുള്ള സ്വയം പ്രതിരോധം ഉണ്ടാക്കുക, സസ്യ ഉല്‍പ്പന്നങ്ങളില്‍ മനുഷ്യനാവശ്യമുള്ള പോഷകമൂല്യമുയര്‍ത്തുക, കൂടുതല്‍ വിളവ് ഉണ്ടാക്കുക എന്നിവയാണ് ജി എം വിളകള്‍ ഉണ്ടാക്കുന്നതിലൂടെ ശാസ്ത്രഞ്ജര്‍ ലക്ഷ്യമിടുന്നത്.ജനിതക എഞ്ചിനീയറിങ്ങിലൂടെ നമുക്ക് ആവശ്യമായ ഗുണങ്ങളുള്ള ജീനുകള്‍ ഒരു കോശത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത ശേഷം ജീന്‍ ട്രാന്‍സ്‌ഫെക്ഷനിലൂടെ ഈ ജീനുകളെ നമുക്ക് വേണ്ട വിളകളില്‍ പ്രവേശിപ്പിക്കും. കോശങ്ങളില്‍ എത്തുന്ന ജീനുകള്‍ ഡി.എന്‍.എയുടെ ഭാഗമാകുന്നതോടെ ആ കോശത്തില്‍ പുതിയ പ്രോട്ടീനുകള്‍ ഉണ്ടാവും. ഇതിന്റെ മാറ്റം ചെടികളിലും ഉണ്ടാവും.ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കുള്ള ഉദാഹരണമാണ് ബി.ടി വിളകള്‍. രോഗപ്രതിരോധ ശേഷിയുള്ള പുകയിലയാണ് ലോകത്തില്‍ ആദ്യമായി വികസിപ്പിച്ച ജനിതക മാറ്റം വരുത്തിയ ചെടി. 1983 ലായിരുന്നു ഇത്. 1994ല്‍ ആദ്യത്തെ ജനിതകമാറ്റം വരുത്തിയ തക്കാളി യു.എസില്‍ വിപണനത്തിനായി അംഗീകാരം നല്‍കി. അതിനുശേഷം നിരവധി ജനിതകമാറ്റം വരുത്തിയ വിളകള്‍ ശാസ്ത്രഞ്ജര്‍ വികസിപ്പിച്ചു. ഇന്ത്യയില്‍ 2000ത്തിന്റെ തുടക്കത്തിലാണ് ജനിതകമാറ്റം വരുത്തിയ ബി.ടി പരുത്തി പ്രചാരത്തില്‍ വരുന്നത്. 2009 ല്‍ ബി.ടി വഴുതിന കൃഷി ചെയ്യാനുള്ള സര്‍ക്കാര്‍ അനുമതി നല്‍കി. പുകയില, പരുത്തി, ചോളം, വഴുതന തുടങ്ങിയവയുടെ ബി.ടി വിളകളാണ് നിലവിലുള്ളത്. ബസില്ലസ് തുരിന്‍ജിയെന്‍സിസ് എന്ന ബാക്ടീരിയയുടെ ജീന്‍ വിളകളില്‍ പ്രവേശിപ്പിച്ചാണ് ഇവയുണ്ടാക്കുന്നത്. ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന പ്രോട്ടീന്‍ ഒരുതരം കീടനാശിനിയാണ്. ഇത് കീടങ്ങളെ കൊല്ലുന്നതോടെ മെച്ചപ്പെട്ട വിളവ് ലഭിക്കുന്നു.

