ആസാദി എന്ന താങ്കളുടെ പുസ്തകത്തില്‍ ഒടുക്കത്തിന്റെ സൂചനകള്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ പറയുന്നു. ‘ ലോകമെമ്പാടുമുള്ള തെരുവീഥികളില്‍ പ്രക്ഷോപത്തിന്റെ മുഴക്കമാണിപ്പോള്‍. ചിലിയിലും കാറ്റലോനിയയിലും ബ്രിട്ടനിലും ഫ്രാന്‍സിലും ഇറാഖിലും ഹോങ്കോങ്ങിലും ഒക്കെ അതാണ് അവസ്ഥ. ഭുമിയുടെ മേല്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കതിരേ പുതുതലമുറ വേറിട്ട പ്രതിഷേധ രീതികളുമായി രംഗത്തുണ്ട്. അത്തരമൊരു കാലത്ത് പ്രതിഷേധങ്ങള്‍ നിലച്ച് പോയ ചില തെരുവീഥികളെ കുറിച്ച് ഇവിടെ പറയേണ്ടി വരുന്നതില്‍ എനിക്ക് അതിയായ വ്യസനമുണ്ട് ‘ എന്ന്. മൂര്‍ത്തമായി തന്നെ അത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നു എങ്കില്‍ അവിടെ എഴുത്തുകാരുടെ ദൗത്യം എന്താണ്?
എനിക്ക് തോന്നുന്നില്ല എല്ലാ എഴുത്തുകാര്‍ക്കും ഒരൊറ്റ ലക്ഷ്യം വേണമെന്ന്. ലോകം വൈവിധ്യങ്ങളും സങ്കീര്‍ണ്ണതകളും നിറഞ്ഞതാണ്. പല തരത്തിലുമുള്ള എഴുത്തുകാരുമുണ്ട്. അങ്ങിനെയുള്ള ഒരു ലോകത്ത് എഴുത്തുകാര്‍ക്ക് നിയമങ്ങള്‍ നല്‍കാനാകില്ല. അവര്‍ എന്ത് എഴുതാനും സ്വാതന്ത്യമുള്ളവരാകണം. വളച്ചൊടിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലുടെയാണ് കടന്ന് പോകുന്നത്. ഈ കാലഘട്ടത്തിന്റെ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കുക എന്നത് എഴുത്തുകാര്‍ക്ക് വെല്ലുവിളിയാണ്. അത് കൊണ്ട് തന്നെ അവരുടെ ലക്ഷ്യങ്ങള്‍ എന്താകണം എന്താകരുത് എന്നത് സംബന്ധിച്ച് നമുക്ക് നിയമങ്ങള്‍ നല്‍കാനാവില്ല.
അടിയന്തിരാവസ്ഥ കാലത്ത് മുട്ടിലിഴഞ്ഞ മാധ്യമങ്ങളെ കുറിച്ച് ഇന്ന് പറയുമ്പോള്‍ ഇരുണ്ട കാലമെന്നാണ് വിശേഷിപ്പിക്കാറ്. ഇന്ന് ഫാഷിസം വീണ്ടും പിടിമുറുക്കുന്ന കാലത്ത് നാം ഇന്ത്യയുടെ ആത്മാവിന് വേണ്ടിയാണ് പോരാടുന്നത് എന്നാണ് താങ്കള്‍ തന്നെ പറഞ്ഞിട്ടുള്ളത്. അവിടെയല്ലേ ഈ മൗനം വിമര്‍ശിക്കപ്പെടുന്നത്?
ഫാഷിസം യുറോപ്പിലുണ്ടായിരുന്നപ്പോഴും എത്രേയാ എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്രസംവിധായകരും ഫാഷിസത്തിനൊപ്പമായിരുന്നു. കുറേ പേര്‍ എതിര്‍ത്തിരുന്നു. അത് പോലെ തന്നെയാണ് ഇന്നും. നമ്മുടെ നേര്‍ക്ക് വരുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ നമ്മുടെ മദ്ധ്യവര്‍ഗ്ഗ ബുദ്ധിജീവികള്‍ക്ക് കുറച്ച് സമയമെടുത്തു. ഇപ്പോള്‍ പോലും ഇത്രയുമൊക്കെ നടക്കുന്നതിനിടയിലും പ്രത്യഘാതം ഗുരുതരമായിരിക്കും എന്നതിനാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നത്. സാധാരണഗതിയില്‍ ഫാഷിസം പ്രയോഗിക്കുന്നത് ഭരണകൂടമോ, പോലീസോ മാദ്ധ്യമങ്ങളോ മാത്രമാണ്. എന്നാല്‍ ഇന്ന് പ്രത്യേകിച്ച് വടക്കെ ഇന്ത്യയില്‍ ഫാഷിസം ദൈനംദിനം ജീവതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു. അത് കൊണ്ട് തന്നെ ബുദ്ധിജീവികളും, മാദ്ധ്യമപ്രവര്‍ത്തകരും, എഴുത്തുകാരുമൊക്കെ ആയി നിരവധി പേര്‍ ഈ പ്രോജക്ടറ്റിന്റെ ഭാഗമാണ്. ചിലരൊക്കെ ഭയപ്പെടാതെ പ്രതിരോധിക്കുന്നുണ്ട്. പക്ഷെ നിരവധി പേര്‍ മോശമായോ സൂക്ഷമമായ രീതിയിലോ ഒക്കെ അതില്‍ പങ്കാളികളാകുന്നുണ്ട്. ചുരുക്കത്തില്‍ ഫാഷിസം ഭരണകൂടത്തിന്റെ മാത്രം കാര്യമല്ല എന്ന ഘട്ടത്തിലാണ് നമ്മള്‍ എത്തി നില്‍ക്കുന്നത്.
