Interview with PE Usha
Reading Time: 27 minutes

(സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണങ്ങൾക്കു വേണ്ടി പോരാടുന്ന സാമൂഹ്യ പ്രവർത്തകയാണ് പി ഇ ഉഷ. മലയാള സമഖ്യ സൊസൈറ്റിയുടെ ഡയറക്ടറായി അഞ്ച് വർഷകാലം ഉഷ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലൈംഗിക പീഡനത്തിന് ഇരകളായ പെൺകുട്ടികളെ പുനരധിവസിപ്പിക്കുന്ന ‘നിർഭയ’യുടെ മേൽനോട്ട ചുമതല ഈ സൊസൈറ്റിക്കായിരുന്നു. അതിനു മുൻപ് പതിമൂന്നു വർഷം അട്ടപ്പാടി ഹിൽസ് ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. അനുപമയുടെ കുട്ടിയെ ദത്തു നൽകിയ കേസ്, നടി ആക്രമിക്കപ്പെട്ട കേസ് തുടങ്ങി നിരവധി സാമൂഹ്യ വിഷയങ്ങളിൽ നീതിക്ക് വേണ്ടി പോരാട്ടം നടത്തുന്ന പിഇ ഉഷ, വോക്ക് മലയാളവുമായി നടത്തിയ അഭിമുഖം) 

അനുപമയുടെ കുട്ടിയുടെ കേസിൽ സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ നടത്തിയ വലിയൊരു നിയമപോരാട്ടത്തിന് അനുപമയോടൊപ്പം മുൻനിരയിൽത്തന്നെ മുഴുവൻ പിന്തുണയും നൽകിയ ഒരാളായിരുന്നല്ലോ താങ്കൾ. ആ പോരാട്ടത്തെയും വിജയത്തെയും നിങ്ങൾ എങ്ങനെയാവും നോക്കി കാണുക? കുട്ടിയെ അനുപമയ്‌ക്ക് ലഭിച്ചതോടെ നിയമ പോരാട്ടം അവസാനിച്ചെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? 

ർക്കാരിനെതിരെ എന്ന് പറയാനാകില്ല. സംവിധാനങ്ങൾ കുട്ടിക്കെതിരാവുകയും കുട്ടിയുടെയും, കുട്ടിയുടെ മാതാപിതാക്കളുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഞാൻ അതിന്റെ കൂടെ നിൽക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കുട്ടിയുടെ അമ്മയായിട്ടുള്ള അനുപമ വളരെ ധീരമായി, ഒരു തരത്തിലുമുള്ള ചാഞ്ചല്യവും ഇല്ലാതെ കുഞ്ഞിനെ കിട്ടിയിട്ടേ പിന്മാറുകയുള്ളൂ എന്ന അവസ്ഥയിൽ തന്നെ നിന്നു എന്നതാണ്. 

രണ്ടാമത്തെ കാര്യം, ഈ നിയമപോരാട്ടം അവസാനിക്കുന്നില്ല, അവസാനിച്ചിട്ടുമില്ല എന്നതാണ്. അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അനുപമ ഐഎഎസിന്റെ അന്വേഷണ റിപ്പോർട്ടിൽ നടപടി എടുക്കുന്നുണ്ടെന്ന് കഴിഞ്ഞ നിയമസഭയിൽ ബന്ധപ്പെട്ട മന്ത്രി പറഞ്ഞിരുന്നു. അതേ സമയം ഞങ്ങളും വിവരാവകാശ നിയമപ്രകാരം കുറേ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതുകഴിഞ്ഞും ഇത് തുടരുക തന്നെ ചെയ്യും. 

ഏതൊരു ദുർബലനായ കുട്ടിക്കും, തന്റെ അവകാശം കൃത്യമായി സ്ഥാപിക്കപ്പെട്ട് കിട്ടാനാവശ്യമായ തരത്തിൽ വിവേകമുള്ള, സൂക്ഷ്മ ബോധമായ ഒരു സംവിധാനമാണ് ആവശ്യം.