ജനിതകമാറ്റം വരുത്തിയ ഇന്ത്യന്‍ കടുകിനം വരുണയും കിഴക്കന്‍ യൂറോപ്യന്‍ ഇനമായ ഏര്‍ ലിഹിരയും തമ്മില്‍ സങ്കരണം നടത്തിയാണ് ഇപ്പോള്‍ പരിഗണനയിലുള്ള ധാരാ മസ്റ്റാര്‍ഡ് ഹൈബ്രിഡ് -2 എന്ന ഇനം വികസിപ്പച്ചത്. ഡി എം എച്ച് എന്ന പേരിലാണ് ഇത് വിപണിയില്‍ എത്തിക്കുക. 1990ലാണ് ബെല്‍ജിയത്തിലെ ശാസ്ത്രജ്ഞര്‍ മണ്ണില്‍ കാണപ്പെടുന്ന ബാസിലസ് അമൈലോലിക്യുഫേഷ്യന്‍സ് ബാക്ടീരയയില്‍ നിന്നും വേര്‍തിരിച്ചെടുത്ത രണ്ട് ജീനുകള്‍ ഉപയോഗിച്ച് കടുകിന്റെ സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുക്കാം എന്ന് കണ്ടെത്തിയത്. ഇവയില്‍ ബാര്‍ണേസ് , ബാര്‍സ്റ്റാര്‍ എന്നീ ജീനുകള്‍ ഉപയോഗിച്ചാണ് ജി എം കടുക് വികസിപ്പിച്ചെടുത്തത്. ഗ്ലുഫോസിനേറ്റ് എന്ന കളനാശിനിയെ പ്രതിരോധിക്കുന്ന ബാര്‍ ജീന്‍ ഒരു മാര്‍ക്കര്‍ മാത്രമായിട്ടാണ് ജി എം കടുകില്‍ ഉപയോഗിച്ചിരിക്കുന്നത് എങ്കിലും ഈ കളനാശിനിക്ക് എതിരെ ജി എം കടുകിന് പ്രതിരോധമുണ്ട് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2002 ലാണ് ഡിഎംഎച്ച് 2 വികസിപ്പിച്ചെടുത്തത്. ഡല്‍ഹി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ദീപക് കുമാര്‍ പെന്‍ഡാലും സംഘവുമാണ് ഇത് വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഇന്ത്യയില്‍ ജനിതകമാറ്റം വരുത്തിയ  വിളകളുടെ നാള്‍വഴികള്‍

2002
ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷിക്ക് ഇന്ത്യ അംഗീകാരം നല്‍കി

2006
ജനിതകമാറ്റം വരുത്തിയ പരുത്തിയിനം ബോള്‍ഗാര്‍ഡ് രണ്ടിന് അനുമതി

2010
വഴുതനയുടെ പരീക്ഷണ കൃഷി കേന്ദ്രം തടഞ്ഞു

2012
ജനിതകമാറ്റം വരുത്തിയ എല്ലാ വിളകളുടെയും പരീക്ഷണ കൃഷി തടയാന്‍ പാര്‍ലമെന്ററി കാര്യ സമിതി ശുപാര്‍ശ

2013
ജനിതകമാറ്റം വരുത്തിയ എല്ലാ വിളകള്‍ക്കും സുപ്രീംകോടതി നിയോഗിച്ച സമിതി പത്തു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചു

2014
ജനിതകമാറ്റം വരുത്തിയ  11 വിളകളുടെ കൃഷി പരീക്ഷണങ്ങള്‍ക്ക് ജി ഈ എ സി അനുമതി നല്‍കി

2018
ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷി പരീക്ഷണങ്ങള്‍ക്ക് ജി ഇ എ സി അനുമതി നല്‍കിയെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്തു. പരുത്തിയില്‍ കൂടുതല്‍ സമാന പരീക്ഷണങ്ങള്‍ നടത്താനുള്ള അപേക്ഷ അഗ്രോ കെമിക്കല്‍ കമ്പനിയായ മോന്‍ സാന്റോ പിന്‍വലിച്ചു.

2022
ജനിതക മാറ്റം വരുത്തിയ കടുക് വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ അനുമതി.