ഭരണകൂടത്തിന്റെ സകലമാന ഉപകരണങ്ങളും ഹിന്ദുത്വവാദികളുടെയും അവരെ പിന്തുണക്കുന്ന കോര്‍പറേറ്റുകളുടെയും കൈപിടിയില്‍ ഒതുങ്ങുന്ന കാലമാണ് എന്ന് താങ്കള്‍ തന്നെ പലപ്പോഴും ഓര്‍മിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ എന്‍ഡിടിവി യില്‍ നിന്ന് പ്രണോയ് റോയ് വരെ ഇറങ്ങേണ്ടി വന്ന അവസ്ഥയില്‍ ഇന്ത്യന്‍ മാധ്യമരംഗത്തിന്റെ ഭാവിയെ കുറിച്ച് എന്താണ് പറയാനുള്ളത്?
1990 മുതല്‍ തുടങ്ങിയ കാര്യമാണിത്. മാദ്ധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലെ ഘടനയും ഭരണഘടനാധിഷ്ഠതമായ ജനാധിപത്യ രാജ്യത്ത് മാദ്ധ്യമങ്ങള്‍ വഹിക്കേണ്ട ചുമതലയും തമ്മില്‍ വലിയ തര്‍ക്കമാണുള്ളത്. നമുക്ക് ഇപ്പോഴുള്ളത് ഗുരുതരമായ കോര്‍പറേറ്റ് താല്‍പര്യങ്ങളുള്ളവരുടെ ഉടമസ്ഥതതയിലുള്ള മാദ്ധ്യമങ്ങളുടെ കാലമാണ്. അവര്‍ക്ക് കോര്‍പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടത്തിനോട് സന്ധി ചെയ്യേണ്ടതായിട്ടുണ്ട്്. കോര്‍പറേറ്റുകളും മാദ്ധ്യമങ്ങളും ഭരണകൂടവും ഒന്നിച്ച് നില്‍ക്കുകയാണിന്ന്. ഇന്നത്തെ മാദ്ധ്യമങ്ങള്‍ അശക്തരല്ല മറിച്ച് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഭാഗമാണ് എന്നതാണ് ശ്രദ്ധേയം.
ഇന്ത്യയില്‍ ഇന്ന് ഇറാനിലെ ഹിജാബ് പ്രക്ഷോഭത്തെയും അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നവര്‍ തന്നെ കശ്മീരിയലെയും കര്‍ണ്ണാടകത്തിലെയും പ്രതിഷേധങ്ങളില്‍ സ്വീകരിക്കുന്നത് മറ്റൊരു നയമാണ്. എന്തായിരിക്കാം കാരണം?
എല്ലാ സംസ്‌കാരത്തിലും പറയാന്‍ പറ്റുന്നതും പറയാന്‍ പറ്റാത്തതുമായ കാര്യങ്ങളുണ്ട്. പലസ്തീനിനെ കുറിച്ച് പറയാം പക്ഷെ കശ്മിരിനെ കുറിച്ച് പറയാന്‍ പറ്റില്ല. അമേരിക്കയില്‍ കശ്മിരീനെ കുറിച്ച് പറയാം പലസ്തീനിനെ കുറിച്ച് പറ്റില്ല. ഇറാനിലെ സ്ത്രീകള്‍ ഡോക്ടര്‍മാരും അദ്ധ്യാപകരുമൊക്കെയായി വിവിധ പദവികളില്‍ എത്തിചേര്‍ന്നവരാണ്. പക്ഷെ അവര്‍ക്ക് ശിരോവസ്ത്രം ധരിക്കാനിഷ്ടമല്ല. കര്‍ണ്ണാടകത്തില്‍ ശിരോവസ്ത്രം ധരിക്കണമെന്നാഗ്രഹിക്കുന്നവരാണ്
ആസാദി’ എന്ന പുസ്തകത്തില്‍ ‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്കസി’നെ പറ്റി താങ്കള്‍ കൃത്യമായി പറയുന്നു……. കേരളത്തിലേക്ക് വന്നപ്പോഴാകട്ടെ അവിടുത്തെ സ്വീകരണവും ഒട്ടും മാജിക്കലായിരുന്നില്ല. 1956 മുതല്‍ കേരളം ഭരിച്ച കമ്മ്യുുണിസ്റ്റ് പാര്‍ട്ടിക്ക് ‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്ക്‌സ്’ ഒട്ടും സ്വീകാര്യമായില്ല. ആ നോവല്‍ പാര്‍ട്ടി വിമര്‍ശനമായി പരിഗണിക്കപ്പെട്ടു എന്ന്. ഞാന്‍ പെട്ടന്ന് പാര്‍ട്ടി വിരുദ്ധയായി. ഒരു മുഴുനീള സാമ്രാജ്യത്വ മൂരാച്ചിയായി എന്ന്… കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി വിമര്‍ശകര്‍ നേരിടുന്ന പ്രധാന പ്രശ്‌നമിതാണ്. എന്നാല്‍ ചിലരെങ്കിലും സര്‍ക്കാരിന്റ വികസന നയങ്ങളോരോന്നും സിംഗൂറും നന്ദിഗ്രാമും ഉള്‍പ്പടെയുള്ള ചരിത്രം നിരന്തരം ഓര്‍മ്മിപ്പിച്ചാണ് വിമര്‍ശിക്കുന്നത്?
