Fri. Apr 26th, 2024

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്ക് മുന്നില്‍ തോറ്റെങ്കിലും 2026 ലെ ലോകകപ്പിലും ഫ്രാന്‍സിന്റെ പരിശീലകനായി മുന്‍ നായകന്‍ ദിദിയര്‍ ദെഷാം തുടരും. 2026 ജൂണ്‍ വരെയാണ് ദെഷാമിന്റെ കരാര്‍ നീട്ടിയതെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ദെഷാം പുറത്തുപോവുമെന്നും മുന്‍ നായകന്‍ സിനദിന്‍ സിദാന്‍ ഫ്രാന്‍സിന്റെ പരിശീലകനാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞശേഷം മറ്റ് പദവികളൊന്നും സിദാന്‍ ഏറ്റെടുക്കാത്തത് ഫ്രാന്‍സിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ അഭ്യൂഹങ്ങളെല്ലാം തള്ളി ദെഷാമില്‍ തന്നെ വിശ്വാസമര്‍പ്പിക്കാന്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം അവസാനിച്ച ഖത്തര്‍ ലോകകപ്പില്‍ മുന്‍നിര താരങ്ങളുടെ അഭാവത്തിലും ഫ്രാന്‍സിനെ ഫൈനലിലെത്തിക്കാന്‍ ദെഷാമിനായി. 2012 ജൂലൈ ഒമ്പതിനാണ് ദെഷാം ഫ്രാന്‍സിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തത്. 2014ലെ ലോകകപ്പില്‍ ഫ്രാന്‍സിനെ ക്വാര്‍ട്ടറിനപ്പുറം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതിരുന്ന ദെഷാമിന് പക്ഷെ യൂറോ കപ്പില്‍ ടീമിനെ ഫൈനലിലെത്തിക്കാനായി.

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.