Sat. Jan 18th, 2025

കേരളത്തില്‍ മലയോര മേഖലകളില്‍ ബഫര്‍ സോണ്‍ വിഷയം വീണ്ടും ആളികത്തുമ്പോള്‍ സംസ്ഥാനത്തെ ഏക മെട്രോ നഗരമായ കൊച്ചിയിലെ ചരിത്ര പ്രധാന്യമുള്ള പഴയ റെയില്‍വേ സ്റ്റേഷനും ബഫര്‍ സോണ്‍ സര്‍വേയില്‍ ഉള്‍പ്പെട്ടത് നാട്ടുകാര്‍ക്ക് ആശങ്ക ഉളവാക്കുന്നതാണ്. ബഫര്‍ സോണിന്റെ മറവില്‍ റെയില്‍വേയുടെ വികസനം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന ആരോപണം ശക്തമായി ഉയരുകയാണ്. 120 വര്‍ഷം പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള റെയില്‍വേ സ്റ്റേഷനാണ് എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന്‍. അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന നഗരത്തിന്റെ ആവശ്യകതകള്‍ക്കനുസരിച്ച് റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഏതാണ്ട് പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചു തുടങ്ങിയപ്പോഴാണ് വെല്ലുവിളിയായി ബഫര്‍ സോണ്‍ എത്തുന്നത്.

ബഫര്‍ സോണിന്റെ മറവില്‍ റെയില്‍വേ വികസനം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബഫര്‍ സോണ്‍ വിഷയം മുതലെടുത്ത് ചിലര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി നിലവിലെ അവസ്ഥ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി സംശയിക്കുന്നതായി എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ വികസന സമിതി കണ്‍വീനര്‍ കെ പി ഹരിഹര കുമാര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

മംഗളവനം ദേശീയോദ്യാനം

കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 2.74 ഹെക്ടര്‍ (0.0274 ചതുരശ്ര കിലോമീറ്റര്‍) മാത്രമുള്ള മംഗളവനം പക്ഷി സങ്കേതം ദേശിയോദ്യാനമാണ്. വനംവകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടം അനുസരിച്ച് ഇതിന്റെ പത്ത് ഇരട്ടിയിലേറെ, അതായത് കൊച്ചി നഗരസഭയുടെ സിംഹഭാഗവും ബഫര്‍ സോണില്‍പ്പെടും. 2004ല്‍ നിലവില്‍ വന്ന മംഗളവനം പക്ഷി സങ്കേതം സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്. കണ്ടല്‍ വനങ്ങളില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്. മേയ് 2006 ല്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം ഇവിടെ 32 ഇനത്തില്‍ പെടുന്ന 194 ലധികം പക്ഷികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നത്. ഈ ഭാഗത്ത് നിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പക്ഷികളുടെ തരങ്ങള്‍ 72 ആണ്. ഇത് കൂടാതെ 17 തരത്തില്‍ പെട്ട ചിത്രശലഭങ്ങളും ഇവിടെ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുടാതെ 51 തരം വര്‍ഗ്ഗത്തില്‍പ്പെട്ട ചിലന്തികളും ഉള്ളതായി ആണ് റിപ്പോര്‍ട്ട്. വിധി നടപ്പാക്കിയാല്‍ മംഗളവനം പക്ഷിസങ്കേതത്തിന്റെ 200 മീറ്റര്‍ മാത്രം അകലെയുള്ള കേരള ഹൈക്കോടതിയെ ഉള്‍പ്പെടെ ബാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. വനംവകുപ്പ് നടത്തിയ ഏരിയല്‍ സര്‍വേ പ്രകാരം മംഗളവനം പക്ഷി സങ്കേതത്തിന്റെ ബഫര്‍ സോണ്‍ പരിധിയില്‍ കേരള ഹൈക്കോടതി ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍, വാണിജ്യ യൂണിറ്റുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ തുടങ്ങി 2500 ഓളം കെട്ടിടങ്ങളാണ് ഉള്‍പ്പെടുന്നത്. ഇത് നഗരത്തിന്റെ വികസനത്തെ ബാധിക്കുമോ എന്ന ആശങ്ക പലരും പങ്ക് വെക്കുന്നുണ്ട്.

എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ ഉള്ള 42 ഏക്കര്‍ സ്ഥലം മംഗള വനത്തിന്റെ പേരില്‍ വികസനത്തില്‍ നിന്ന് പിന്മാറ്റാനാണ് ശ്രമം എന്ന ആരോപണം ശക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. 0.25 കി. മീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള മംഗളവനം റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയതിന് ശേഷം കാക്ക കാഷ്ടിച്ചുണ്ടായ കുറെ കാടുകളുടെ കൂട്ടമാണ് അവിടെ ഇപ്പോള്‍, പക്ഷികളില്ല. ഹൈക്കോടതി കെട്ടിടം വരുന്നതിനു മുന്‍പ് കുറെ പക്ഷികള്‍ അവിടെ വന്നിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ ഹൈക്കോടതിയുടെ പടുകൂറ്റന്‍ കെട്ടിടവും മറ്റ് കെട്ടിടങ്ങളും വന്നതോടെ പക്ഷികളുടെ സഞ്ചാരപഥത്തില്‍ തടസ്സമുണ്ടായി. അതിനു ശേഷം അവിടെ പക്ഷികള്‍ വരാറില്ലായെന്നും ഹരിഹരന്‍ ആരോപിക്കുന്നു.

റെയില്‍വേ സ്റ്റേഷന്റെ ചരിത്രം


മഹാരാജ രാമവര്‍മ്മ പതിനഞ്ചാമന്‍ നിര്‍മ്മിച്ചതാണ് എറണാകുളത്തെ ആദ്യത്തെ റെയില്‍വേ സ്റ്റേഷന്‍. 1902 ജൂലൈ 16-നാണ് സ്റ്റേഷനില്‍ നിന്നു ആദ്യ യാത്രാ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങുന്നത്. 1924ല്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയില്‍ മഹാത്മാഗാന്ധി ഇറങ്ങിയ സ്റ്റേഷനാണിത് എന്ന പ്രാധാന്യവുമുണ്ട്. സ്വാമി വിവേകാനന്ദന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും സന്ദര്‍ശനത്തിനും റെയില്‍വേ സ്റ്റേഷന്‍ സാക്ഷ്യം വഹിച്ചു. കൊച്ചി മഹാരാജാവ് രാമവര്‍മ്മ ഈ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് ധനസഹായം നല്‍കുന്നതിനായി പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ആനകളുടെ സ്വര്‍ണ്ണ അലങ്കാര മൂടികള്‍ വിറ്റിരുന്നു എന്നാണ് ചിരിത്രം പറയുന്നത്. 1960 വരെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പതിവായി നടത്തിയിരുന്നു, എന്നാല്‍ സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം പഴയ റെയില്‍വേ സ്റ്റേഷന്റെ മരണമണി മുഴക്കി. 2001ല്‍ സര്‍ക്കാര്‍ സ്റ്റേഷന്‍ ഗുഡ്സ് ഷെഡാക്കി മാറ്റിയെങ്കിലും അതും ക്രമേണ ഉപേക്ഷിക്കപ്പെട്ടു. നിലവില്‍ പഴയ റെയില്‍വേ സ്റ്റേഷന്‍, ഹൈക്കോടതി ജംഗ്ഷനു സമീപം 42 ഏക്കര്‍ വനത്തിനുള്ളില്‍, വള്ളിച്ചെടികളാല്‍ മൂടപ്പെട്ട നിലയിലാണ്.

രണ്ട് കോടിയുടെ വികസനം

സ്‌റ്റേഷന്‍ വികസിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച ഘട്ടത്തിലാണ് പുതിയ വെല്ലുവിളി ഉയരുന്നത്. സ്റ്റേഷനിലെ പഴയ സ്ലീപ്പറുകള്‍ മാറ്റിസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനായി റെയില്‍വേ രണ്ട് കോടി രൂപ അനുവദിച്ച് സ്ലീപ്പറുകള്‍ മാറ്റുകയും ചെയ്തു. ഇതെല്ലാം സ്റ്റേഷന്റെ വികസനത്തിന് അനുകൂലമായ സൂചനകളായിരുന്നു. വൈകിയാലും റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനു സാധ്യത നിലനില്‍ക്കെ ബഫര്‍ സോണിന്റെ പേരില്‍ ചിലര്‍ അനാവശ്യമായി ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എന്നാണ് ഹരിഹര കുമാര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യപ്രവര്‍ത്തകരുടെ ആരോപണം.

ബഫര്‍സോണ്‍ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മേഖലകളില്‍ ഇളവ് അുവദിക്കണെമന്ന് കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി 16 നാണ് വീണ്ടും പരിഗണിക്കുക. ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ ചില കേസുകളിലെങ്കിലും പ്രായോഗികമല്ലെന്നും ഇളവ് നല്‍കേണ്ടി വരുമെന്നുമുള്ള കോടതിയുടെ നിരീക്ഷണത്തിലാണ് ഇനി പ്രതീക്ഷ.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.