ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീലുമായി കെഎസ്ആര്‍ടിസി. വന്‍വരുമാന നഷ്ടമാണ് ഉത്തരവ് വരുത്തി വച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെഎസ്ആര്‍ടിസി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു.
പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും കൃത്യമായി പഠിക്കാതെയാണ് ഉത്തരവെന്നും കെഎസ്ആര്‍ടിസി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ വ്യക്തമാക്കുന്നു.
ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. മുന്‍ സുപ്രിം കോടതി വിധിയില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെഎസ്ആര്‍ടിസി സുപ്രിം കോടതയില്‍ ചൂണ്ടിക്കാട്ടി. സാമൂഹിക വിഷയങ്ങളില്‍ ജൂഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോള്‍ തന്നെ ഇത്തരം ഉത്തരവുകള്‍ സാമൂഹിക സേവനം എന്ന നിലയില്‍ മുന്നോട്ട് പോകുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ബസുകളിലെ പരസ്യം അപകട സാധ്യത കൂട്ടുമെന്ന നിരീക്ഷണത്തിനെ തുടര്‍ന്ന് അവ നിരോധിച്ച് ഹൈക്കോടതി ഉത്തരവായത്.