അവകാശവാദങ്ങളും ആരോപണങ്ങളും

ഡി. എം.എച്ച്. 2 മറ്റു കടുകിനങ്ങളേക്കാള്‍ 25 മുതല്‍ 30 ശതമാനം വരെ അധിക വിളവ് നല്‍കുമെന്നാണ് ഇത് വികസിപ്പിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയ ഡല്‍ഹി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും അറിയപ്പെടുന്ന ജനിതക ശാസ്ത്രജ്ഞനുമായ ദീപക് കുമാര്‍ പെന്റാളും സംഘവും അവകാശപ്പെടുന്നത്. ജി എം കടുകിന്റെ കൃഷി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമല്ല എന്നും ഇവര്‍ പറയുന്നു. ജി.എം. കടുകിന്റെ കൃഷി രാജ്യത്തെ എണ്ണക്കുരു ഉത്പാദനം വര്‍ദ്ധിപ്പിക്കും. രോഗപ്രതിരോധശേഷിയും കീടങ്ങള്‍ക്കെതിരെയുള്ള പ്രതിരോധശേഷിയും ജി എം കടുകിന് കൂടുതലാണ്. കൂടുതല്‍ എണ്ണ ലഭിക്കും എന്നതിനാല്‍ സാമ്പത്തിക ലാഭവും ഇതില്‍ നിന്നുണ്ടാകും എന്നാണ് ജി എം വിളകളെ പ്രോത്സാഹിപ്പിക്കുന്നവരുടെയും സര്‍ക്കാരിന്റെയും അവകാശവാദം.

പരിസ്ഥിതി-വന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റി എന്ന ജി ഇ എ സി ആണ് ഇന്ത്യയില്‍ ജനിതക എന്‍ജിനീയറിങ് വഴി മാറ്റങ്ങള്‍ വരുത്തിയ ഉല്‍പ്പന്നങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. ജനിതക മാറ്റം വരുത്തിയ വിളകളുടെ  സാധുതയെ കുറിച്ചും പൊതുസേവനങ്ങള്‍ക്കായി ജനിതകമാറ്റം വരുത്തിയ ജീവികളെ അവതരിപ്പിക്കുന്നതിന്റെ സുരക്ഷയെ കുറിച്ചും തീരുമാനങ്ങള്‍ എടുക്കുന്നത് ജി.ഇ.എ.സി. ആണ്. ജി എം വിളകള്‍ക്ക് അനുമതി നല്‍കിയ ജി ഇ എ സി നിരത്തുന്നത് ശാസ്ത്രീയ വാദങ്ങളല്ല എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

അതേസമയം, ജി എം കടുകിന് അനുമതി നല്‍കേണ്ട എന്ത് സാഹചര്യമാണ് നിലവിലുള്ളത് എന്നതാണ് പ്രധാന ചോദ്യമെന്ന് പരിസ്ഥിത പ്രവര്‍ത്തക ഉഷ ശൂലപാണി ചുണ്ടിക്കാണിക്കുന്നു. കൂടുതല്‍ വിളവ് നല്‍കും എന്ന വാദമാണ് ജി എം കടുകിന് അനുകൂലമെങ്കില്‍ നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന നിരവധി സാധാരണ ഹൈബ്രിഡ് ഇനങ്ങള്‍ പോലും ജി എം കടുകില്‍ നിന്ന് പ്രതീക്ഷിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ട വിളവ് നല്‍കുന്നതാണ് എന്നും ഉഷ ശൂലപാണി പറയുന്നു. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അനുമതി നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ജി.എം വിളയാണ് കടുക് എന്നിരിക്കെ മറ്റ് വിത്തിനങ്ങള്‍ക്കായും കോര്‍പ്പറേറ്റുകള്‍ വൈകാതെ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങും. ബി ടി പരുത്തിയുടെ കാര്യത്തില്‍ നടന്ന പഠനങ്ങള്‍ കടുകിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല എന്ന സാഹചര്യവുമുണ്ട്. മുന്‍പ് ഇത്തരം വിഷയങ്ങള്‍ സ്വതന്ത്രമായി പഠിക്കാന്‍ തയ്യാറായിരുന്നവരെ ഇന്ന് പല രീതിയിലും തടസ്സപ്പെടുത്തുകയാണ്. ഫണ്ട് നല്‍കാതെയും നിയമം കടുപ്പിച്ചും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചും എന്‍ ജി ഒ കളെ അടക്കം നിയന്ത്രിക്കുമ്പോള്‍ സമൂഹത്തിന് വേണ്ടി ഇത്തരം പഠനങ്ങള്‍ നടത്തിയിരുന്നവരും നിശബ്ദമാക്കപ്പെടുകയാണ് എന്നും അവര്‍ പറയുന്നു.