എനിക്ക് തോന്നുന്നത് കോണ്‍ഗ്രസ് ഭരണകൂടമാണെങ്കിലും ഇടത് ഭരണകൂടമാണെങ്കിലും ഓര്‍മ്മിപ്പിക്കല്‍ ആവശ്യമാണ്. നര്‍മ്മദയുടെ കാര്യമെടുത്താല്‍ ഇടതുപക്ഷം ഒരിക്കലും പിന്തുണച്ചിട്ടില്ല. വലിയ അണക്കെട്ടിനെയും സമ്പദ് വ്യവസ്ഥയിലെ ആജ്ഞാശക്തിയുള്ള ശീര്‍ഷകങ്ങള്‍ സംബന്ധിച്ച ആശയമായിരുന്നു വിശ്വാസം. ഇന്നിപ്പോള്‍ ജനാധിപത്യ സംവിധാനത്തിലെ ഇടതുപക്ഷം പരിസ്ഥിതി പ്രശ്നങ്ങളും കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ നാടകങ്ങളെയും മുമ്പ് മനസ്സിലാക്കിയിരുന്നതിനെക്കാള്‍ നന്നായി മനസ്സിലാക്കണമെന്ന് നാം ആഗ്രഹിക്കുകയാണ്. അവര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നതാണ് പ്രധാനം.
പുരോഗമന കേരളം എന്ന് നാം അഭിമാനിച്ചിരുന്നിടത്ത് നിന്ന് ഇത് ചര്‍ച്ച ചെയ്യേണ്ടി വരുന്നതില്‍ ഒരു വൈരുദ്ധ്യം ഇല്ലേ?
ഞാന്‍ പറയുന്നത് വലിയ വ്യത്യാസമുണ്ട് എന്ന് തന്നെയാണ്. ഡല്‍ഹിയിലൊക്കെ താമസിച്ച് നോക്കണം. ഇവിടെ ജനങ്ങള്‍ കൂടുതല്‍ സംസ്‌കാരമുള്ളവരും അവകാശങ്ങളെകുറിച്ച് ബോദ്ധ്യമുള്ളവരുമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ഭേദമെന്നേ ഞാന്‍ പറയുകള്ളു. എല്ലാം കുറ്റമറ്റത് എന്നല്ല. എല്ലാം തികഞ്ഞ ഭരണകൂടമുള്ള പ്രതിരോധിക്കണ്ട ആവശ്യമില്ലാത്തിയിടം എന്നത് ഒരിക്കലും സാധ്യമല്ല. ഇടതോ വലതോ ആര് ഭരിച്ചാലും. കേരളത്തില്‍ ഒരു സമരം വേണ്ട പ്രതിരോധം വേണ്ട എന്ന സാഹചര്യം ഒരിക്കലുമുണ്ടാകില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങിനെയെന്നത് സംബന്ധിച്ച് എപ്പോഴും കണ്ണ് തുറന്നിരുന്ന് പരിശോധിക്കേണ്ടതുണ്ട്.