ഇതുകൂടാതെ വിഷയത്തിൽ ഒരു ഫാക്ട് ഫൈൻഡിങ് കമ്മിറ്റിയെ ദേശീയ തലത്തിൽ നിയോഗിച്ചിരുന്നു. അവരുടെ പ്രവർത്തനം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഇംഗ്ലീഷിലുള്ള അവരുടെ റിപ്പോർട്ട് മലയാളത്തിലേക്ക് തർജ്ജമയും ചെയ്തിട്ടുണ്ട്. ഒരു മീറ്റിംഗ് കൂടിയ ശേഷം ഫാക്ട് ഫൈൻഡിങ്ങിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കും. 

അനുപമയുടെ കുഞ്ഞിനോട് കാണിച്ച നീതികേടും, ഇത്തരത്തിൽ നിരന്തരമായി നടക്കുന്ന നീതികേടുകളും, കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സംവിധാനങ്ങൾ ദുർബലപ്പെടുത്തുന്നതും വികലമാക്കുന്നതുമായുള്ള നയങ്ങളെയും ചോദ്യം ചെയ്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യും. വലിയൊരു ടീം ഒന്നുമില്ലെങ്കിലും നമുക്കൊരു ടീമുണ്ട്. അവരെല്ലാവരും അതിനു വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. 

അനുപമ I. A. S. നടത്തിയ അന്വേഷണറിപ്പോർട്ടിൽ നടപടി എടുക്കുമെന്ന് സർക്കാർ പറയുമ്പോഴും, അതേ കേസിൽ കുറ്റാരോപിതയായ അഡ്വ. സുനന്ദയെ ബാലാവകാശ കമ്മീഷൻ അംഗമായി നിയമിക്കുന്നതിലൂടെ സർക്കാരിന്റെ ഇരട്ടത്താപ്പ് അല്ലെ വ്യക്തമാക്കുന്നത്? 

ർക്കാരിന്റെ ഇരട്ടത്താപ്പ് എന്നല്ല. മറിച്ച് സർക്കാർ കുഞ്ഞുങ്ങളുടെ അവകാശത്തിനു വില കൊടുക്കുന്നില്ലെന്ന തരത്തിൽ അനുഭവമുണ്ടാകുന്ന ഒരുപാട് നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സുനന്ദയെ ബാലാവകാശ കമ്മീഷൻ അംഗമാക്കുന്നത് മുതൽ സിഡബ്ള്യൂസിയുടെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലും, അവരെ തിരഞ്ഞെടുക്കാനുള്ള ബോർഡ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടും, വിവിധ പോക്സോ കോടതികളിലെ പ്രോസിക്യൂട്ടർമാരുടെ തിരഞ്ഞെടുപ്പും അവരുടെ പ്രവർത്തനങ്ങളും, തുടങ്ങി നിരവധി കാര്യങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വളരെ ഗൗരവമായിട്ടാണ് ഞങ്ങൾ ഈ വിഷയത്തെ കാണുന്നത്. സർക്കാർ ഈ കാര്യത്തിൽ കുട്ടികളുടെ പക്ഷത്തല്ല എന്നതാണ് നമ്മുടെ ഒരു അനുഭവം. അതുകൊണ്ട് തന്നെ അത് തിരുത്തി, സർക്കാർ കുട്ടികളുടെ അവകാശം സംരക്ഷിക്കണം.

