Mon. Dec 23rd, 2024

രണ്ടു ദിവസം മുൻപായിരുന്നു മുംബൈയിലെ കുർളയിൽ നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന ഒരു മൂന്നുനില കെട്ടിടം തകർന്നു വീണത്. ആ അപകടത്തിൽ 19 പേർക്ക് ജീവൻ നഷ്ടമാവുകയും, 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയിൽ ശോചനാവസ്ഥയിലായിരുന്ന കെട്ടിടം നിലം പതിക്കുകയായിരുന്നെന്ന് പറയുമ്പോഴും, ഒരു ഒറ്റപ്പെട്ട സംഭവമായി ഈ അപകടത്തെ തള്ളിക്കളയാനാവില്ല. കാരണം ആദ്യമായല്ല മുംബൈയിൽ കെട്ടിടങ്ങൾ തകർന്നു വീഴുന്നത്. 

ഈ മാസം ആദ്യം കെട്ടിടം തകർന്ന് രണ്ട് പേർക്ക് ജീവൻ നഷ്ടമാവുകയും, 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ അപകടമുണ്ടായി രണ്ട് ദിവസത്തിന് ശേഷം നഗരത്തിന്റെ മറ്റൊരു ഭാഗത്ത് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചിരുന്നു. 2021-ലെ മൺസൂൺ കാലഘട്ടത്തിലും  മുംബൈയിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണിരുന്നു. 2013-നും 2019-നും ഇടയിൽ 228 കെട്ടിടങ്ങളെങ്കിലും നിലം പതിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഈ അപകടങ്ങളിൽ ഇരുന്നൂറ് പേർ മരിക്കുകയും ഏകദേശം 1200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വർഷത്തെ മഴക്കാലം തുടങ്ങി, ആദ്യത്തെ കനത്ത മഴയിലാണ് കുർളയിൽ കെട്ടിടം തകർന്നത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന മഴയിൽ കെട്ടിടങ്ങൾ തകർന്നു വീഴാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല. 

കാർഡുകൾ പോലെ മുംബൈയിൽ മാത്രം ഇത്രത്തോളം കെട്ടിടങ്ങൾ തകരുന്നതിന്  വ്യക്തമായ കാരണങ്ങളുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള, ബോളിവുഡിന്റെയും ദലാൽ തെരുവിന്റെയും നഗരമാണ് മുംബൈ. ഓരോ വർഷവും 200000 പേരെങ്കിലും മുംബൈയിലേക്ക് ചേക്കേറുന്നുണ്ട്. പലരും ഉപജീവനമാർഗം തേടിയും, ചിലർ താരപദവി തേടിയും എത്താറുള്ള മുംബൈയെ അതുകൊണ്ട് തന്നെ സ്വപ്നങ്ങളുടെ നഗരം എന്നും വിളിക്കാറുണ്ട്. എന്നാൽ ഈ നഗരത്തിന് ഒരുപാട് സ്വപ്നങ്ങൾ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ എന്നതാണ് യാഥാർഥ്യം. ആ സ്വപ്നങ്ങളുമായി എത്തുന്ന ആളുകളെ താമസിപ്പിക്കാനുള്ള ഇടം ഇവിടെയില്ല. 603 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മുംബൈയിൽ 2 കോടിയാണ് ജനസംഖ്യ. 1991 മുതൽ ഇവിടുത്തെ ജനസംഖ്യ ഓരോ വർഷവും വർദ്ധിക്കുന്നുണ്ടെങ്കിലും, ഭൂമി അതിനനുസരിച്ച് വികസിക്കുന്നില്ല. 

ഇന്ന് മുംബൈയിൽ ഒരു ചതുരശ്ര മൈലിൽ 73000 ആളുകളാണ് താമസിക്കുന്നത്. ഇവർക്കെല്ലാം ഭൂമി വാങ്ങി താമസിക്കാൻ മാത്രം അവിടെ ഭൂമിയില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ ബജറ്റിന് അനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള വീടുകളിൽ താമസമാക്കാൻ ഇവിടെയുള്ള ആളുകൾ നിർബന്ധിതരാകും. ഇതിൽ പലരും താമസിക്കുന്നത് അനധികൃത കെട്ടിടങ്ങളിലാണ് എന്നതാണ് യാഥാർഥ്യം. ഇവ പലതും പഴയ ജീർണിച്ച നിലംപൊത്താറായ കെട്ടിടങ്ങളാണ്. രണ്ട് ദിവസം മുൻപ് വീണ കെട്ടിടവും ഇത്തരത്തിലുള്ളതായിരുന്നു. അവിടുത്തെ വാടകക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ട് അഞ്ചോ ആറോ വർഷം മുമ്പ് അധികാരികൾ നോട്ടീസ് നൽകിയതാണ്. പക്ഷെ തങ്ങളുടെ സാഹചര്യം കൊണ്ട് ആ താമസക്കാർ ആരും തന്നെ മാറി താമസിച്ചില്ല. 