ഹിന്ദുത്വ സര്‍ക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവനകളില്‍ ഒന്ന് എനിക്ക് തോന്നുന്നത് അര്‍ബന്‍ നക്‌സല്‍ തന്നെയാണ് എന്ന്. ഭരണകൂട ഭീകരത്വം, കോര്‍പ്പറേറ്റിസം, മനുഷ്യവകാശ ധ്വംസനങ്ങള്‍ എന്നിവക്ക് ഒക്കെ എതിരായ ഏത് രാഷ്ട്രീയത്തെയും പ്രയോഗത്തെയും അര്‍ബന്‍ നക്‌സല്‍ എന്ന ഒരൊറ്റ രാഷ്ട്രീയസംജ്ഞ കൊണ്ട് മുനയൊടിക്കുന്ന പ്രതിഭാസം തന്നെയാണ് എങ്ങും. വലതുപക്ഷ ബിന്ദുത്വത്തിന്റെ നേര്‍വിപരീതവും പ്രത്യക്ഷത്തില്‍ പ്രതിരോധവും എന്ന തരത്തില്‍ ഇടത് രാഷ്ട്രീയമാണ് കേരളത്തില്‍ ഉള്ളത്. എന്നാല്‍ കേരളത്തിലും നക്‌സലുകളെ വെടിവെച്ച് കൊലപ്പെടുത്തുന്നു, വിചാരണകളില്ലാതെ ജയിലിലടക്കപ്പെടുന്നു. വികലവികസനങ്ങള്‍ക്കെതിരും പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്നവര്‍ ഒക്കെ തന്നെ നക്‌സലൈറ്റുകളും തീവ്രവാദികളുമായി മുദ്രകുത്തപ്പെടുത്തുകയും ചെയ്യുന്നു. എങ്ങിനെ കാണുന്നു ഈ രാഷ്ട്രീയത്തിന്റെ വിരുദ്ധയോക്തിയെ?
നക്സലുകള്‍, ജിഹാദികള്‍ തുടങ്ങിയ മുദ്രകുത്തലൊക്കെ കൃത്യമായ ലക്ഷ്യം വെച്ചാണ്. പഴഞ്ചൊല്ല് അനുസ്മരിപ്പിക്കും വിധം ആദ്യം ആരോപണമുന്നയിച്ച് മുദ്ര കുത്തിയശേഷം ആക്രമിക്കുന്നതാണ് രീതി. പ്രതിരോധമുയര്‍ത്തുന്ന എല്ലാവരേയും, കര്‍ഷകരേയും, ആദിവാസികളെയും ദളിതരേയുമൊക്കെ ഇത്തരത്തില്‍ ജിഹാദികളെന്നോ തീവ്രവാദികളെന്നോയൊക്കെ മുദ്ര കുത്തിയ ശേഷം ആക്രമിക്കുന്നത് പ്രതിരോധങ്ങളെ അടിച്ചമര്‍ത്താനാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
ദുര്‍ബലരായ മനുഷ്യര്‍ വളഞ്ഞാക്രമിക്കപ്പെടുകയും നിശബ്ദമാക്കപ്പെടുകയും ചെയ്യുന്നു. ശബ്ദമുയര്‍ത്തുന്നവരെ തുറങ്കിലിടുന്നു. ഈ രാജ്യത്തെ ഇനി തിരികെ കൊണ്ട് വരാന്‍ ദൈവത്തിന് മാത്രമേ സാധിക്കു എന്ന് താങ്കള്‍ ആസാദിയിലെ ലേഖനത്തില്‍ പറയുന്നു. 2024ല്‍ രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്.. ഇന്ത്യന്‍ ജനത തിരുത്തലുകള്‍ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കേണ്ടതുണ്ടോ?
2025ൽ ആര്‍എസ്എസിന് 100 വയസ്സ് പൂര്‍ത്തിയാകും. ഹിന്ദുത്വ രാഷ്ട്രമെന്ന അവരുടെ സ്വപ്നം ആഘോഷിക്കാനുള്ള നീക്കത്തിലാണ് അവര്‍. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെല്ലാം സന്ധിചെയ്യപ്പെട്ട അവസ്ഥയിലാണ്. ഇലക്ട്രറല്‍ ബോണ്ടുകള്‍ ബിജെപിയെ ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും സമ്പത്തുള്ള പാര്‍ട്ടിയായി മാറ്റിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വടക്കെ ഇന്ത്യയില്‍ നിന്ന് കൊണ്ട് ഒരു തെരഞ്ഞെടുപ്പിനെ വീക്ഷിക്കുമ്പോള്‍ ഫെറാറിയോ മെഴ്സിഡസ് കാറോ സൈക്കിളിനോട് മത്സരിക്കുന്നത് പോലെയാണ് തോന്നുക. ഇലക്ട്രറല്‍ സംവിധാനങ്ങളിലും ബുത്ത് മാനേജ്മെന്റിലുമൊക്കെ ആ വ്യത്യാസമുണ്ട്. അടുത്ത വര്‍ഷം എന്ത് സംഭവിക്കുമെന്ന് ഈ വര്‍ഷം പറയാനാവാത്ത സ്ഥിതിയുണ്ട്. കഴിഞ്ഞ വര്‍ഷം പുല്‍വാമ സംഭവിച്ചത് ഒഴികെ സമ്പദ്വ്യവസ്ഥയും മറ്റ് സാഹചര്യങ്ങളുമെല്ലാം ബിജെപിക്ക് പ്രതികൂലമായിരുന്നു. അടുത്തത് എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയില്ല.
പുല്‍വാമ, പാര്‍ലമെന്റ് ആക്രമണം തുടങ്ങിയ സംഭവങ്ങള്‍ താങ്കള്‍ ഉള്‍പ്പടെയുള്ള വിര്‍ശകര്‍ കാണുന്ന പോലെ അല്ലല്ലോ സാധാരണക്കാരായ വടക്കെ ഇന്ത്യന്‍ ജനത കാണുന്നതും മനസ്സിലാക്കുന്നതും?
