Mon. Dec 23rd, 2024

കുപ്രസിദ്ധ റഷ്യന്‍ ആയുധ ഇടപാടുകാരന്‍ വിക്ടര്‍ ബൗട്ടിനെ യുഎസ് വിട്ടയച്ചതോടെ ഡബ്ല്യുഎന്‍ബിഎ താരം ബ്രിട്നി ഗ്രിനറെ റഷ്യ മോചിപ്പിച്ചു. ഇവരെ ദുബായില്‍ വെച്ചാണ് പരസ്പരം കൈമാറിയത്. യുക്രെന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മോശമായതിനെ തുടര്‍ന്നാണ് കൊടും കുറ്റവാളിയായ വിക്ടറിനെ റഷ്യക്ക് നല്‍കി ബ്രിട്‌നെ രക്ഷിക്കാന്‍ അമേരിക്കന്‍ ഭരണകൂടം നിര്‍ബന്ധിതമായത്. രണ്ടു തവണ ഒളിംപിക് സ്വര്‍ണ മെഡല്‍ നേടിയ യുഎസ് ടീം അംഗവും വനിതാ ദേശീയ ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്റെ ഫീനിക്സ് മെര്‍ക്കുറി ടീമിലെ സൂപ്പര്‍ താരവുമായ ബ്രിട്നിയെ ലഹരിപദാര്‍ഥം കൈവശം വച്ചതിന് റഷ്യന്‍ അധികൃതര്‍ ഫെബ്രുവരി 17ന് മോസ്‌കോ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റുചെയ്തത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ബ്രിട്നിയുടെ വാദം തള്ളി റഷ്യന്‍ കോടതി 9 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

മരണത്തിന്റെ വ്യാപാരി എന്ന് അറിയപ്പെടുന്ന ആയുധക്കച്ചവടക്കാരന്‍ മുന്‍ റഷ്യന്‍ സൈനികന്‍ വിക്ടര്‍ ബൗട്ടിനെ 2008 ല്‍ തായ്ലന്‍ഡില്‍ വച്ച് ആണ് യുഎസ് അധികൃതര്‍ പിടികൂടുന്നത്. യുഎസില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ അനധികൃതമായി വിറ്റ ബൗട്ടിന് 2012 ല്‍ യുഎസ് കോടതി 25 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. ബൗട്ട് നിരപരാധിയാണെന്നായിരുന്നു റഷ്യയുടെ നിലപാട്. ബൗട്ടിന്റെ ജീവചരിത്രം ആസ്പദമാക്കി നിര്‍മിച്ച ‘ലോര്‍ഡ് ഓഫ് വാര്‍’ എന്ന ഹോളിവുഡ് ചിത്രം സുപ്പര്‍ഹിറ്റായിരുന്നു.

ബ്രിട്നിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ശക്തമായതോടെ ആണ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലവ്റോവിനെ നേരിട്ടു വിളിച്ച് സമവായത്തില്‍ എത്തിയത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.