കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധത്തില്‍. പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് ഇന്ന് ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ഭരണകക്ഷി യൂണിയനായ സിഐടിയു മേഖലാ തലത്തില്‍ പ്രതിഷേധ ജാഥകള്‍ നടത്തുകയാണ്. 10ആം തിയ്യതി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
എല്ലാ മാസവും അഞ്ചാം തിയ്യതി ശമ്പളം നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായെങ്കിലും പാലിക്കാനായിട്ടില്ല. ശമ്പളത്തിനായി സര്‍ക്കാരിനോട് 50 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 30 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്. ഇതാണ് ശമ്പളം വൈകാന്‍ കാരണമായി മാനേജ്‌മെന്റ് ജീവനക്കാരെ അറിയിച്ചിട്ടുള്ളത്. ഇന്നോ നാളെയോ ശമ്പളം നല്‍കാന്‍ പരമാവധി ശ്രമിക്കുമെന്ന് മാനേജ്‌മെന്റ് പറഞ്ഞു. 82 കോടി രൂപയാണ് ശമ്പളം നല്‍കാന്‍ വേണ്ടത്.