പുല്‍വാമ സംബന്ധിച്ച് ഞാന്‍ അത്രക്ക് ആഴത്തില്‍ പഠിച്ചിട്ടില്ല. പക്ഷെ പാര്‍ലമെന്റ് ആക്രമണം മുതലായ മറ്റ് പല വിഷയങ്ങളും ഞാന്‍ പഠിച്ചിട്ടുണ്ട്. 2019ല്‍ പലരും ഞാനുള്‍പ്പടെ പലരും പുല്‍വാമ സംഭവിക്കുന്നതിന് മുന്‍പ് തന്നെ എഴുതി എന്തെങ്കിലും സംഭവിക്കുമെന്ന്. ആരാണ് ചെയ്തത് എന്താണ് സംഭവിച്ചത് എന്ന സത്യം ആര്‍ക്കുമറിയില്ല. അത്ര കണ്ട് വ്യാജ വാര്‍ത്തകളുടെയും വ്യാജ പ്രചാരണങ്ങളുടെയും കുത്തൊഴുക്കുള്ള കാലമാണ്.
2024 ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപക്ഷ ഐക്യത്തില്‍ പ്രതീക്ഷയുണ്ടോ?
അത് സംഭവിച്ച് കൂടായ്കയില്ല. 2019ല്‍ കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, ബീഹാര്‍, യുപി, ഗുജറാത്ത്, മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള എല്ലാ സംസ്ഥാനങ്ങളും ബിജെപി നേടിയിരുന്നു. ഇപ്രാവശ്യം അത്രയും ജയിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അധികാരത്തില്‍ എത്താന്‍ എന്‍ഡിഎ മുന്നണി വേണ്ടിവന്നേക്കാം. അതാണ് സാധ്യത. പുല്‍വാമ പോലെ എന്താണ് 2024ല്‍ നമ്മളെ കാത്തിരിക്കുന്നത് എന്നും അറിയില്ല.
ഇന്ത്യന്‍ പൗര എന്ന നിലക്ക് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പല വേദികളില്‍ താങ്കളുടെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്യുമ്പോള്‍ അവിടങ്ങളിലുള്ളവര്‍ ഇന്നത്തെ ഇന്ത്യയെ കാണുന്നത് എങ്ങിനെയാണ്?
ഞാന്‍ ഇന്ത്യയെ മാത്രം വിമര്‍ശിക്കുന്നയാളല്ല. ഈയിടെ ലണ്ടനില്‍ പോയപ്പോള്‍ രാജ്ഞിയുടെ മരണത്തെ കുറിച്ചും യുക്രൈന്‍ യുദ്ധത്തെ കുറിച്ചും ആണ് സംസാരിച്ചത്. ഇന്ത്യയെ പറ്റി മാത്രം പറയാന്‍ ഉത്സാഹമുള്ള ആളല്ല ഞാന്‍. അമേരിക്കയെ പറ്റിയും ഞാന്‍ എത്രയോ പറഞ്ഞിരിക്കുന്നു. പക്ഷെ എനിക്ക് തോന്നുന്നത് ഇന്ത്യയിലെ ജനാധിപത്യത്തെ സംബന്ധിച്ച് വളരെ ഗൗരവത്തോടെ കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. സമ്പദ് വ്യവസ്ഥയില്‍ തുല്യത ഇല്ലെങ്കിലും ജനാധിപത്യം മുന്‍നിര്‍ത്തി തുല്യ അന്തസ്സ് ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ ഭരണകൂടത്തിന് എന്തൊക്കെയാണ് സാധിക്കുക എന്നത് മനസ്സിലാക്കി കൊണ്ട് തന്നെ വിപണി മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ക്കാണ് പ്രാധാന്യം.
സര്‍വ്വത്ര പി ആര്‍ മാത്രമാണ് എന്നാണോ?
പിആര്‍ തന്ത്രമെന്നല്ല. അതൊരു ധാരണയാണ്. മറ്റുളളവര്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശനം ഉറപ്പാക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ പലതും കണ്ടില്ലെന്ന് നടിക്കാന്‍ അവര്‍ തയ്യാറാണ്.
