Mon. May 6th, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ വിശ്വാസി സമൂഹത്തിന് ആശങ്ക വേണ്ടെന്നും രാവിലെ എട്ടുമണിമുതല്‍ ഒരുമണിവരെ എന്ന നിര്‍ദേശം വന്നിട്ടുണ്ടെങ്കിലും അതൊരു തീരുമാനമായി എടുത്തിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പാഠ്യപദ്ധതി ചട്ടക്കൂടുമായി ബന്ധപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേരള പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ കരടും കൈപുസ്തകങ്ങളും സമൂഹത്തില്‍ വലിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് എന്‍.ഷംസുദ്ദീന്‍ സഭയില്‍ പറഞ്ഞത്. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ലൈംഗിക അരാജകത്വത്തിലേക്കും സ്വതന്ത്ര ലൈംഗികതയിലേക്കും നയിക്കുന്നതിനാലാണ് എതിര്‍പ്പ് രൂക്ഷമാകുന്നതെന്നും ലിബറല്‍ അജന്‍ഡകള്‍ വിദ്യാഭ്യാസമേഖലയിലേക്ക് ഒളിച്ചുകടത്താനുള്ള നീക്കമാണിതെന്നും എം.എല്‍.എ. ആരോപിച്ചു. മുതിര്‍ന്ന കുട്ടികള്‍ക്കുള്ള മിക്സഡ് ബെഞ്ചും മിക്സഡ് ഹോസ്റ്റലും വലിയ പ്രയാസമുണ്ടാക്കും. ഇവിടെ അവസരസമത്വമാണ് വേണ്ടത്. ലിംഗസമത്വമല്ല. അങ്ങനെ പറയുന്നത് തെറ്റാണ്. ഈ കരട് വായിച്ചാല്‍ തോന്നുക ഏറ്റവും വലിയ പ്രശ്നം ലിംഗവിവേചനമാണെന്ന് തോന്നും. ലിംഗരഹിത സമൂഹമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത് എന്നും എന്‍.ഷംസുദ്ദീന്‍ പറഞ്ഞു.

ഷംസുദ്ധീനെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന് തോന്നുന്നു. സംസ്ഥാനങ്ങളെല്ലാം പാഠ്യപദ്ധതി ചട്ടക്കൂട്ട് വികസിപ്പിച്ച് കൊണ്ടിരിക്കുന്ന സമയമാണിത്. വിദ്യാഭ്യാസ, ലിംഗപരമായ സവിശേഷതയാല്‍ ഒരുകുട്ടിയെയും മാറ്റിനിര്‍ത്തപ്പെടരുത്. സ്ത്രീകള്‍ക്ക് നല്‍കിവരുന്ന സവിശേഷപരിഗണനയും സംരക്ഷണവും ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ വഴി നഷ്ടമാകുമെന്ന ആശങ്ക വേണ്ട. സ്‌കൂള്‍സമയമാറ്റത്തില്‍ തീരുമാനമെടുത്തിട്ടില്ല. മതനിരപേക്ഷത എന്നാല്‍ മതനിഷേധമല്ല. മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശ്യം സര്‍ക്കാരിനല്ല. വിശ്വാസിസമൂഹത്തിന് ഒരു ആശങ്കയും വേണ്ട. സമയത്തില്‍ രാവിലെ എട്ടുമുതല്‍ ഒരുമണിവരെ എന്ന നിര്‍ദേശം വന്നിട്ടുണ്ട്. എന്നാല്‍ അതൊരു തീരുമാനമായി എടുത്തിട്ടില്ലയെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.