Mon. Dec 23rd, 2024

 

കരട് വിജ്ഞാപനം പുറത്തിറക്കിയ മേഖലകള്‍ക്ക് ബഫര്‍ സോണ്‍ നിശ്ചയിച്ചതില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനാണ് കോടതി ആലോചിക്കുന്നത്. ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഇളവ് അനുവദിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയില്‍ ആവശ്യപ്പെട്ടു. അന്തിമ വിജ്ഞാപനവും കരട് വിജ്ഞാപനവും ഇറങ്ങിയ മേഖലകള്‍ക്ക് ഇളവ് അനുവദിക്കെണമന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്തിമ വിജ്ഞാപനം ഇറങ്ങിയ മേഖലകള്‍ക്ക് ഇതിനോടകം ഇളവ് നല്‍കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

കരട് വിജ്ഞാപനം ഇറങ്ങിയ മേഖലകള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോ അതോ രണ്ട് അംഗ ബെഞ്ചിന് തന്നെ ഉത്തരവിറക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും തിങ്കളാഴ്ച്ച തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു

ജനവാസ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് ബഫര്‍സോണ്‍ സംബന്ധിച്ച വിധിയില്‍ ഇളവ് നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കരുതല്‍ മേഖലകളില്‍ നിരവധി ചെറുകിട, ഇടത്തരം നഗരങ്ങളുണ്ട്. ഇവിടെ സ്ഥിരനിര്‍മാണങ്ങള്‍ പൂര്‍ണമായും നിരോധിക്കണമെന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നും ഈ മേഖലകളിലുള്ളവരെ പുനരധിവസിപ്പിക്കുക പ്രായോഗികമല്ലെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.

സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് ഇന്ന് കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായത്. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരാകേണ്ടിയിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആയിരുന്നു. അദ്ദേഹം ഹാജരായിരുന്നില്ല.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.