Sun. Dec 22nd, 2024

 

 

കോട്ടയം പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ വിളക്കാംകുന്ന് വാര്‍ഡില്‍ നിന്നും 24 തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ റിപബ്ലിക് ദിനത്തില്‍ കന്നി വിമാനയാത്ര നടത്താന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ലഭിച്ചിരുന്ന കൂലിയില്‍ നിന്നും ഒരു തുക മാറ്റിവെച്ചാണ് തൊഴിലാളികള്‍ വിമാന യാത്രക്ക് പദ്ധതിയിട്ടത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന സാഹചര്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവര്‍. വിമാനയാത്ര എന്ന ആഗ്രഹം പറഞ്ഞപ്പോള്‍ അതിനുള്ള പിന്തുണ നല്‍കി യാത്രയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കിയത് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും വാര്‍ഡ് അംഗവുമായ എബിസണ്‍ കെ. എബ്രഹാമാണ്.

റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 6.45നു നെടുമ്പാശേരിയില്‍ നിന്നു ബെംഗളൂരുവിലേക്കാണ് വിമാന യാത്ര. അന്നു പകല്‍ ബെംഗളൂരു മുഴുവന്‍ ചുറ്റിക്കറങ്ങി രാത്രിയില്‍ ഗരീബ് രഥ് എക്‌സ്പ്രസില്‍ കോട്ടയത്തേക്ക് മടങ്ങും. 78 വയസ്സുള്ള അമ്മൂമ മുതല്‍ ഇതുവരെ കോട്ടയത്തിനു പുറത്തേയ്ക്ക് യാത്ര ചെയ്യാത്തവര്‍ വരെ ടീമിലുണ്ട്. ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചത് ഗ്രൂപ്പിനു നേതൃത്വം നല്‍കുന്ന സാലി രാജനാണ്. കണ്ണൂരിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ വാട്‌സ്ആപ്പില്‍ കൈമാറിയ വിമാന യാത്രയുടെ ഫോട്ടോയാണ് ഇവര്‍ക്ക് പ്രചോദനമായത്.

എവിടെ പോണം, എങ്ങനെ യാത്ര ക്രമീകരിക്കണം, എത്ര പണം മാറ്റിവെക്കണം തുടങ്ങി യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ ആശയവും തൊഴിലുറപ്പ് തൊഴിലാളികളുടെതാണെന്ന് എബിസണ്‍ കെ. എബ്രഹാം വോക്ക് മലയാളത്തോട് പറഞ്ഞു. 24 പേരാണ് യാത്രക്കുള്ളത്. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കൂലിപ്പണിക്കാര്‍, കോളനികളില്‍ താമസിക്കുന്നവര്‍ തുടങ്ങി സാമൂഹിക-സാമ്പത്തിക സാഹചര്യം തീരെ ഇല്ലാത്ത ആളുകള്‍ ആണ് ഇവര്‍. പലവിധ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കേരളത്തില്‍ ഞങ്ങളും അടുക്കളയില്‍ ഒതുങ്ങേണ്ടവര്‍ അല്ല എന്ന ബോധ്യത്തില്‍ നിന്നുകൊണ്ടാണ് ഇങ്ങനെ ഒരു യാത്രക്ക് ഇവര്‍ തയ്യാറെടുത്തത് എന്ന് എബിസണ്‍ കെ. എബ്രഹാം പറഞ്ഞു.