5000ലധികം കടുകിനങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ഉണ്ട്.വൈവിധ്യങ്ങളുള്ള ഇടങ്ങളിലും ഉത്പത്തി സ്ഥാനത്തും ജനിതക മാറ്റം വരുത്തിയ വിളകള്‍ പരീക്ഷിക്കരുത് എന്നാണ് ജൈവപരിരക്ഷക്കായുള്ള കാര്‍ട്ടാജിന പ്രോട്ടോക്കോള്‍ അനുശാസിക്കുന്നത്. ഈ ധാരണയില്‍ ഒപ്പ് വെച്ച രാജ്യമെന്ന നിലക്ക് ജൈവവൈവിധ്യങ്ങളുടെ പരിരക്ഷ ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്വം ഇന്ത്യക്കുണ്ട്. 5000ലധികം കടുകിനങ്ങളുള്ള രാജ്യത്ത് ജനിതമാറ്റം വരുത്തിയ വിത്തിനങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ ജനിതക മലീനികരണം സംഭവിക്കാന്‍ സാധ്യതയുള്ളതായി കര്‍ഷകര്‍ ചുണ്ടിക്കാട്ടുന്നു.നമ്മുടെ പരമ്പാരാഗത വിത്തിനങ്ങള്‍ നഷ്ടപ്പെടാന്‍ ഇത് കാരണമാകും. ഉത്തരേന്ത്യയിലെ പ്രധാന വിളകളില്‍ ഒന്നാണ് കടുക് എന്നിരിക്കെ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഇന്ത്യയില്‍ ജി എം കടുക് മുലം ഉണ്ടാവുക.

ജനിതക മാറ്റം വരുത്തിയ വിളകളില്‍ നിന്നും കളനാശിനികള്‍ക്ക് എതിരെയുള്ള പ്രതിരോധം മറ്റു സസ്യങ്ങളിലേക്ക് പകര്‍ന്നു കിട്ടാനും അത് വഴി സൂപ്പര്‍ കളകളുടെ രൂപീകരണത്തിനും വഴി വെക്കുമെന്നതാണ് പ്രധാന വിമര്‍ശനം.കളനാശിനികളെ പ്രതിരോധിക്കുന്ന ചെടികള്‍ എന്നതാണ് ഇവയുടെ പ്രത്യേകത. എന്നാല്‍ ബി ടി പരുത്തി ഉള്‍പ്പടെയുളള ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ വ്യാപകമായ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സൂപ്പര്‍ കളകളെ നിയന്ത്രിക്കാന്‍ ആകാത്തതാണ്. ചെടിക്ക് ദോഷം വരില്ലെങ്കിലും ഇതോടെ കര്‍ഷകര്‍ കൂടുതല്‍ കളനാശിനികള്‍ ഉപയോഗിക്കാന്‍ തുടങ്ങും. കളനാശിനികളെ അതിജീവിക്കുന്ന വിളകളെന്നാല്‍ കളനാശിനികളുടെ ഉപയോഗം കൂട്ടുന്നവ എന്നാണ് മറ്റൊരു അര്‍ത്ഥം. ജര്‍മ്മന്‍ ആഗോള കീടിനാശിനി ഭീമനായ ബെയര്‍ ഉത്പാദിപ്പികുന്ന ഗ്ലുഫോസിനേറ്റ് എന്ന കളനാശിനിയെ പ്രതിരോധിക്കുന്ന ബാര്‍ ജീന്‍ ആണ് ജി എം കടുകിലുള്ളത്. ജി എം വിത്തിനങ്ങളില്‍ ഗ്ലുഫോസിനേറ്റ് തന്നെ കര്‍ഷകര്‍ നിരന്തരം ഉപയോഗിക്കേണ്ടി വരും. ബെയറിന്റേതല്ല ഡല്‍ഹി സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത ജനിതക മാറ്റം വരുത്തിയ കടുക എന്ന് വാദിക്കുന്നവര്‍ ഫലത്തില്‍ സഹായിക്കാന്‍ പോകുന്നത് ബെയറിനെ തന്നെയാകും. ആഗോളതലത്തില്‍ കീടനാശിനി കച്ചവടം നിയന്ത്രിക്കുന്ന ബെയര്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേറ്റ് ഭീമന്മാരാണ് വിത്ത് കച്ചവടവും നിയന്ത്രിക്കുന്നത് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള കീടനാശിനി നിയന്ത്രണ ശ്രമങ്ങളെ നിര്‍വീര്യമാക്കുന്നത് നയരൂപീകരണത്തിലുള്ള ഇവരുടെ സ്വാധീനമാണ്. ഏത് കര്‍ഷകന്‍ എവിടെ ജി.എം. വിത്ത് കൃഷി ചെയ്താലും അതിന്റെ ലാഭം ഈ കമ്പനികള്‍ക്ക് കിട്ടും വിധമാണ് പ്രവര്‍ത്തനങ്ങള്‍. നേരിട്ടും അല്ലാതെയും ഡല്‍ഹി യുണിവേഴ്‌സിറ്റുടെ ജി എം കടുക് ബെയറിനെ സഹായിക്കാന്‍ ഉതകുന്ന പദ്ധതി മാത്രമായി മാറുന്നത് അങ്ങിനെയാണ്.