കാരണം കുട്ടികളുടെ അവകാശം മറ്റു പ്രായമായ ആളുകളുടെ അവകാശം പോലെയല്ല. കുട്ടികളുടെ അവകാശങ്ങൾ നമ്മൾ നിഷേധിക്കുമ്പോൾ, നമ്മൾ നമ്മളെ തന്നെയാണ് നിഷേധിക്കുന്നത്. നമ്മുടെ അടുത്ത തലമുറയാണവർ. അത് മാത്രമല്ല, ഏതെങ്കിലുമൊരു ഫോറത്തിൽ ചെന്ന് കുട്ടികൾക്ക് ഇത് പറയാൻ കഴിയില്ല. അതുകൊണ്ട് തന്നെ കുട്ടികൾക്കായുള്ള സംവിധാനങ്ങൾ കുറ്റമറ്റതും ശക്തവും ശിശു സൗഹാർദവുമായിരിക്കണം. ഏതൊരു ദുർബലനായ കുട്ടിക്കും, തന്റെ അവകാശം കൃത്യമായി സ്ഥാപിക്കപ്പെട്ട് കിട്ടാനാവശ്യമായ തരത്തിൽ വിവേകമുള്ള, സൂക്ഷ്മ ബോധമായ ഒരു സംവിധാനമാണ് ആവശ്യം.അതുകൊണ്ട് തന്നെ നിലവിലെ സംവിധാനത്തോട് അതിശക്തമായ പ്രതിഷേധവും, വളരെ വേദനയുമുണ്ട്. കുട്ടികളെ സംരക്ഷിക്കാത്ത, കുട്ടികൾക്ക് വേണ്ടിയൊരു സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്ന മറ്റൊരു ജീവിയുണ്ടാകുമോ? ഏതെങ്കിലും പാർട്ടിയിലെ ആളുകൾക്കുള്ള റീഹാബിലിറ്റേഷൻ കേന്ദ്രങ്ങളല്ലല്ലോ ഇവയൊന്നും. 

അനുപമയുടെ കുഞ്ഞിന്റെ കാര്യത്തിൽ വളരെ കൃത്യമായ അവകാശ ലംഘനം നടത്തിയിട്ടുള്ള, നിയമവിരുദ്ധമായ പ്രവർത്തനം നടത്തിയിട്ടുള്ള, അവരുടെ പദവി ദുരുപയോഗപ്പെടുത്തിയിട്ടുള്ള, പദവിയിൽ ഇരുന്നുകൊണ്ട് കുറ്റം ചെയ്തിട്ടുള്ള ഒരാളാണ് സുനന്ദ. അതേ സമയം ബാലാവകാശ കമ്മീഷന്റെ അംഗമാകാനുള്ള മാർഗനിർദേശങ്ങളിൽ, ആ വ്യക്തി നിയമവിരുദ്ധമായിട്ടുള്ള ഒരു പ്രവർത്തനവും ചെയ്തിട്ടുള്ള ആളായിരിക്കരുതെന്ന് പറയുന്നുണ്ട്. അപ്പോൾ ബാലാവകാശ അംഗത്തിന് ഉണ്ടാവേണ്ട പ്രാഥമിക യോഗ്യതയിൽ നിന്ന് തന്നെ അവർ പുറത്തായി. മാത്രമല്ല, കേരളത്തിൽ വളരെയധികം ആക്ഷേപങ്ങൾ കേൾക്കുന്ന ഒന്നാണ് സിഡബ്ള്യൂസി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. 

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ അപേക്ഷിച്ച പലരെയും അനുപമ ഐഎഎസ് തള്ളിക്കളഞ്ഞിരുന്നു. ആ ഘട്ടത്തിൽ യോഗ്യരായ ആൾക്കാരെ ജില്ലയിൽ കിട്ടാത്ത സാഹചര്യവുമുണ്ടായിരുന്നു. തുടർന്ന് അനുപമ ഐഎഎസിനെ ആ പദവിയിൽ നിന്ന് മാറ്റിയിട്ട് വേറൊരാളെ നിയമിക്കുകയും, എന്നിട്ട് ആദ്യം തള്ളിക്കളഞ്ഞിട്ടുള്ള മുഴുവൻ ആളുകളെയും ഉൾക്കൊള്ളിച്ചു എന്നതാണ് മനസിലാവുന്നത്. ഇവർക്കെല്ലാം എന്തെങ്കിലും പദവികൾ കൊടുക്കാനാണെങ്കിൽ മറ്റു പദവികൾ കൊടുക്കാമല്ലോ. ഇത്രയധികം നമ്മുടെ കുട്ടികളെയും സമൂഹത്തെയും ബാധിക്കുന്ന പദവികൾ നൽകണമായിരുന്നോ? എന്തുകൊണ്ടാണ് ഈ കുട്ടികൾക്ക് വേണ്ടിയുള്ള സംവിധാനങ്ങൾ ഇത്രയ്ക്കധികം കുറ്റവാളികളെ കൊണ്ടും, ഈ വക കാര്യങ്ങളിൽ അറിവോ, പ്രതിബദ്ധതയോ ഇല്ലാത്ത ആളുകളെയും കൊണ്ട് നിറയ്ക്കുന്നത് എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. അത് തന്നെയാണ് കഠിനമായ പ്രതിഷേധത്തിന് പിന്നിലും. 

