Wed. Nov 6th, 2024

ജുഡീഷ്യറി സംവിധാനത്തിലും ജഡ്ജിമാരുടെ നിയമനത്തിലും കേന്ദ്ര സര്‍ക്കാര്‍ കൈ കടത്താന്‍ ശ്രമിക്കുന്നതായി സുപ്രീംകോടതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്ജിമാരെ നിയമിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ചിലരുടെ പേരുകള്‍ നിര്‍ദേശിച്ചിരുന്നതായാണ് സുപ്രീംകോടതി വെളിപ്പെടുത്തിയത്.

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ കൊളീജിയം ശുപാര്‍ശകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം ശുപാര്‍ശകള്‍ നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്ജി‍കള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ കേന്ദ്രത്തിനെതിരായ വെളിപ്പെടുത്തല്‍.

ജഡ്ജി നിയമനത്തില്‍ കൊളീജിയം ശുപാര്‍ശ ചെയ്ത ചില പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാതെ തിരിച്ചയച്ചിരുന്നു. ഇക്കാര്യം അറ്റോര്‍ണി ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു കേന്ദ്രം ചിലരുടെ പേരുകള്‍ കൊളീജിയത്തോട് ഇങ്ങോട്ട് നിര്‍ദേശിച്ചതെന്നാണ് ജസ്റ്റിസ് കൗള്‍ വെളിപ്പെടുത്തിയത്.

”ജഡ്ജിമാരാക്കാന്‍ നിര്‍ദേശമുയര്‍ന്ന ചില പേരുകള്‍ കൊളീജിയം അംഗീകരിച്ചില്ല. കേന്ദ്ര സര്‍ക്കാരിന് സ്വന്തം വിവേകമനുസരിച്ച് പരിഗണിക്കാന്‍ തോന്നിയ പേരുകളായിരുന്നു അത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ആ പേരുകള്‍ ഇനി പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കൊളീജിയത്തിന് അറിയേണ്ടതുണ്ട്. കേന്ദ്രത്തിന്റെ ഈ നടപടി ശരിയായാലും തെറ്റായാലും കൊളീജിയം അത് കൈകാര്യം ചെയ്യും. തിരിച്ചയച്ച പേരുകളില്‍ ചിലത് ആദ്യമായി ശുപാര്‍ശ ചെയ്തതായിരുന്നു. ആവര്‍ത്തിച്ച ചില പേരുകളും അതിനൊപ്പം തിരിച്ചയച്ചു. വീണ്ടും അതേ പേര് കൊളീജിയം ശുപാര്‍ശ ചെയ്തപ്പോള്‍ മൂന്നാമതും തിരിച്ചയച്ചു.”, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു.

സുപ്രീംകോടതി- ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിന് കൊളീജിയം ശിപാര്‍ശ ചെയ്ത 22 പേരുകളായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യം തിരിച്ചയച്ചത്. എന്നാല്‍ ഈ പേരുകള്‍ കൊളീജിയം വീണ്ടും ശിപാര്‍ശ ചെയ്യുകയായിരുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.