Sun. Apr 28th, 2024

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് പരിസ്ഥിതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ഡാം നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാമെന്നും കേരളം നിയോഗിച്ച സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട്. പുതിയ ഡാം നിര്‍മിക്കുന്നതിനു മുന്നോടിയായി കരാര്‍ ഏജന്‍സി നല്‍കിയ പരിസ്ഥിതി ആഘാത പഠനത്തിന്റെ 3 വാല്യങ്ങളുള്ള കരടു റിപ്പോര്‍ട്ടാണു സംസ്ഥാന ജലസേചന വകുപ്പിലെയും തൃശൂര്‍ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിന്റെയും വിദഗ്ധര്‍ ഉള്‍പ്പെടുന്ന സാങ്കേതിക സമിതി പരിശോധിച്ചത്. മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന പഴയ ഡാമിന്റെയും പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഡാമിന്റെയും വൃഷ്ടി പ്രദേശത്തെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചാണ് കരാര്‍ ഏജന്‍സിയായ ഹൈദരാബാദിലെ പ്രഗതി ലാബ്‌സ് ആന്‍ഡ് കണ്‍സല്‍റ്റന്‍സ് പ്രൈവറ്റ് ലിമിറ്റഡ് പഠനം നടത്തി ജലസേചന വകുപ്പിനു കരടു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മേഖലയിലെ ജീവജാലങ്ങളെയും സസ്യങ്ങളെയും പരിസ്ഥിതിയെയും പുതിയ ഡാമിന്റെ നിര്‍മാണം ഒരു തരത്തിലും നേരിട്ടോ അല്ലാതെയോ ബാധിക്കില്ലെന്നും ജൈവ വൈവിധ്യത്തിനു ദോഷകരമല്ലെന്നും കരടു റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന 50 ഹെക്ടര്‍ സ്ഥലത്തായിരുന്നു പഠനം. പരിസ്ഥിതി പഠനത്തെക്കുറിച്ചുള്ള ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ജലസേചന വകുപ്പിനു കൈമാറും. ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയിലാണ് ഈ പ്രദേശം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള തമിഴ്‌നാട് ചീഫ് സെക്രട്ടറിമാര്‍ ഇന്നു ചെന്നൈയില്‍ ചര്‍ച്ച നടത്തും. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചില പരാതികള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിതല ചര്‍ച്ച നടത്തണമെന്നു സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു ചര്‍ച്ച.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.