എല്ലാ വർഷവും മുംബൈയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാവുമ്പോൾ, മാധ്യമങ്ങളിൽ വെറും വാർത്തയായി വന്നു പോകും എന്നല്ലാതെ, മറ്റൊന്നും സംഭവിക്കുന്നില്ല. അപകടത്തിന് കാരണമായ സുരക്ഷയുടെ അഭാവത്തെക്കുറിച്ചോ ഉത്തരവാദിത്തത്തിന്റെ അഭാവത്തെക്കുറിച്ചോ ആരും ചർച്ച ചെയ്യില്ല. എന്തെങ്കിലും ചോദിച്ചാൽ മുംബൈയുടെ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ആവശ്യമായ പ്രവർത്തികൾ ചെയ്യുകയാണെന്ന് മാത്രം പറയും. 

എല്ലാ വർഷവും ജീർണിച്ച കെട്ടിടങ്ങളുടെ ലിസ്റ്റ് ബിഎംസി പ്രസിദ്ധീകരിക്കാറുണ്ട്. ഈ വർഷം 337 കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകുകയും,  102 കെട്ടിടത്തിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ  113 കെട്ടിടങ്ങൾ ഒഴിപ്പിച്ചു. പക്ഷെ 122 കെട്ടിടങ്ങളിലെ താമസക്കാർ കോടതിയെ സമീപിക്കുകയും തങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ തിരികെ താമസിക്കുകയാണെന്ന് കാണിച്ച് ഒപ്പിട്ട് നൽകുകയും ചെയ്തിരുന്നു. കുർളയിലെ തകർന്ന കെട്ടിടത്തിലെ താമസക്കാരും ഈ കൂട്ടത്തിൽപ്പെടും. പക്ഷെ ഇവരെ കുറ്റം പറയാൻ പറ്റില്ല. ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും, മറ്റൊരിടത്തേക്കും അവർക്ക് പോകാൻ ഇല്ലാത്തതു കൊണ്ടായിരുന്നു അവർ അവിടെ തന്നെ താമസിച്ചത്. 

മുംബൈയിൽ ഒരു സ്ഥലം വാടകയ്ക്ക് എടുക്കുന്നത് എളുപ്പമല്ല. സെക്യൂരിറ്റി പണമായി മാത്രം ലക്ഷക്കണക്കിന് രൂപ നൽകണം.  700 ചതുരശ്ര അടിയുള്ള രണ്ട് ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് പ്രതിമാസം ഏകദേശം 35000 രൂപയാണ് വാടക. മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് എഴുപതിനായിരം രൂപയെങ്കിലും നൽകണം. ഇത് പക്ഷെ പലർക്കും താങ്ങാനാവുന്ന തുകയല്ല. പിന്നെ അവർക്ക് ആകെ കഴിയുന്നത് അനധികൃത കെട്ടിടങ്ങളിൽ താമസിക്കുക എന്ന് മാത്രമാണ്. 

അനധികൃത ഭൂമിയിൽ, നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഈ കെട്ടിടങ്ങൾക്ക് വാടക കുറവാണ്. ഇവ നിയമവിരുദ്ധമായ കെട്ടിടങ്ങളാണ്. അതുകൊണ്ട് തന്നെ ഇവയൊന്നും ബിഎംസിയുടെ ലിസ്റ്റിൽ ഉൾപ്പെടുന്നതല്ല. ഇവിടെയുള്ളവർ വോട്ട് ബാങ്കായതിനാൽ പാർട്ടിക്കാരും ഇവരെ ഒഴിപ്പിക്കാനോ, നടപടി എടുക്കാനോ ശ്രമിക്കില്ല. അതിലും വലിയ വിരോധാഭാസം, കുർളയിലെ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധി, നിലവിൽ ആ നാട്ടിലെ ഇല്ല എന്നതാണ്. അവിടുത്തെ എംഎൽഎ മംഗെസ്ഗ് കുണ്ഡൽക്കർ, മഹാരാഷ്ട്ര സർക്കാരിനെ വെല്ലുവിളിച്ച് ഗുവാഹത്തിയിലെ ഒരു റിസോർട്ടിൽ കഴിയുകയാണ്. ഈ കാലവർഷത്തിൽ കെട്ടിടങ്ങളോടൊപ്പം മഹാരാഷ്ട്ര സർക്കാരും നിലംപൊത്തുന്നത് എംഎൽഎ ദൂരെ നിന്ന് നോക്കി നിൽക്കുകയാണ്. 

എന്തായാലും ഇപ്പോഴുണ്ടായ കെട്ടിടം തകർന്ന അപകടം ഒരു മനുഷ്യനിർമിത ദുരന്തമാണെന്ന് പറയേണ്ടി വരും. ഒപ്പം അതൊരു ഓർമ്മപ്പെടുത്തൽ കൂടിയാവുന്നുണ്ട്. ഒരു ജീവൻ രക്ഷിക്കാൻ വേണ്ടിയെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയം മാറ്റിവെയ്ക്കാൻ രാഷ്ട്രീയക്കാർ തയ്യാറാവണം. മുംബൈയ്ക്ക് സ്ഥിരമായ ഓഡിറ്റ് ആവശ്യമാണ്. അവിടുത്തെ ജനങ്ങൾക്ക് താങ്ങാനാവുന്ന പാർപ്പിടവും ജീർണിച്ച ഘടനകൾ ശരിയാക്കാൻ സാധ്യമായ ബദലുകളും ആവശ്യമാണ്. ഇതാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം. അതിലെ ജനങ്ങൾ അവരുടെ വീടുകളിൽ സുരക്ഷിതരാണെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിന് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം.