Sun. Dec 22nd, 2024

ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയില്‍ ഇളവ് തേടി കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നാണ് കേരളം അപേക്ഷ നല്‍കിയിരിക്കുന്നത്.

കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നല്‍കിയിരുന്നു. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് വേണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പെരിയാര്‍ ദേശീയ ഉദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയില്‍ കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്, മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച് അന്തിമ വിജ്ഞാപനവും കേന്ദ്രം ഇറക്കിയിട്ടുണ്ട്.

ബാക്കി സംസ്ഥാനത്തെ എല്ലാ മേഖലകളിലും ബഫര്‍സോണ്‍ സംബന്ധിച്ച കേന്ദ്രത്തിന്‍റെ കരട് വിജ്ഞാപനം ഇതിനോടകം ഇറങ്ങികഴിഞ്ഞു. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ അപേക്ഷ ജനുവരി പതിനൊന്നിനാണ് സുപ്രീംകോടതി പരിഗണിക്കുക. കരട്, അന്തിമ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ച മേഖലകള്‍ കൂടാതെ, സര്‍ക്കാരിന്‍റെ പരിഗണനയിലിരിക്കുന്ന വിജ്ഞാപനങ്ങളുളള മേഖലകളില്‍ കൂടി ഇളവ് ലഭിച്ചാല്‍, ജനങ്ങളുടെ ആശങ്ക മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.