Mon. Dec 23rd, 2024

തിരുവനന്തപുരം : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി. തീര്‍ത്ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാന്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേനെ 90,000 പേര്‍ക്കായിരിക്കും ഇനി ദര്‍ശനം അനുവദിക്കുകയെന്നും ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഭക്തജനങ്ങള്‍ക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി സംതൃപ്തമായ ദര്‍ശനം ഒരുക്കല്‍ പ്രധാനമാണ്. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വര്‍ദ്ധിപ്പിച്ചത് കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. വാഹനപാര്‍ക്കിംഗ് സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും നടപടികള്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലയ്ക്കലിലുള്ള പാര്‍ക്കിംഗ് സൗകര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ദേവസ്വം വകുപ്പുമന്ത്രി പങ്കെടുത്ത് ആഴ്ചയിലൊരിക്കല്‍ ഉന്നതതല യോഗം ചേര്‍ന്ന് അവലോകനം നടത്തും.

 

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.