Sun. Dec 22nd, 2024

ഇന്ത്യയെന്ന പരമാധികാര റിപബ്ലിക്‌ 74ാം വയസ്സിലേക്ക് കടക്കുമ്പോഴാണ് ബിബിസിയുടെ ‘മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി വിവാദമാകുന്നത്. 2016ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ കാണുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധരിച്ചിരുന്ന സ്വന്തം പേര് തുന്നി ചേര്‍ത്ത കോട്ടിന്റെ വില പത്ത് ലക്ഷത്തിന് മുകളിലായിരുന്നു. സമ്പന്നതയുടെ വസ്ത്രം ധരിച്ച്‌ ലോക നേതാക്കള്‍ക്ക് മുന്നില്‍ മോടി കാണിച്ച അതേ ഇന്ത്യന്‍ ഭരണാധികാരി നഗ്നനാണ് എന്ന് 2023ല്‍ ബിബിബിസി നമ്മോട് വിളിച്ച് പറയുകയാണ്. ഇന്ത്യ എന്ന പരമാധികാര റിപബ്ലിക്കിന്റെ ഭരണാധികാരി റിപബ്ലിക്കന്‍ ചിന്തക്ക് തന്നെ വിരുദ്ധമായ രാഷ്ട്രീയം പ്രവര്‍ത്തിച്ച്
വന്ന ഒരാളാണ് എന്ന് ബിബിസി പറയുന്നു.

ബിബിസി ഡോക്യുമെന്ററിയെ സംബന്ധിച്ചുള്ള കണിശമായ അഭിപ്രായ രുപീകരണത്തിന് ആ ഡോക്യുമെന്ററിയുടെ ഉള്ളടക്കം സംബന്ധിച്ച വിശദമായ വിവരങ്ങളുടെ ലഭ്യത വേണം. ലോകം മുഴുവന്‍ കണ്ടാലും ഇന്ത്യയില്‍ നിര്‍ഭാഗ്യവശാല്‍ നമുക്ക് നിലവില്‍ ആ ഡോക്യുമെന്റ്‌റി സ്വാതന്ത്ര്യത്തോടെ കാണാനാവില്ല. ഈ സാഹചര്യത്തില്‍ അതിന്റെ രാഷ്ട്രീയ പരിസരത്തെയും ധാര്‍മ്മിക ബോധത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമാണ് നമുക്ക് സാധ്യമാവുക.

ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ലെ ഗുജറാത്ത് കലാപത്തില്‍ നേരിട്ട് ഇടപ്പെട്ടയാളാണെന്നും മുസ്ലിമുകളെ തെരഞ്ഞ് പിടിച്ച് വംശഹത്യക്ക് വിധേയമാക്കാന്‍ നേൃതപരമായ പങ്ക് വഹിച്ച ആളാണെന്നുമുള്ള വലിയ ആരോപണങ്ങളാണ് ബിബിസി ഡോക്യമെന്ററി ഉയര്‍ത്തുന്നത്. ബിബിസിയുടെ ഡോക്യുമെന്ററി ഏതെങ്കിലും കാലത്ത് നടന്ന എതെങ്കിലും ഒരു സംഭവത്തെ കുറിച്ചുള്ള വെറും വിശദീകരണമല്ല മറിച്ച് തങ്ങളുടെ മുസ്ലിം പൗരന്മാര്‍ ഇന്ത്യയിലെ അവരുടെ ബന്ധുക്കളെ കുറിച്ച് പങ്കുവെച്ച ആശങ്കകള്‍ക്കുള്ള മറുപടിയാണ് എന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ബ്രിട്ടിഷ് ഫോറിന്‍ സെക്രട്ടറി ജാക്ക് സ്‌ട്രോ വ്യക്തമാക്കിയത്. ഇന്ത്യയിലെ അന്നത്തെ ബ്രിട്ടിഷ് ഹൈ കമ്മീഷണര്‍ ഗുജറാത്ത് കലാപത്തില്‍ മോദി നേരിട്ട് ഇടപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് നല്‍കിയെന്നും  വംശീയ ഉന്മുലനം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് ഗുജറാത്തില്‍ അന്ന് നടന്നത് എന്നും ജാക്ക് സ്‌ട്രോ സംശയലേശമന്യേ വ്യക്തമാക്കുന്നു.