ജി എം വിളകള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ് വര്‍ക്ക് ഇന്‍ ഇന്ത്യ ( പാന്‍ ഇന്ത്യ ) കഴിഞ്ഞ മാസം പുറത്ത് വിട്ടിരുന്നു. ഉത്തേരന്ത്യയില്‍ കടുകും കടുകിന്റെ എണ്ണയും ഇലയും ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ജി എം വിളകളുടെ ഉപയോഗം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ മുതല്‍ അലര്‍ജിയും പോഷക കുറവ് വരെയുള്ള മറ്റ് നിരവധി അനുബന്ധ പ്രശ്‌നങ്ങളും വ്യാപകമായി ഉണ്ടാക്കിയേക്കാം എന്നും വിദഗ്ധര്‍ ചുണ്ടികാണിക്കുന്നു.ഉപഭോക്താവിന് നല്ല വിത്തും നല്ല ഭക്ഷണവും തിരഞ്ഞെടുക്കാനുള്ള അവസരം കൂടിയാണ് ഇവിടെ നഷ്ടപ്പെടുന്നത് എന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

1974ലാണ് മോണ്‍സാന്റോ എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനി ഗ്ലൈഫോസേറ്റ് ( ഇന്നത്തെ ഗ്ലുഫോസിനേറ്റ്) അധിഷ്ഠിതമായ റൗണ്ട് അപ്പ് എന്ന കളനാശിനി പുറത്തിറക്കിയത്. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഈ കളനാശിനിയുടെ ഉപയോഗം മോണ്‍സാന്റോയുടെ തന്നെ ജനിതകമാറ്റം വരുത്തിയ വിള ഇനങ്ങളുടെ വ്യാപനത്തോടെ കൂടുതല്‍ പ്രചാരം നേടുകയായിരുന്നു. 2018ല്‍ ജര്‍മന്‍ കമ്പനിയായ ബെയര്‍ മൊണ്‍സാന്റോയെ വാങ്ങി. പിന്നാലെ റൗണ്ട് അപ്പിന്റെ ഉപയോഗം കാന്‍സറിനു കാരണമായി എന്ന് ചൂണ്ടിക്കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് നിരവധി പരാതികളാണ് അമേരിക്കന്‍ കോടതികളില്‍ എത്തിയത്. 95,000 കേസുകളിലായി ഏതാണ്ട് 10 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് നഷ്ടപരിഹാരത്തുകയായി കമ്പനി നല്‍കിയത്.