നമ്മുടെ ഭരണസംവിധാനത്തിലെ തന്നെ വളരെ മോശമായ അവസ്ഥയാണിത്. ഒരു ദുരന്തം പോലെത്തന്നെയാണ് എനിക്കിത് തോന്നുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം തന്നെ ഉണ്ടാവേണ്ടതുണ്ട്. എന്റെ അനുഭവത്തിൽ ഇത്രയ്ക്കധികം വികലമായ തെരഞ്ഞെടുപ്പും ഇന്റർവ്യൂ ബോർഡും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. സിഡബ്ള്യൂസി ഒക്കെ നിലവിൽ വന്നതിനു ശേഷം പല സിഡബ്ള്യൂസികൾ നമ്മൾ കണ്ടതാണ്. കഴിവ് കുറഞ്ഞവരൊക്കെ ഉണ്ടാകും എന്നല്ലാതെ ഇങ്ങനയുണ്ടാവില്ല. രാഷ്ട്രീയക്കാർ വരുന്നു എന്നതിനേക്കാൾ കുട്ടികളുടെ മേഖലയിൽ യാതൊരു പരിചയവും ഇല്ലാത്ത ആളുകളെ നിയമയ്ക്കുന്നതാണ് പ്രശ്നം. അതിനർത്ഥം അവർക്ക് ആ മേഖലയിൽ താല്പര്യമില്ല എന്നതല്ലേ? സിഡബ്ള്യൂസിയുടെ മുന്നിലെത്തുന്ന കുട്ടികളിൽ അധികവും സാമൂഹ്യമായിട്ട് പിന്നോക്കം നിൽക്കുന്നവരും, പ്രത്യക്ഷത്തിൽ തന്നെ ആരും ശ്രദ്ധിക്കാൻ ഇല്ലാത്തവരുമായിരിക്കും. ആ കുട്ടികളുടെ കാര്യത്തിൽ നമുക്ക് ഇത്രയൊക്കെ താല്പര്യമേയുള്ളു, അല്ലെങ്കിൽ കുട്ടികൾക്ക് എന്തെങ്കിലും ആവട്ടെ, നമ്മുടെ ആളുകളെയൊക്കെ രക്ഷപ്പെടുത്തിയെടുക്കാം എന്ന് പറയുമ്പോൾ നമ്മൾ അതിന് വിട്ടു കൊടുക്കാൻ തയ്യാറല്ല.

ഗവണ്മെന്റ് തസ്തികകളിലെ നിയമനത്തിൽ അർഹതയുള്ളവരെ പിന്തള്ളി പലപ്പോഴും ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകരെയോ, പാർട്ടി വിധേയത്വമുള്ളവരെയോ നിയമിക്കുന്ന കാര്യം പറഞ്ഞല്ലോ. ചൈൽഡ് വെൽഫയർ കമ്മിറ്റി പോലുള്ള, വളരെ ഉത്തരവാദിത്തപരമായ സംഘടനകളിൽ ഇങ്ങനെ അനർഹരായവരെ വെറും പാർട്ടിയുടെ പേരിൽ ഔദ്യോഗിക സ്ഥാനങ്ങൾ നൽകുന്നത് എത്രത്തോളം അപകടകരമാണ്?