ആസാദി എന്ന താങ്കളുടെ പുസ്തകം ആരംഭിക്കുന്നത് തന്നെ ഒരു പുസ്തക ചര്‍ച്ചയില്‍ ഒരാള്‍ താങ്കളോട് ഉന്നയിക്കുന്ന ചോദ്യത്തെ പറ്റി പറഞ്ഞ് കൊണ്ടാണ്. ഏതെങ്കിലും ഒരു എഴുത്തുകാരന്‍ എന്നെങ്കിലും തന്റെ മാതൃഭാഷയില്‍ അല്ലാത്ത മറ്റൊരു ഭാഷയില്‍ ഇത് പൊലെ രചിട്ടിട്ടുണ്ടാവുമോ എന്നാണ് ആയാള്‍ ‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സി’നെ കുറിച്ച് ചോദിച്ചത്. ആ സംഭവം ഓര്‍ത്ത് കൊണ്ട് താങ്കള്‍ തന്നെ പറഞ്ഞത് ആ ചോദ്യത്തില്‍ താങ്കളോടുള്ള മുഴുവന്‍ ശത്രുതയും ഉണ്ടായിരുന്നുവെന്ന്. കാരണം താങ്കള്‍ ഒരു എഴുത്തുകാരന്‍ അല്ല എഴുത്തുകാരിയാണ്. ഇന്ത്യയില്‍ ജനിച്ച് ഇംഗ്ലീഷില്‍ എഴുതി ആവശ്യത്തിലേറേ പ്രശസ്തി പിടിച്ച് പറ്റി. ഇതൊക്കെയാകാം അയാളെ പ്രകോപിപ്പിച്ചത് എന്നും താങ്കള്‍ പറയുന്നുണ്ട്. ചോദ്യമിതാണ്.. അക്ഷരങ്ങളുടെയും ഭാവനയുടെയും ലോകത്തും ജെന്‍ഡറും വിവേചനവും ദേശീതയയും ഒക്കെ മുഴച്ച് വരുന്നത് എന്ത് കൊണ്ടാണ്. സ്ത്രീ ശാക്തീകരണവും ഫെമിനിസവും അടക്കമുള്ള വിഷയങ്ങളെ ഇന്നും കേരളത്തില്‍ പോലും പലപ്പോഴും ഏറ്റവും പുച്ഛത്തോടെ നോക്കി കാണുന്ന ഒരവസ്ഥയുണ്ട്. എവിടെയാണ് തിരുത്തലുകള്‍ സാധ്യമാകുന്നത്?
ഫെമിനിസത്തെ സ്ത്രീകളുമായി ബന്ധപ്പെടുത്തി മാത്രം മനസ്സിലാക്കേണ്ട ഒന്നല്ല. അത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കാരണം ഫെമിനിസ്റ്റല്ലാത്ത നിരവധി സ്ത്രീകളുണ്ട്. ഫെമിനിസ്റ്റുകളായ നിരവധി പുരുഷന്മാരുമുണ്ട്. ഇന്ന് ഫെമിനിസത്തിന് എന്‍ജിഒ പരിവേഷം വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം നര്‍മ്മദയിലെ പോരാട്ടം ഫെമിനിസമാണ്. സ്ത്രീകളാണ് മുന്‍നിരയില്‍ നിന്ന് പോരാടിയത്. ബസ്തറിലെ കാടുകള്‍ക്കുള്ളില്‍ പോരാടിയ ക്രാന്തികാരി ആദിവാസി മഹിള സംഘടനയില്‍ 90,000 അംഗങ്ങളുണ്ട്. പക്ഷെ ധനസഹായം ലഭിക്കുന്ന എന്‍ജിഒ സംഘടനകളിലെ സ്ത്രീകള്‍ അവരെ ഫെമിനിസ്റ്റുകളായി കണക്കാക്കാറില്ല. എന്നാല്‍ അവര്‍ പോരാടുന്നത് യഥാര്‍ത്ഥ മൗലികാവകാശങ്ങള്‍ക്ക് വേണ്ടിയാണ്. അത് കൊണ്ടതന്നെ എന്‍ ജി ഒ പ്രവര്‍ത്തനങ്ങളോ, അക്കാദമിക പഠനങ്ങളോ മാത്രമല്ല സാമ്രാജ്യതത്വത്തിനും കോര്‍പ്പറേറ്റുകള്‍ക്കും എതിരായി നടത്തുന്ന പ്രക്ഷോഭങ്ങള്‍ കൂടിയാണ് ഫെമിനിസം. അങ്ങനെ സമഗ്രമായ കാഴ്ചപ്പാടിലുടെ വേണം ഫെമിനിസത്തെ മനസ്സിലാക്കാന്‍. തുല്യതക്ക് വേണ്ടി സ്ത്രീകള്‍ക്ക് ഒറ്റക്ക് ഒരു പോരാട്ടം നടത്താന്‍ സാധിക്കില്ല എന്നത് പോലെ തന്നെ നിരവധി സ്ത്രീകള്‍ ഇന്ന് ഫാഷിസ്റ്റ് പദ്ധതികളുടെ പങ്കാളികളാണ് എന്ന വസ്തുത കൂടി മനസ്സിലാക്കണം.
താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല ..കുറേ കാലങ്ങളായി വൈകല്യമാര്‍ന്ന വികസനത്തിനെതിരേയും കുടിയിറക്കലിന് എതിരെയുമൊക്കെ നടന്നിട്ടുള്ള കേരളത്തിലെ ഒട്ടനവധി സമരങ്ങളില്‍.. ഉദാഹരണമായി മൂലമ്പിള്ളി, കീഴാറ്റുര്‍, കെ റെയില്‍, വിഴിഞ്ഞം തുടങ്ങിയ സമരങ്ങളില്‍ പ്രത്യക്ഷമായ സ്ത്രീ സാന്നിധ്യവും ശക്തമായ നിലയില്‍ രാഷ്ട്രീയം പറഞ്ഞ് കൊണ്ടുള്ള വീട്ടമ്മമാരുടെയും പെണ്‍കുട്ടികളുടെയും നേതൃനിര നമുക്ക് കാണാനായി. ആക്ടിവിസ്റ്റ് പ്രതിരോധ നിരയിലെ സ്ത്രീ സാന്നിധ്യത്തെ എങ്ങിനെ കാണുന്നു. താങ്കള്‍ അവര്‍ക്കൊപ്പം ഉടന്‍ ചേരുമെന്ന് പ്രതീക്ഷിക്കാമോ?
എനിക്കറിയാം പക്ഷെ എനിക്ക് തോന്നുന്നത് ചില വ്യക്തികള്‍ മാത്രം നിരന്തരം മുന്‍ നിരയില്‍ വേണമെന്ന് പ്രതീക്ഷിക്കുന്നതില്‍ ഒരു അപകടമുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അത് ആര്‍ക്കും ഗുണം ചെയ്യില്ല. മറ്റുള്ള എഴുത്തുകാരും വരണം. ഒരുപാട് കാര്യങ്ങള്‍ എഴുതുന്നതിനെ കുറിച്ചും ചെയ്യുന്നതിനെ കുറിച്ചമൊക്കെ ചിന്തിയിലാണ് ഞാന്‍. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും ആഴത്തില്‍ പഠിക്കാനുമുള്ള സമയവും വേണം. അത് കൊണ്ട് ഇപ്പോഴതറിയില്ല.
തന്റെ പുസ്തകത്തില്‍ സ്വന്തം അവതാരികയില്‍ അരുന്ധതി റോയ് ഒരിക്കല്‍ എഴുതിയത് ഉത്തരവാദിത്വത്തോടെയുള്ള വലിയ സ്വതന്ത്ര്യമാണ് നോവല്‍ എന്ന സാഹിത്യരൂപം തനിക്ക് നല്‍കിയിട്ടുള്ളത് എന്നാണ്. എന്നിട്ടും തന്റെ ആദ്യ നോവല്‍ ഇറങ്ങി 20 വര്‍ഷം കാത്തിരുന്നു രണ്ടാമത്തെ നോവല്‍ എഴുതാന്‍. നോവല്‍ എഴുത്തിന്റെ പരമമായ സ്വാതന്ത്ര്യം അവര്‍ മാറ്റി വെക്കുകയായിരുന്നില്ല മറിച്ച് സ്വാതന്ത്ര്യത്തിന്റെ കൈകകളും കാലുകളും വിരലുകളും ശിരസ്സ് തന്നെയും മുറിച്ച് മാറ്റപ്പെടുന്ന ഒരു ലോകത്ത് അവര്‍ എഴുതി കൊണ്ടേ ഇരിക്കുകയായിരുന്നു. നോണ്‍ ഫിക്ഷനായും യാത്രകുറിപ്പായും അനുഭവ കുറിപ്പായും രാഷട്രീയ പ്രതിരോധവും ആയി ഒക്കെ അവ നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അരുന്ധതിയുടെ ഓരോ അക്ഷരത്തിനും അപാരമായ കരുത്തുണ്ട്. വാക്കുകള്‍ക്കും അങ്ങിനെ തന്നെ. അവരുടെ ഇടപെടലുകള്‍ ഉറ്റ് നോക്കുന്നതും അങ്ങിനെ തന്നെ.
മാന്‍ ബുക്കര്‍ സമ്മാനത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയാണ് അരുന്ധതി റോയ്. അരുന്ധതിയുടെ ദ് ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍) എന്ന കൃതിക്ക് 1997-ലെ ബുക്കര്‍ പുരസ്‌കാരം ലഭിച്ചു. 1961ല്‍ നവംബര്‍ 24ന് മേഘാലയയിലെ ഷില്ലോങ്ങില്‍ ആണ് ജനനം. അമ്മ കോട്ടയം, അയ്മനം സ്വദേശിനി മേരി റോയ്. പിതാവ് രാജീബ് റോയ്. പഠനത്തിനു ശേഷം ആര്‍കിടെക്റ്റ്, എയ്‌റോബിക് പരിശീലക എന്നീ നിലകളില്‍ ജോലി ചെയ്തു. ‘ഇന്‍ വിച് ആന്നീ ഗിവ്‌സ് ഇറ്റ് ടു ദോസ് വണ്‍സ്’, ‘ഇലെക്ട്രിക് മൂണ്‍’ എന്നീ ചലച്ചിത്രങ്ങള്‍ക്കും പല ടി.വി. പരിപാടികള്‍ക്കും വേണ്ടി തൂലിക ചലിപ്പിച്ചു. എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവര്‍ത്തക കൂടിയാണ് അരുന്ധതി റോയ്.
