Tue. Nov 5th, 2024

രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ നവോമി ഒസാക്ക ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ഒസാക്കയുടെ പിന്മാറ്റ വിവരം ട്വീറ്റിലൂടെയാണ് സംഘാടകര്‍ അറിയിച്ചത്. ജാപ്പനീസ് താരത്തിന്റെ പിന്മാറ്റത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. നേരത്തെ യു.എസ് ഓപ്പണ്‍ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ കാര്‍ലോസ് അല്‍കാരസും ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും പിന്മാറിയിരുന്നു. ജനുവരി 16ന് മെല്‍ബണിലാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.

ഒസാക്കയുടെ അഭാവത്തില്‍ യുക്രൈന്‍ താരം ദയാന യാസ്‌ട്രെംസ്‌കയെ മെയിന്‍ ഡ്രോയിലേക്ക് മാറ്റിയതായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ വ്യക്തമാക്കി. 2019ലും 2021ലും ഒസാക്ക കിരീടം നേടിയിരുന്നു.  കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണില്‍ നിന്ന് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ഒസാക്ക സെപ്റ്റംബറില്‍ ടോക്കിയോയില്‍ നടന്ന പാന്‍ പസഫിക് ഓപ്പണിലാണ് അവസാനമായി കളിച്ചത്.

ഏഴ് തവണ ചാമ്പ്യനായ വീനസ് വില്യംസ് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ഒസാക്ക ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറുന്നത്. ലോക റാങ്കിംഗില്‍ 42-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഒസാക്ക, 2021 ഫ്രഞ്ച് ഓപ്പണ്‍ ഒഴിവാക്കിയതിന് ശേഷം മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിനായി ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് താന്‍ വിഷാദരോഗത്തോട് പൊരുതുകയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.