ന്നാമതായി എനിക്ക് മനസിലാവത്തൊരു വൈരുദ്ധ്യം അതിലുണ്ട്. ഇത് ശരിക്കുമൊരു വലിയ പദവിയല്ല. ഇതൊരു ഉത്തരവാദിത്തമാണ്. ഒരു ജില്ലയിലെ ഒരു സിഡബ്ള്യൂസിയുടെ അംഗം എന്ന് പറഞ്ഞാൽ, ആ ജില്ലയിലുള്ള കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച വലിയ ഉത്തരവാദിത്തമാണ് അവിടെ ഏറ്റെടുക്കുന്നത്. അതിനെന്തിനാണ് അവർ മത്സരിക്കുന്നതെന്ന് നോക്കുമ്പോൾ തന്നെ നമുക്കറിയാം, എന്തൊക്കെയോ കാര്യങ്ങൾ മറച്ചുപിടിക്കാനും, ആരെയൊക്കെയോ രക്ഷിക്കാനും, ആരെയൊക്കെയോ തെറ്റായ തരത്തിൽ പിന്തുണക്കാനുമുള്ള ആഗ്രഹമാണ് ഇതിനു പിന്നിലെന്ന്. 

രണ്ടാമതായി ഈ പാർട്ടിയിലുള്ള ഇത്രയധികം ആളുകൾ കുട്ടികളെ ഉപദ്രവിക്കുന്നുണ്ടെന്നാണോ വിചാരിക്കുന്നത്? ആരെ രക്ഷിക്കാൻ വേണ്ടിയാണ് പാർട്ടിയിലുള്ള ആളുകളെ ഈ സ്ഥാനങ്ങളിൽ നിയമിക്കുന്നത്? പാർട്ടിയിലുള്ള എല്ലാവരും കുട്ടികളെ ഉപദ്രവിക്കുന്നവരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഇവിടെ 25 വയസ്സെത്തിയാൽ പോലും പെൺകുട്ടികൾ തീരുമാനം എടുക്കുന്നതിലേക്ക് എത്തുന്നില്ല.

ഇനി മൂന്നാമതായി, ചൈൽഡ് നീഡ് എ കെയർ ആൻഡ് പ്രൊട്ടക്ഷൻ ജെജെ ആക്ട് അനുസരിച്ച് പോക്സോ കേസുകളിൽ ഇരയായ കുട്ടികളുടെ കാര്യങ്ങളും സിഡബ്ള്യൂസിയാണല്ലോ നോക്കേണ്ടത്. അതുകൊണ്ട് തന്നെ പോക്‌സോ കേസിൽ ഇരയായി പോയ, അല്ലെങ്കിൽ ഇരയാകേണ്ടി വന്ന കുട്ടികൾ വീട്ടിൽ സുരക്ഷിതരല്ലെങ്കിൽ, അവരെ ഏതെങ്കിലും ഹോമിലേക്കോ മറ്റും മാറ്റേണ്ടതും സിഡബ്ള്യൂസിയുടെ ചുമതലയാണ്. അപ്പോൾ ഈ പോക്‌സോ കേസിലുള്ള ആളുകളെ രക്ഷപ്പെടുത്തിയെടുക്കാമെന്നതാണോ ഈ നിയമനത്തിലൂടെ ഉദ്ദേശിക്കുന്നത്? അല്ലെങ്കിൽ പോക്‌സോ കേസിലുള്ള പ്രതികളെ സഹായിച്ചുകൊണ്ട് അതിൽ നിന്ന് വല്ല സാമ്പത്തിക നേട്ടവും ഉണ്ടാക്കാനാണോ ഉദ്ദേശിക്കുന്നത്? 

എന്തൊക്കെയാണെങ്കിലും, ഒരു ഭരണകൂടം ചെയ്യേണ്ട ഏറ്റവും പ്രധാപ്പെട്ട കാര്യം, കുട്ടികളെ സംരക്ഷിക്കുക എന്നതാണ്. കുട്ടികളെ രക്ഷിക്കാത്ത മനുഷ്യവിഭാഗത്തിനു യാതൊരു പ്രസക്തിയും ഇല്ല. കാരണം ഇത് ഏത് കുട്ടിക്കും സംഭവിക്കാം. നിങ്ങളുടെ കുട്ടിക്കും വരാം, എന്റെ കുട്ടിക്കും വരാം. അതൊന്നും പ്രവചിക്കാൻ പറ്റുന്നതല്ല. എത്ര സുരക്ഷിതരായാലും ഇത്തരത്തിലുള്ള കാര്യങ്ങൾ സമൂഹത്തിൽ സംഭവിക്കാവുന്നതാണ്. അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്ന് മാത്രമേയുള്ളു. പക്ഷെ നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിന് പകരം അവരെ വിറ്റു തിന്നുന്ന, അല്ലെങ്കിൽ കുട്ടികളെ നശിപ്പിച്ചുകൊണ്ട് അതിൽ നിന്ന് നേട്ടമുണ്ടാക്കുന്ന വളരെ സ്വാർത്ഥമായിട്ടുള്ള സമൂഹമാണ് നമ്മുടേത്. അത്ര വിലയേ നമ്മൾ കുട്ടികൾക്ക് കൊടുക്കുന്നുള്ളൂ എന്ന ചോദ്യം ന്യായമായിട്ടും ഉണ്ട്. 