FAQs – ചോദ്യോത്തരങ്ങൾ
എന്താണ് പുൽവാമ ആക്രമണം?
ജമ്മു കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികള്‍ മനുഷ്യബോംബ് ആക്രമണം നടത്തി. 49 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
എന്താണ് ഇന്ത്യൻ പാർലമെന്റ് ആക്രമണം?
2001 ഡിസംബര്‍ 13നാണ് ലഷ്‌കര്‍-ഇ-ത്വയ്യിബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകള്‍ ചേര്‍ന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരടക്കം 9 പേര്‍ക്ക് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. 5 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു.
ആരാണ് പ്രണോയ് റോയ്?
പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനും എന്‍ ഡി ടി വി സ്ഥാപകനുമാണ് പ്രണോയ് റോയ്.എന്‍.ഡി.ടി.വി.യുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആര്‍. ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍.ആര്‍.പി.ആര്‍.എച്ച്.) ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുനിന്ന് പ്രണോയ് റോയും ഭാര്യ രാധിക റോയും രാജിവെച്ചത് നവംബര്‍ 29നാണ്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (എ ഇ എല്‍) അനുബന്ധ സ്ഥാപനമായ എ എം ജി മീഡിയ നെറ്റ്വര്‍ക്ക്‌സ് ലിമിറ്റഡിന്റെ (എഎംഎന്‍എല്‍) ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വി സി പി എല്‍) ആര്‍ ആര്‍ പി ആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു.പിന്നാലെ എന്‍ ഡി ടിവിയുടെ 26 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ എന്‍ഡിടിവിയിലെ തങ്ങളുടെ ശേഷിക്കുന്ന 32.26 ശതമാനം ഓഹരികളില്‍ 27.26 ശതമാനവും അദാനി ഗ്രൂപ്പിന് വില്‍ക്കാന്‍ പ്രണോയ് റോയും രാധിക റോയും തീരുമാനിക്കുകയായിരുന്നു.
എന്താണ് ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം?
അനുചിതമായ വസ്ത്രം ധരിച്ചുവെന്ന് ആറോപിച്ച് അറസ്റ്റ് ചെയ്ത ഇറാനിയന്‍ – കുര്‍ദിഷ് വനിത മഹ്‌സ അമിനി മതകാര്യ പോലിസിന്റെ കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടത്. മുന്‍ പ്രസിഡന്റ് മെഹമൂദ് അഹമ്മദിനെജാദ് 2006ലാണ് ‘ഗഷ്ട് ഇ എര്‍ഷാദ്’ എന്ന മതകാര്യ പൊലീസ് രൂപം കൊടുത്തത്. 1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് കടുത്ത യാഥാസ്ഥിതിക നിയമങ്ങളാണ് ഇറാനില്‍ നിലനില്‍ക്കുന്നത്. 2006-ല്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ‘അച്ചടക്കത്തിന്റെയും ഹിജാബിന്റെയും സംസ്‌കാരം ഉറപ്പുവരുത്തുന്നതിന്’ ഗാഷ്ദ് ഇ ഇര്‍ഷാദ് എന്ന പേരിലുള്ള മതകാര്യപോലീസിന് രൂപംനല്‍കിയത്. ഇതിനു ശേഷം സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കുകയും നിയമലംഘനം ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 500ാേളം പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായാണ് വിവരം.63 കുട്ടികളും 32 സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട. പ്രക്ഷോഭത്തില്‍ പങ്കെടുത്ത 3 പേരെ ഭരണകൂടം തൂക്കി കൊല്ലുകയും ചെയ്തു.
ആരാണ് ഗോഡ് ഓഫ് സ്‌മോൾ തിങ്ക്സ് രചിച്ചത്?
ഇന്ത്യന്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് ആണ് ഗോഡ് ഓഫ് സ്‌മോള്‍ തിങ്കസ് രചിച്ചത്. 1996ല്‍ പൂര്‍ത്തിയാക്കിയ ഗോഡ് ഓഫ് സ്‌മോള്‍ തിങ്ക്‌സ് എന്ന കൃതിക്ക് 1997ല്‍ ആണ് മാന്‍ ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്.
“ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ ക്ഷതങ്ങള്‍ തിരുത്താനാവാത്തതാണ്.ലോകത്തിലെ ഏറ്റവും മോശം സ്ഥലമാണ് ഇന്ത്യ എന്നതല്ല നമ്മുടെ ദുരന്തം. ആ അവസ്ഥയിലേക്ക് നാം എത്തി കൊണ്ടിരിക്കുകയാണ് എന്നതാണ് ദുരന്തം. സ്വന്തം വീട് നമ്മള്‍ തന്നെ തീവെച്ച് നശിപ്പിക്കുകയാണ്.അപകടകരമാം വിധം അതിവേഗം തോറ്റുകൊണ്ടിരിക്കുന്ന പരീക്ഷണമാണ് ഇന്ന് ഇന്ത്യ” – അരുന്ധതി റോയ്.