Sun. Sep 8th, 2024

മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഞ്ചു പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. 181 വീടുകള്‍ തകര്‍ന്നു. ചെന്നൈ കോര്‍പറേഷനില്‍ മാത്രം 600 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍.സംസ്ഥാനത്ത് 205 ദുരിതാശ്വാസ ക്യാംപുകളിലായി ഒന്‍പതിനായിരത്തോളം പേരാണ് കഴിയുന്നത്. തമിഴ്‌നാട്ടിലെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റാണിപ്പേട്ട്, വെല്ലൂര്‍, തിരുവണ്ണാമലൈ, തിരുപത്തൂര്‍, കൃഷ്ണഗിരി, ധര്‍മപുരി ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നാളെ കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

അടുത്ത മൂന്ന് ദിവസം കേരളത്തിലും മഴ ശക്തമായേക്കും. ഞാ‌യർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട് പുറപ്പെടുവിച്ചു. ചൊവ്വാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതിനൊപ്പം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12 നും ഡിസംബർ 13 നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലെർട്ട്. 

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.