ബെയറിന്റെ ഡൈകാംബ സംബന്ധിച്ചും മുന്‍പ് പരാതികള്‍ ഉയര്‍ന്നിരുന്നു. ബെയര്‍ കമ്പനി തന്നെ വികസിപ്പിച്ചെടുത്ത ഡൈകാംബ പ്രതിരോധ ശേഷിയുള്ള ജനിതകമാറ്റം വരുത്തിയ സോയാബീന്‍ ചെടികളിലാണ് പ്രയോഗിക്കാറ്.ഡൈകാംബ അടിസ്ഥാനമാക്കിയ ബെയറിന്റെ കളനാശിനികള്‍ ഉപയോഗിച്ചത് വഴി ഹെക്ടര്‍ കണക്കിന് കൃഷി സ്ഥലങ്ങളിലെ സോയാ ബിന്‍ കൃഷി നശിച്ചതായി ആരോപണം ഉണ്ടായിരുന്നു. റൗണ്ട് അപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലൈഫോസ്്ഫേറ്റിനെക്കാള്‍ അപകടകാരിയായ രാസസംയുക്തം ആണ് ഡൈകാംബ.ഡൈകാംബ മണ്ണിലെ സൂക്ഷമ ജീവികളെ നശിപ്പിക്കുന്നതിനാല്‍ മണ്ണിന്റെ ഗുണവും കുറയാന്‍ കാരണമാകും. ഡൈകാംബ ഉപയോഗിച്ച സ്ഥലങ്ങളില്‍ തേനീച്ചകളുടെ എണ്ണം അന്‍പത് ശതമാനത്തോളം കുറഞ്ഞതായും പഠനങ്ങള്‍ പുറത്ത് വന്നിരുന്നു.

ജനിതകമാറ്റം വരുത്തിയ കടുക് തേനീച്ചകള്‍ക്കും സമാന പരാഗണ ജീവികള്‍ക്കും ഹാനികരമാണെന്ന് ജി.എം കടുകിനെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്‌. കടുക് കൃഷി ചെയ്യുന്ന കര്‍ഷകരുടെ പ്രധാന വരുമാനം തേനീച്ച വളര്‍ത്തലില്‍ നിന്നാണ് എന്നിരിക്കെ തേനീച്ചകള്‍ക്ക് സംഭവിക്കാവുന്ന അപകടങ്ങള്‍ കര്‍ഷകരേ സാമ്പത്തികമായി തളര്‍ത്തും. കളനാശിനികളുടെ ഉപയോഗത്തിലുടെ തേനീച്ചകളും ചാകുന്നത് കര്‍ഷകരുടെ നഷ്ടം വര്‍ധിപ്പിക്കും തേന്‍ മലിനീകരണപ്പെടുമ്പോഴും തേനീച്ച കര്‍ഷകര്‍ക്കത് നഷ്ടമുണ്ടാക്കും.മറ്റൊന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സാധാരണ കടുകും തേനും വില്‍ക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ടാക്കും.

കടുകെണ്ണയും കടുകും ആയൂര്‍വേദ ചികിത്സാവിധികളിലും പാരമ്പര്യ ചികിത്സാരീതികളിലും ഉപേയാഗിക്കുന്നതിനാല്‍ അത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും പഠനം നടക്കേണ്ടതുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് മറ്റൊരു സുപ്രധാന വശമാണ് സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടം നേരിടേണ്ടി വരുമെന്നത്. സ്ത്രീ കര്‍ഷക തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് കള പറിക്കലിലുടെയാണ്. കളനാശിനികളുടെ ഉപയോഗം കൂടുന്നതോടെ ഈ തൊഴില്‍ സാദ്ധ്യതയും മങ്ങും.