2002 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നടന്ന കലാപത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഇത് വരെ നിരന്തരം വായിച്ചവരെ സംബന്ധിച്ച് ഈ ആരോപണത്തില്‍ ഞെട്ടലുണ്ടാകേണ്ട കാര്യമില്ല. കലാപത്തിന് പിന്നാലെ ഉയര്‍ന്ന് വന്നത് വെറും ആരോപണങ്ങള്‍ മാത്രമായിരുന്നില്ല .തെളിവുകള്‍ എന്ന അര്‍ത്ഥത്തിലുള്ള സുപ്രധാന രേഖകള്‍, പോലീസ് ഉദ്യോഗസ്ഥരുടെയും കലാപത്തില്‍ പങ്കെടുത്തവരുടെയും വെളിപ്പെടുത്തലുകള്‍, ഇരകളുടെയും ദൃസാക്ഷികളുടെയും മൊഴികള്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ലേഖനങ്ങള്‍ എന്നിങ്ങനെ കലാപത്തിന് പിന്നിലെ ആസുത്രണം സംബന്ധിച്ച് പല കാലത്തും പല രീതികളിലും ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.

ഗോധ്രയില്‍ തീവണ്ടിയില്‍ സഞ്ചരിച്ചവര്‍ക്കു നേരെ നടന്ന ആക്രമണം ആസൂത്രിതമോ സംഘടിതമോ അല്ലായിരുന്നിട്ടും അതിന്റെ പ്രത്യാഘാതമെന്ന നിലയില്‍ ഒരു വര്‍ഗീയകലാപം ഉയര്‍ന്ന് വന്ന സാഹചര്യം വലിയ സംശയങ്ങള്‍ക്കാണ് തുടക്കമിട്ടത്. ഹിന്ദുവികാരം അണപൊട്ടിയൊഴുകി അക്രമത്തിലേക്ക് നീങ്ങുമ്പോള്‍ അതിനെ തടയേണ്ടതില്ല എന്ന് ഭരണകൂടം തീരുമാനിച്ചതായി പുറത്തുവന്ന വിവരങ്ങള്‍. കലാപത്തിനിടയില്‍ നടന്ന ഗുല്‍ബര്‍ഗ്, നരോദപാട്യ, ബെസ്റ്റ്ബേക്കറി കൂട്ടക്കൊലകള്‍ തടയാതെ സംസ്ഥാന സര്‍ക്കാരും പോലീസും പുലര്‍ത്തിയ അവിശ്വസനീയമായ ഉദാസീനത. കലാപത്തിനു ശേഷം നടന്ന ചില കൊലപാതകങ്ങള്‍ക്ക്  ഉത്തരം കിട്ടാത്തതൊക്കെ സംശയങ്ങളുടെ ആഴം വര്‍ധിപ്പിച്ചു.