‘അവര്‍ ഒരു വര്‍ഷത്തിനു മുമ്പാണ് വിമാന യാത്ര നടത്തണമെന്ന ആഗ്രഹം പറഞ്ഞത്. പണച്ചിലവ് ഉള്ളത് കൊണ്ട് ഒരു ദിവസത്തെ വേതനത്തില്‍ നിന്നും ചെറിയ തുക മാറ്റിവെച്ച് യാത്രക്കുള്ള കാര്യങ്ങള്‍ ചെയ്യാം എന്ന് അവര്‍ തന്നെയാണ് നിര്‍ദേശിച്ചത്. 311 രൂപയാണ് ഒരു ദിവസത്തെ വേതനം. കൊച്ചിയില്‍ നിന്നും ബെംഗളൂരിലേയ്ക്കാണ് വിമാനയാത്ര. ഭൂരിഭാഗം പേരും ട്രെയിന്‍ യാത്ര നടത്തിയിട്ടില്ലാത്തത് കൊണ്ട് തിരിച്ച് ട്രെയിനില്‍ ആണ് വരാന്‍ ആഗ്രഹിക്കുന്നത്. ഏകദേശം 5000 രൂപയാണ് ഒരാളാക്കുള്ള ചിലവ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇത് വലിയൊരു തുകയാണ്. അയ്യായിരത്തില്‍ 2500 രൂപ ഫ്‌ളൈറ്റ് ടിക്കറ്റ്, 840 ട്രെയിന്‍ ടിക്കറ്റ്, ബാക്കിയുള്ള തുക ഭക്ഷണം, ബെംഗളൂരിലെ യാത്ര തുടങ്ങിയവയ്ക്കാണ് വിനിയോഗിക്കുക.

വിമാനയാത്ര നടത്താന്‍ പോവുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍

സ്ത്രീകളെ സംബന്ധിച്ച് പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ സ്ത്രീകളെ സംബന്ധിച്ച്, ദൂര യാത്ര ചെയ്യാത്ത സ്ത്രീകളെ സംബന്ധിച്ച് ഈ യാത്ര അവരുടെ സ്വപ്ന പൂര്‍ത്തീകരണമാണ്. അവര്‍ തന്നെയാണ് റിപ്പബ്ലിക് ദിനം ഈ യാത്രയ്ക്കായി തെരഞ്ഞെടുത്തതും. അടുത്ത സ്വാതന്ത്ര ദിനത്തില്‍ ഡല്‍ഹിയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. കൂട്ടത്തില്‍ ഏറ്റവും പ്രായം ചെന്ന ആള്‍ക്ക് 78 വയസ്സുണ്ട്. 70 വയസ്സിനു മുകളില്‍ ഉള്ള രണ്ടു പേരുണ്ട്. കൂലിപ്പണി എടുക്കുന്ന ആളുകള്‍ ആയതുകൊണ്ട് എല്ലാവരും നല്ല ആരോഗ്യം ഉള്ളവരാണ്. പലരും ചോദിച്ചു, പഞ്ചായത്ത് എന്തെങ്കിലും ധനസഹായം ഇവര്‍ക്ക് കൊടുക്കുന്നുണ്ടോ എന്ന്. എന്നാല്‍ മറ്റുള്ളവരുടെ ധനസഹായം ഒന്നും അവര്‍ ആഗ്രഹിക്കുന്നില്ല. അവരുടെ തന്നെ വേതനത്തിന്റെ ഒരു തുക, അതുമതി ഇവരുടെ യാത്രയ്ക്ക്. ബെംഗളൂരില്‍ എത്തിയാല്‍ അവിടുത്തെ കാഴ്ചകള്‍ കാണാന്‍ ബസ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ബാനര്‍ഘട്ട നാഷണല്‍ പാര്‍ക്ക്, ലാല്‍ബാഗ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സ്ഥലങ്ങള്‍ പരിചയപ്പെടണം, വ്യത്യസ്ത സംസ്‌ക്കാരങ്ങള്‍ പരിചയപ്പെടണം, ട്രെയിന്‍, വിമാന യാത്ര നടത്തണം ഇതാണ് ഇവരുടെ ആഗ്രഹം.’, എബിസണ്‍ കെ. എബ്രഹാം പറഞ്ഞു.

കുഴിമറ്റം സെന്റ് ജോര്‍ജ് എല്‍പി സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ എബിസണ്‍ മുന്‍പ് സ്‌കൂള്‍ കുട്ടികളെ ഗ്രൂപ്പായി വിമാന യാത്രയ്ക്ക് കൊണ്ടു പോയി പരിചയമുള്ളയാളാണ്. തൊഴിലുറപ്പ് സ്ത്രീകളുടെ യാത്രയില്‍ സഹായത്തിനായി എബിസണ്‍ന്റെ ഭാര്യ എം സി ബിന്‍സിയും മകന്‍ എഡ്വിന്‍ എബ്രഹാമും ഒപ്പമുണ്ട്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.