Wed. Jan 22nd, 2025

 

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പിരിമുറുക്കം കുറക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

റിപ്പോര്‍ട്ടുകള്‍  തങ്ങള്‍ കാണുന്നുവെന്നും പ്രദേശത്തെ പിരിമുറുക്കം വര്‍ദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉത്തരവാദിത്വമുണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് സ്റ്റെഫാന്‍ ദുജാറിക്കിന്റെ പ്രസ്താവന.

ഡിസംബര്‍ 9 ന് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്ത്സെ മേഖലയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റാന്‍ ചൈനീസ് സൈന്യം ശ്രമിച്ചതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം തുരത്തി ഓടിയ്ക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാര്‍ളമെന്റില്‍ പറഞ്ഞു.

നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും സുഗമമായ ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ ചൊവ്വാഴ്ച ബീജിംഗില്‍ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യത്തെ വലിയ ഏറ്റുമുട്ടലാണിത്

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.