2002 ഫെബ്രുവരി 27ന് രാത്രി നടന്ന ഉന്നതതല സമിതി യോഗത്തില്‍ ഗോധ്ര കൂട്ടക്കൊലയ്ക്കു ഹിന്ദുക്കള്‍ തിരിച്ചടിക്കുമെന്നും അത് തടയേണ്ടതില്ലെന്നുമുള്ള നിലപാട് സ്വീകരിച്ച സര്‍ക്കാരിനെതിരെ ബിജെപി നേതാവും മന്ത്രിയുമായിരുന്ന ഹരണ്‍ പാണ്ഡ്യ രംഗത്തുവന്നിരുന്നു. കലാപത്തെക്കുറിച്ചന്വേഷിച്ച ജനകീയ കമ്മീഷനു മുന്നില്‍ അക്കാര്യങ്ങള്‍ അദ്ദേഹം അതു തുറന്നു പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായി. കലാപം നടന്ന് ഒരു വര്‍ഷം കഴിഞ്ഞ് 2003 മാര്‍ച്ച് 26ന് കാറിനുള്ളില്‍ വെടിയേറ്റു മരിച്ചനിലയില്‍ പാണ്ഡ്യയെ കണ്ടെത്തി. നരേന്ദ്ര മോദിയാണ് വധത്തിനു പിന്നിലെന്നാണ്‌ പാണ്ഡ്യയുടെ പിതാവും ഭാര്യയും  ആരോപിച്ചത്.

സഞ്ജീവ് ഭട്ട് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ 2011 ഏപ്രില്‍ 14നാണ് നരേന്ദ്രമോദിക്ക് ഗുജറാത്ത് വംശഹത്യയിലുള്ള പങ്ക് വ്യക്തമാക്കുന്ന സത്യവാങ്ങ്മുലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നത്. ഗോധ്ര തീവെപ്പിന് തൊട്ടുപിന്നാലെ മുഖമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കുകയും വര്‍ഗ്ഗിയ ആക്രമണങ്ങള്‍ക്കെതിരേ യാതൊരു നടപടിയും കൈകൊള്ളാതിരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ഹരേണ്‍ പാണ്ഡ്യ വധകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അസ്ഗര്‍ അലിയില്‍ നിന്ന് തുള്‍സി പ്രജാപതിയാണ് പാണ്ഡ്യയേ കൊന്നത് എന്നതിന് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി അറിയിച്ചെങ്കിലും തെളിവുകളെല്ലാം നശിപ്പിച്ച് നിശബ്ദനാകാനാണ്‌ അമിത് ഷാ ആവശ്യപ്പെട്ടത് എന്ന്‌ സഞ്ജീവ് ഭട്ട് പറയുന്നു. കസ്റ്റഡി മരണ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ് ഇന്ന് സഞ്ജീവ് ഭട്ട്.

ഗുജറാത്ത് കലാപത്തിനിടയില്‍ ഭരണകൂടം പുലര്‍ത്തിയ കുറ്റകരമായ ഉത്തരവാദിത്വമില്ലായ്മ വംശഹത്യക്കു നല്‍കിയ മൗനാനുമതി തന്നെയെന്ന് സംശയിക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ നിരവധിയാണ്. ഗുല്‍ബര്‍ഗ് കൂട്ടക്കൊലയെന്നറിയപ്പെടുന്ന സംഭവത്തില്‍ കവിയും കോണ്‍ഗ്രസ് എംപി.യായിരുന്ന എഹ്സന്‍ ജാഫ്രിക്കൊപ്പം അദ്ദേഹം അഭയം കൊടുത്ത 69 പേരെയും കലാപകാരികള്‍ കൊന്നു തീയിട്ടു.അക്രമികള്‍ അദ്ദേഹത്തെ ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് നഗ്‌നനാക്കി വലിച്ചിഴച്ച് ആയുധങ്ങള്‍ ഉപയോഗിച്ച് മാരകമായി പരുക്കേല്‍പ്പിച്ചു. അദ്ദേഹത്തോട് വന്ദേമാതരവും ജയ് ശ്രീരാമും വിളിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം അദ്ദേഹത്തിന്റെ വിരലുകളും പിന്നീട് കൈകളും കാലുകളും ഓരോന്നായി വെട്ടിമുറിച്ചു. ഒരു തടിയില്‍ ചേര്‍ത്ത് കെട്ടി തീ കത്തിക്കുമ്പോഴും അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. ഇതൊക്കെ സംബന്ധിച്ച് നിരവധി വിവരങ്ങളാണ് ലേഖനങ്ങളായും പുസ്തകങ്ങളായും മൊഴികളായും ഒക്കെ  പുറത്ത് വന്നത്‌.

