Fri. May 3rd, 2024

ട്രീസ മാത്യൂ

ഒരിടവേളക്ക് ശേഷം കേരളത്തിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്. 2011 ല്‍ 2009 ലെ മിനിമം വേതനം നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ആദ്യമായി തെരുവിലേക്ക് ഇറങ്ങിയത്. അന്ന് 6500 രൂപയാക്കി മിനിമം വേതനം വര്‍ധിപ്പിച്ചു. ശമ്പള പരിഷ്‌കരണ ആവശ്യവുമായി 2013ല്‍ വീണ്ടും നഴ്‌സുമാരുടെ സമരം. അന്ന് കുറഞ്ഞ അടിസ്ഥാന ശമ്പളം 13000 ആക്കി സര്‍ക്കാര്‍ ഉത്തരവ്. പിന്നീട് വേതനം വര്‍ധിപ്പിക്കണം, ജോലി സമയം, തൊഴില്‍ നിയമങ്ങള്‍ എന്നിവ മാനേജമെന്റ് പാലിക്കണം, നഴ്‌സ് രോഗി അനുപാതം വര്‍ധിപ്പിക്കണം എന്ന ആവശ്യങ്ങളുമായി വീണ്ടും തെരുവിലേക്ക്. അന്ന് സമരത്തില്‍ ഉന്നയിച്ചിരുന്ന ശമ്പള വര്‍ധനവ് മാത്രമാണ് നടപ്പിലാക്കിയത്. ഇതാണ് വീണ്ടും വീണ്ടും തങ്ങളുടെ അടിസ്ഥാന ജീവല്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സമരത്തിനിറങ്ങാന്‍ മാലാഖമാരെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിര്‍ബന്ധിതമാക്കുന്നത്.

2018ല്‍ ഉന്നയിച്ച ശമ്പള വര്‍ധനവ് ഒഴികെ മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ലയെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് വോക്ക് മലയാളത്തോട് പറയുന്നു. നഴ്‌സ് രോഗി അനുപതം വര്‍ധിപ്പിക്കാതത് രോഗികള്‍ക്കും നഴ്‌സുമാര്‍ വലിയ ബുദ്ധിമുട്ടാണ് സൃഷ്ട്ടിക്കുന്നത്. 10 രോഗിക്ക് ഒരു നഴ്‌സ് എന്ന അനുപാതം വേണ്ടിടത്ത് 100 രോഗികളെ വരെ ഒരു നഴ്‌സ് നോക്കേണ്ട സാഹചര്യമാണ് നിലവിലുളളത്. രോഗികളുടെ എണ്ണത്തിന് അനുസരിച്ച് നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കാതിരിക്കുമ്പോള്‍ ജോലിയില്‍ പിഴവുണ്ടാകും. ഇതിന്റെ പേരിലും പിന്നീട് മാനേജ്‌മെന്റെ നഴ്‌സമാരെ ചൂഷ്ണം ചെയ്യുന്നതും പതിവാണ്.

മിനിമം വേതനം പുനര്‍ നിര്‍ണ്ണയിക്കാതെ, ശമ്പള വര്‍ദ്ധനവ് നല്‍കാതെ, നാള്‍ക്കുന്നാള്‍ വര്‍ദ്ധിക്കുന്ന വിലകയറ്റത്തിലും, വിശ്രമമില്ലാതെ ജോലിയെടുക്കുന്ന നഴ്‌സുമാരോട് സര്‍ക്കാരും മാനേജുമെന്റും മുഖം തിരക്കുന്ന നിലപാട് സ്വീകരിക്കുന്നതിനെതിരെ തന്നെയാണ് ഇത്തവണയും സമരത്തിനിറങ്ങേണ്ടി വരുന്നത്. ദിവസ വേതനം 1500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍എ നാളെ തൃശൂരില്‍ സൂചന പണിമുടക്ക് നടത്തും.