ജി എം വിളകള്‍ക്ക് അനുമതി ലഭിക്കുന്നതിന് പിന്നാലെ കുത്തകകള്‍ അവരുടെ വിത്തുകളുമായി എത്തുമ്പോള്‍ കര്‍ഷകന് സ്വന്തം വിളകളുടെ വിത്തിന് മേലുള്ള അവകാശം കൂടിയാണ് നഷ്ടപ്പെടുക. മുന്‍പ് ബി ടി പരുത്തിയുടെ കാര്യത്തില്‍ സംഭവിച്ചത് പോലെ വിത്തുണ്ടാക്കാനുള്ള അവകാശം പോലുമില്ലാത്തവരാണ് കര്‍ഷകര്‍. ഒരു തവണ ജി എം വിളകള്‍ ഉപയോഗിച്ച് തുടങ്ങുന്നതോടെ പതുക്കെ പരമ്പരാഗത വിത്തിനങ്ങള്‍ മാഞ്ഞുപോകാന്‍ തുടങ്ങും. പരമ്പരാഗത വിത്തിനങ്ങള്‍ക്ക് പകരം കുത്തക ഭീമന്മാരുടെ വിത്തുകള്‍ ഇടം പിടിക്കും. നമ്മുടെ പരമ്പരാഗത വിത്തിനങ്ങള്‍ പലതും നഷ്ടപ്പെട്ടത് ഇങ്ങനെയാണ്. പരുത്തിയുടെ കാര്യത്തില്‍ സംഭവിച്ച പോലെ പരമ്പരാഗത വിത്തിനങ്ങള്‍ ഇല്ലാതാകുന്നയിടത്ത് പഴയ ജി എം വിത്തില്‍ പുതിയൊരു ജീന്‍ കൂടി ഉള്‍പ്പെടുത്തി പുതിയ പുതിയ വിത്തിനങ്ങള്‍ ഇറക്കി തുടങ്ങും. മൊണ്‍സാന്റോ, മഹികോ പോലുള്ള കമ്പനികള്‍ പരുത്തി വിത്തുകളുടെ കുത്തക സ്വന്തമാക്കി കൊള്ളലാഭം നേടിയപ്പോള്‍ കര്‍ഷകര്‍ കടക്കെണിയിലേക്ക് വീഴുകയായിരുന്നു എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നു.

കര്‍ഷകരെ വിത്ത് സംരക്ഷിക്കുന്നതില്‍ നിന്നും കൈമാറ്റം ചെയ്യുന്നതില്‍ നിന്നും തടയുകയും എല്ലാകാലത്തും കുത്തക കമ്പനികളുടെ ആശ്രിതരാക്കുകയും ചെയ്യുമെന്നതാണ് ഏറ്റവും വലിയ അപകടമായി പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഇത്തരം വിളകളെ പ്രോത്സാഹിപ്പിക്കുന്നത് കൃഷിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തും. കോര്‍പ്പറേറ്റുകളാണ് ജനിതകമാറ്റം വരുത്തിയ വിളകള്‍ നിയന്ത്രിക്കുന്നത്. കാര്‍ഷിക മേഖല ഇവര്‍ കയ്യടക്കും.ഒരിക്കല്‍ ജി എം വിളകള്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ വിത്തുകള്‍ നഷ്ടപ്പെടുന്നതോടെ പഴയതിലേക്ക് മടങ്ങുന്നത് അസാധ്യവുമാകും.പരുത്തിച്ചെടിയുടെ അവശിഷ്ടങ്ങള്‍ ഭക്ഷിച്ച നൂറുകണക്കിന് കന്നുകാലികള്‍ ആന്ധ്രയില്‍ ചത്തുവീണ സംഭവവും കൂട്ടിചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ജി എം കടുക് വിപണിയിലെത്തിയാല്‍ ഉടന്‍ അതുണ്ടാക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ബോദ്ധ്യപ്പെടണമെന്നില്ല.കാലങ്ങളെടുത്ത് പഠനങ്ങള്‍ വന്ന് കഴിയുമ്പോള്‍ തെറ്റായ തീരുമാനം ആയിരുന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍ എന്ത് ചെയ്യുമെന്നതണ് സുപ്രീംകോടതി മുന്നോട്ട് വെച്ച ചോദ്യത്തിന്റെ പ്രസക്തി. കുത്തകളെ സാഹായിക്കാന്‍ ഉദ്ദേശിച്ചുള്ള വിവാദ കാര്‍ഷിക ബില്ലില്‍ നിന്ന് മോദി സര്‍ക്കാര്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് തത്കാലം പിന്നോട്ട് പോയെങ്കിലും വൈകാതെ വീണ്ടുമത് ചര്‍ച്ച് ആയേക്കാം. ഭക്ഷ്യസുരക്ഷയെ മുന്‍നിര്‍ത്തി ലോകമെമ്പാടും പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ ഇന്ത്യയില്‍ പൗരന്റ ആരോഗ്യത്തെയും കര്‍ഷകരുടെ ഭാവിയെയും അനിശ്ചിതത്വത്തിലാക്കി ജി എം വിളകളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രതിഷേധങ്ങളും ശക്തമാകും.