ഗുജറാത്ത് ലഹളയില്‍ ഏകദേശം മുന്നൂറോളം സ്ത്രീകള്‍ മാനഭംഗത്തിന് ഇരയാവുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെ കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കിസ് ബാനുവിന്റെ കഥ നമ്മള്‍ മറക്കാനും മാത്രം കാലമായില്ലല്ലോ.

2002ല്‍ മോദി ദേശിയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ട ആളായിരുന്നില്ല. 1990ല്‍ അദ്വാനിയും സംഘവും ആസൂത്രണം ചെയ്തു നടപ്പാക്കിയ രഥയാത്ര കലാപത്തിലുടെ സംഘപരിവാറിനും ബിജെപിക്കും ലഭിച്ച മുന്നേറ്റത്തിനെക്കാള്‍ വലുതായിരുന്നു ഗുജറാത്തിന് കലാപത്തിന് പിന്നാലെ മോദിക്കും കൂട്ടര്‍ക്കും നേടാനായത്. ഈ ചര്‍ച്ചകള്‍ക്കൊക്കെ ഒരു പരിധി വരെ തടയിടപ്പെട്ടത് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്ന ഏറ്റവും മാസ്മരിക പ്രഭാവവമുള്ള നേതാവ് എന്ന നിലയില്‍ മോദിയെ സംഘപരിവാര്‍ ഉയര്‍ത്തി കാട്ടി തുടങ്ങിയതോടെയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഏറ്റവും വലിയ ജനപിന്തുണയാടെ രണ്ടാമതും മോദി അധികാരത്തിലേറിയപ്പോള്‍ സ്വാഭാവികമായും ഈ ചര്‍ച്ചകള്‍ വീണ്ടും മുഖ്യധാരയുടെ ശ്രദ്ധയില്‍ നിന്ന് മുങ്ങിപോയി. ഒരു പരിധി വരെ പരമോന്നത നീതി പീഠത്തിന്റെ വിധികളിലുടെയും മോദി എന്ന പ്രധാനമന്ത്രിക്കും മോദി എന്ന മനുഷ്യനും കുറ്റാരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായകരമായി.

രണ്ട് പതിറ്റാണ്ടിന് മുന്‍പ് നടന്ന ഒറ്റപ്പെട്ട സംഭവം എന്നതിനെക്കാള്‍ 2002ന് ശേഷം ബിജെപിയും മോദിയും രണ്ട് തവണ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചായി മുസ്ലിം വിഭാഗത്തിന് എതിരെയും അഥവാ ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കുന്നതിന്റെ ഭാഗമായും അവര്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പ്രവൃത്തികളും പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നുണ്ട്.അത് കൊണ്ട തന്നെ നിയമപരമായി ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടി എന്ന് പറയുമ്പോഴും ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണാധികാരി എന്ന നിലയില്‍ രാഷ്ട്രീയപരമായും ധാര്‍മ്മികപരമായും രാജ്യത്തെ സാധാരണക്കാരോട് ഉത്തരം പറയേണ്ട പരിസരം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ തന്നെയാണ് ബിബിസിയുടെ ഡോക്യുമെന്ററി വിവാദമാകുന്നത്.

അതേസമയം തന്നെ രണ്ട് പതിറ്റാണ്ട് മുന്‍പ് നടന്ന ഇത്രയും രേഖകളുള്ള സംഭവത്തെ സംബന്ധിച്ച് ഇന്ന് 2023 ല്‍ ബിബിസിക്ക് പ്രക്ഷേപണം ചെയ്യണ്ടേി വന്നത് എങ്ങിനെയെന്നും വ്യക്തമാകേണ്ടതുണ്ട്. കോളോണിയല്‍ അധീശത്വത്തിന് കീഴില്‍ കഴിഞ്ഞിരുന്ന ഒരു രാജ്യത്തെ ഇന്നത്തെ ജനാധിപത്യ ഭരണാധികാരിയെ വിമര്‍ശനത്തിന്റെയും ഗൗരവകരമായ ആരോപണത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പരിപാടിയുടെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്.ഹിറ്റ്ലറുടെ നാസിപാര്‍ട്ടിയോടും ഹോളോകാസ്റ്റിനോടും തുലനം ചെയ്തുകൊണ്ടാണ് പൊതുവില്‍  അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ സാഹചര്യത്തെ വിശകലനം ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയിലെ ഫാഷിസത്തിന് സംഘപരിവാര്‍ വര്‍ഗ്ഗീയ ഹിന്ദുത്വ ഐഡിയോളജിയുടെ പിന്തുണയുണ്ടെന്നും അത് മറ്റൊരു തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന ബോദ്ധ്യമാണ് ഇവിടെ അനിവാര്യം. അങ്ങിനെയെങ്കില്‍ വളരെ കൃത്യമായി ഗോധ്ര കലാപത്തില്‍ ആര്‍എസ്എസിന്റെ പങ്ക് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പിന്നെ എന്ത് കൊണ്ടാകാം മോദി മാത്രം ചോദ്യം ചെയ്യപ്പെടുന്നത്. ഇതിലും വ്യക്തത വരണമെങ്കില്‍ ഡോക്യമെന്ററിയുടെ ഉള്ളടക്കം ബോദ്ധ്യപ്പെടേണ്ടതുണ്ട്. മോദിയെ മാത്രം കുറ്റവാളിയാക്കി അമിത് ഷായും ആര്‍എസ്എസ് നേതൃത്വവും രക്ഷപ്പെട്ടാല്‍ നാളെ അത് രാജ്യത്തിന് ഏറ്റവും വലിയ ദോഷങ്ങളാകും സമ്മാനിക്കുക.

നരേന്ദ്രമോദിയും അനുയായികളും ഹിന്ദുത്വ സംഘടനകളും മുന്നോട്ട് വെക്കുന്ന ആരോപണം ബിബിസി ഡോക്യുമെന്ററി കോളോണിയല്‍ വാഴ്ചയുടെ പുത്തന്‍ പതിപ്പാണ് എന്നാണ്. തീര്‍ച്ചയായും കോളോണിയല്‍ അധിനിവേശവും ദേശങ്ങള്‍ക്ക് മേലുള്ള കോളനിവത്കരണ രാജ്യങ്ങളുടെ അധീശത്ത മനോഭാവവും ഇന്നും പല രൂപങ്ങളിലും പ്രകടമാകുന്നുണ്ട്. അതേസമയം സ്വതന്ത്രമായി പരിശോധിക്കുമ്പോള്‍ ഇത്തരെമാരു ആരോപണത്തിന്റെ രാഷ്ട്രിയവും ധാര്‍മ്മികവുമായ പരിസരത്തെ സംബന്ധിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൃത്യമായ ധാരണ ലഭ്യമാക്കാനുള്ള ജനാധിപത്യ ഉത്തരവാദിതം ഭരണകൂടത്തിനുണ്ട്. അതിനായി ചെയ്യേണ്ട ആദ്യത്തെ കാര്യം ഈ ഡോക്യുമെന്ററിയുടെ ഉള്ളടക്കം ഈ വലിയ ജനാധിപത്യ ജനതക്ക് സ്വതന്ത്രമായി ലഭ്യമാകും വിധം സംപ്രേക്ഷണാനുമതി നല്‍കുകയാണ്‌.

