എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയെ ഡല്‍ഹി പട്യാല ഹൗസ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ 3 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ബെംഗളൂരുവില്‍ സഹോദരിയുടെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ശങ്കര്‍ മിശ്ര.
പൊലീസ് കേസ് എടുത്തതിനു പിന്നാലെയാണ് ഫോണ്‍ ഓഫാക്കി ശങ്കര്‍ ഒളിവില്‍ പോയത്. സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയതും, ഒരിടത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹി പൊലീസ് ആളെ കണ്ടെത്തിയത്.
അതേസമയം, സംഭവദിവസം വിമാനത്തിലുണ്ടായിരുന്ന 2 പൈലറ്റുമാരിലൊരാളെയും 4 കാബിന്‍ ജീവനക്കാരെയും എയര്‍ ഇന്ത്യ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തി, ഇവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കുകയും ചെയ്തു. സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ വിമര്‍ശനവും എയര്‍ ഇന്ത്യ നേരിട്ടു.