നിലവിലെ നിയമം അനുസരിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ പരമാവധി 5 വര്‍ഷത്തിനുള്ളില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കണം. എന്നാല്‍ 2017ലെ ശമ്പള പരിഷ്‌കരണത്തിന് ശേഷം ഇന്നേവരെ വേതനം വര്‍ധനവ് നടപ്പിലാക്കിയിട്ടില്ല. 2020ലായിരുന്നു ശമ്പള വര്‍ധനവ് നടപ്പാലാക്കേണ്ടിയിരുന്നത്. ഒരുമാസം മുന്‍പ് ലേബര്‍ ഓഫീസര്‍ക്ക് നല്‍കിയ പണിമുടക്ക് നോട്ടീസിനെ തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തിരുമാനിച്ചത്. തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല. നാളെ നടക്കുന്നത് സൂചനാ പണിമുടക്കാണെന്നും പരിഹാരം കണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കേരളം മുഴുവന്‍ ശക്തമാക്കാനാണ് തീരുമാനമെന്നും യുഎന്‍എ നേതൃത്വം വ്യക്തമാക്കുന്നു.

വിശ്രമമില്ലാതെ ജോലിയെടുക്കുന്ന നഴ്‌സുമാരൊടുള്ള അവഗണനയാണ് തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയില്‍ സ്വകാര്യ മാനേജ്‌മെന്റ് പങ്കെടുക്കാതിരുന്നതെന്ന് ഷോബി ആരോപിച്ചു. 2022 ഡിസംബര്‍ 15 ന് കരി ദിനം ആചരിച്ച് നഴ്‌സുമാര്‍ അവരുടെ പ്രതിഷേധം അറിയിച്ചിരുന്നു.

ഇടക്കാലാശ്വാസമായ 50% ശബളവര്‍ദ്ധനയെങ്കിലും നല്‍കുക, കോണ്‍ട്രാക്ട് നിയമനങ്ങള്‍ നിര്‍ത്തലാക്കുക, ലേബര്‍ നിയമനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാവുക. നിയമലംഘനങ്ങള്‍ നടത്തുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടി എടുക്കുക. ആശുപത്രികളില്‍ കര്‍ശനമായി രോഗി- നഴ്‌സ് അനുപാതം നടപ്പിലാക്കുക. ലേബര്‍ക്ക് കിട്ടേണ്ട ആനൂകൂല്യങ്ങള്‍ നല്‍കുക. പുതിയ നിയമനങ്ങള്‍ ട്രെയിനി ആയി നടപ്പാക്കാതെ സ്ഥിരമാക്കുക. ട്രെയിനിയായി നിയമിക്കുന്നവര്‍ക്ക് തുടര്‍ന്ന് ആനൂകൂല്യങ്ങള്‍ നല്‍കുക എന്നിവയാണ് യുഎന്‍എയുടെ ആവശ്യം. എന്നാല്‍ ഇവ അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ല.

സ്വകാര്യ ആശുപത്രികള്‍ നിലവില്‍ സ്ഥിര നിയമനം നടത്താറില്ല. താല്‍കാലികാടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയമിക്കുക, കരാര്‍ പുതുക്കുക, ഇതാണ് നിലവിലെ അവസ്ഥ. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം ശമ്പളം നല്‍കാതെ ചൂഷമം ചെയ്യാനുള്ള സൗകര്യമാണ് മാനേജ്‌മെന്റിന് നല്‍കുന്നത്.

സമരത്തിലേക്ക ഇറങ്ങുമ്പോള്‍ ഒ പി സേവനങ്ങള്‍ ബഹിഷ്‌ക്കരിക്കും എന്നാല്‍ എമര്‍ജന്‍സി സേവനങ്ങള്‍ക്കുള്ള ജോലിക്കാരെ വിട്ടുനല്‍കുമെന്നും എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും ആവശ്യസേവനങ്ങള്‍ തടസ്സപ്പെടില്ല എന്നും യുഎന്‍എ അറിയിച്ചു. സൂചനാ പണിമുടക്കില്‍ പങ്കെടുക്കുന്ന മുഴുവന്‍ നഴ്‌സുമാരും അഞ്ചാം തീയതി തൃശൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.