ബിബിസിയുടെ ഡോക്യുമെന്ററി സ്വതന്ത്രമായി കാണാന്‍ അനുവദിക്കുകയാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ മോദിക്കും മോദി ഭരണത്തെ അനുകൂലിക്കുന്നവര്‍ക്കും രണ്ട് ലക്ഷ്യങ്ങള്‍ നേടാനാവും. ഒന്നാമത്തേത് ബ്രിട്ടന്റെ ബിബിസി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്ത പ്രതികരണം സ്വന്തം ജനതക്ക് സുതാര്യമായി എണ്ണിയെണ്ണി പറഞ്ഞ് മോദിക്കും കൂട്ടര്‍ക്കും അഗ്നിശുദ്ധി വരുത്തി പുറത്തിറങ്ങാം. രണ്ടമത്തേത് അല്‍പ്പം കൂടി ഗൗരവമുള്ള വിഷയമാണ്. മോദി സര്‍ക്കാരിന്റെ ഒന്നാം കാലയളവ് മുതല്‍ ഇങ്ങോട്ട് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് സംബന്ധിച്ച് ആഗോലതലത്തില്‍ പോലും നിരവധി ചര്‍ച്ചകള്‍ക്ക്‌ കാരണമായതാണ്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത് ഇക്കാലയളിവിലാണ്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപോര്‍ട്ടേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന സംഘടന തയ്യാറാക്കിയ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക അുസരിച്ച് 180 രാജ്യങ്ങളുടെ പട്ടികയില്‍ 150ാം സ്ഥാനത്താണ്‌ ഇന്ത്യ. 2021ല്‍ പുറത്തുവിട്ട സൂചിക റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു.

മാധ്യമങ്ങളുടെ വാ മൂടി കെട്ടുന്ന മോദി സര്‍ക്കാര്‍ എന്ന് വിലയിരുത്തുന്ന വലിയൊരു വിഭാഗം ജനതക്ക് മുന്നില്‍ ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സര്‍ക്കാരെന്ന് തെളിയിക്കുമോ എന്ന് ചോദിക്കുമ്പോഴും ഒരു കാര്യം കൂടി ഓര്‍ക്കേണ്ടി വരും. ഗോധ്ര കലാപകാലത്തെ സംബന്ധിച്ച് എന്തെങ്കിലും തിരുത്താനാവുമായിരുന്നോ എന്ന ചോദ്യത്തിന് മോദി ബിബിസി മാധ്യമപ്രവര്‍ത്തകക്ക് നല്‍കിയ മറുപടി മാധ്യമങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിച്ചില്ല എന്ന് മാത്രമായിരുന്നു.തുറന്ന സംവാദത്തിലുടെയും സുതാര്യതയിലുടെയും പരിഹരിക്കേണ്ട വിഷയം റിട്ടയര്‍ഡ് ജഡ്ജിമാരെയും ഉദ്യോഗസ്ഥരെയും കൂട്ട് പിടിച്ച് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒന്ന് കൂടി ആളിക്കത്തി എന്നതാണ് യാഥാര്‍ത്ഥ്യം. സ്വതന്ത്രമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുമ്പോള്‍ മാത്രമേ കോളോണിയല്‍ അധിനിവേശത്തിന് എതിരായ നമ്മുടെ സമരം അര്‍ത്ഥവത്താവുകയുള്ളു.

ഇന്ത്യ എന്ന രാജ്യം ഒരു പരമാധികാര റിപബ്ലിക്കായി മാറിയതിന് പിന്നില്‍ പതിനായിരകണക്കിന് രാജ്യസ്‌നേഹികളുടെയും ദേശാഭിമാനികളുടെയും ചോരയും നീരുമുണ്ട്. അന്ന് ആ പോരാട്ടത്തിന് നേതൃത്വം നല്‍കിയ മനുഷ്യനെ ഇതേ കോളനി രാജ്യത്തെ പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ വിളിച്ചത് അര്‍ദ്ധ നഗ്നനായ ഫക്കീര്‍ എന്നായിരുന്നു. എന്നാല്‍ ആ നഗ്നതക്കും 2023ല്‍ നഗ്നനായി നില്‍ക്കുന്ന ഭരണാധികാരിക്കും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ട്.