Fri. Jun 14th, 2024

കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ലോക്‌സഭയുടെ ചട്ടം 193 പ്രകാരം അടിയന്തര പ്രാധാന്യമുള്ള ദേശീയ വിഷയങ്ങളില്‍ ആറ് ഹ്രസ്വ ചര്‍ച്ചകള്‍ മാത്രമേ മോദി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളൂ എന്ന് ന്യൂ ഡല്‍ഹി ആസ്ഥാനമായ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആര്‍എസ് ലജിസ്ലേറ്റീവ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് (2014-2019) 33 ഹ്രസ്വ ചര്‍ച്ചകള്‍ അനുവദിച്ചിരുന്നു എന്നും പിആര്‍എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Atal Bihari Vajpayee Former Prime Minister of India
അടൽ ബിഹാരി വാജ്പേയി

അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ ഭരിച്ചിരുന്ന 1999-2004 കാലയളവില്‍ 59 ഹ്രസ്വകാല ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കിയിരുന്നു. മോദി ഭരണത്തില്‍ പാര്‍ലമെന്റില്‍ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കരുത് എന്ന് നിര്‍ബന്ധപൂര്‍വ്വം തീരുമാനിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതായാണ് പിആര്‍എസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഒന്നാം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഭരിച്ചിരുന്ന 2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 55 ഹ്രസ്വ ചര്‍ച്ചകളും മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച കാലയളവില്‍ (2009-2014) 41 ഹ്രസ്വ ചര്‍ച്ചകളും അനുവദിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചട്ടം 193 പ്രകാരം ഔപചാരിക പ്രമേയം അവതരിപ്പിക്കാതെ തന്നെ സഭയില്‍ ചര്‍ച്ചകള്‍ അനുവദിക്കും. അതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം വോട്ടെടുപ്പ് നടത്താന്‍ കഴിയില്ല. ഡിസംബര്‍ 23ന് സമാപിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്‌സഭയില്‍ ചട്ടം 193 പ്രകാരം മൂന്നു ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇന്ത്യയിലെ കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിലായിരുന്നു രണ്ടു ചര്‍ച്ചകള്‍. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു മൂന്നാമത്തെ ചര്‍ച്ച.

കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടയില്‍ ചട്ടം 193 പ്രകാരമുള്ള ഹ്രസ്വ ചര്‍ച്ചകളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് പിആര്‍എസ് ലജിസ്ലേറ്റീവ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ രാജ്യം നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേന്ദ്രം ഒഴിവാക്കുകയാണെന്നും ബില്ലുകള്‍ പാസാക്കാന്‍ മാത്രം ഇരുസഭകളെയും ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചതായും പ്രതിപക്ഷം ആരോപിച്ചിരുന്നു.

നരേന്ദ്ര മോദി narendra modi prime minister of india
നരേന്ദ്ര മോദി

രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ചട്ടം 267 പ്രകാരമുള്ള ചര്‍ച്ചകള്‍ക്ക് രാജ്യസഭയില്‍ അനുമതി നിഷേധിക്കുന്നതായും പ്രതിപക്ഷം ആക്ഷേപം ഉയര്‍ത്തിയിരുന്നു. ചട്ടം 267 പ്രകാരം പ്രധാനപ്പെട്ട വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയാല്‍, ആ ദിവസത്തെ മറ്റു നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നതാണ് രീതി.

ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡിസംബര്‍ 13 ന് രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് ശേഷം വിഷയത്തില്‍ കൂടുതല്‍ വ്യക്തത തേടി പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് ‘വൈകാരികമായ’ വിഷയമാണെന്ന് പറഞ്ഞ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ശ് സിംഗ് ചോദ്യങ്ങള്‍ നിരസിക്കുകയാണുണ്ടായത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ തല്‍സ്ഥിതി ഏകപക്ഷീയമായി മാറ്റുകയായിരുന്നു ചൈനീസ് സൈന്യത്തിന്റെ ലക്ഷ്യമെന്നും എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ ഇത് തടഞ്ഞതായാണ് രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.

17ാം ലോക്‌സഭയിലെ ശൈത്യകാല സമ്മേളനത്തില്‍ ഏറ്റവും കുറവ് ദിവസങ്ങളാണ് പാര്‍ലമെന്റ് സമ്മേളിച്ചത് എന്ന പ്രത്യേകത കൂടിയുണ്ടെന്ന് പിആര്‍എസ് ചൂണ്ടിക്കാണിക്കുന്നു. നിശ്ചയിച്ചതിലും ആറ് ദിവസം നേരത്തേ ശൈത്യകാല സമ്മേളനം അവസാനിപ്പിച്ചിരുന്നു. ഡിസംബര്‍ ഏഴിനാണ് ശൈത്യകാല സമ്മേളനം തുടങ്ങിയത്. ഡിസംബര്‍ 29ന് അവസാനിപ്പിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഉത്സവ സീസണും പുതുവത്സര ആഘോഷങ്ങളും ചൂണ്ടികാട്ടി നേരത്തെ അവസാനിപ്പിക്കണമെന്ന് സര്‍ക്കാറിനോടും ഇരു സഭകളുടേയും പ്രിസൈഡിങ് ഓഫീസര്‍മാരോടും ആവശ്യപ്പെടുകയായിരുന്നു.

സര്‍ക്കാര്‍ കൊണ്ടുവന്ന 9 ബില്ലുകളില്‍ 7 ബില്ലുകളും ശൈത്യകാല സമ്മേളനത്തില്‍ പാസാക്കി. പട്ടിക വര്‍ഗ വിഭാഗവുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍, വന്യജീവി സംരക്ഷണം ഭേദഗതി ബില്‍, ഊര്‍ജ സംരക്ഷണ ബില്‍, ആന്റി മാരിടൈം പൈറസി ബില്‍ തുടങ്ങിയവ പാസാക്കിയതില്‍ പെടുന്നു.