എന്തൊക്കെയാണ് സർക്കാർ പറയുന്ന ബാലാവകാശം?

ർക്കാരിന് ഇപ്പോൾ നിയമത്തിനെതിരെയായി ഒന്നും പറയാൻ പറ്റില്ലാലോ. ജെജെ ആക്ട് എല്ലാം വളരെ സമഗ്രമായി കുട്ടികൾക്കുള്ള നിയമമല്ലേ. പിന്നെ ഇവയിൽ സ്ത്രീധന നിയമം പോലെ രണ്ട് മൂന്നു നിയമങ്ങൾ വളരെ വികലമായി നടപ്പിലാക്കുന്നുണ്ട്. ഉദാഹരണത്തിന് ബാലവേല നിയമമൊക്കെ. കേരളത്തിൽ ബാലവേല ഇല്ല എന്നാണ് പറയുന്നത്. അതൊരു കള്ളത്തരമാണ്. വിദ്യാഭ്യാസ അവകാശ നിയമം നിലനിൽക്കെ തന്നെ, വയനാട്ടിലെല്ലാം കാപ്പി സീസണിൽ നല്ലൊരു ശതമാനം കുട്ടികളും കപ്പ് പറിക്കാൻ പോയിട്ടുണ്ടാവും. അതൊക്കെ ആരും കണ്ടില്ലെന്ന് നടിക്കുകയാണ്. കാരണം നമ്മുടെ സമൂഹത്തിന് ആ വിഷയം സൂചിപ്പിക്കാൻ പോലുമുള്ള ശേഷിയില്ല. 

ഇവിടെ ഒന്നാമത്തെ കാര്യം, കുട്ടികൾക്ക് പൈസ ആവശ്യമായി വരുന്നു എന്നതാണ്. രക്ഷിതാക്കൾക്കോ, സംസ്ഥാനത്തിനോ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് സംബന്ധിച്ച് അവരെ പിന്തുണയ്ക്കാൻ ആകുന്നില്ല. ഇനി ഈ പണി ചെയ്യിപ്പിക്കുന്ന മുതലാളിമാർക്ക് മുതിർന്നവർക്ക് നൽകുന്നതിനേക്കാൾ കുറഞ്ഞ പൈസ കുട്ടികൾക്ക് കൊടുത്താൽ മതി. സത്യത്തിൽ വളരെ എളുപ്പത്തിൽ തെളിയിക്കാവുന്ന ഒരു കാര്യമാണിത്. ഒരു ദിവസം ഇത്തരം മേഖലകളിലുള്ള ആളുകളിൽ പരിശോധന നടത്തിയാൽ മതി. അല്ലെങ്കിൽ ഐഡന്റിറ്റി കാർഡ് സൂക്ഷിക്കണം എന്നാക്കുക. കുട്ടികൾ അത്രയും പ്രായമായിട്ടുണ്ടോ എന്ന് കണ്ടെത്താം. ഇവർക്ക് ആവശ്യമായ പൈസ കൊടുക്കാം. അല്ലെങ്കിൽ അവരുടെ സാഹചര്യം ഉയർത്തികൊണ്ട് നിയമം കർശനമായി നടപ്പാക്കാം. അല്ലാതെ ഇവിടെ ബാലവേല ഇല്ല എന്ന് പറയുകയല്ല വേണ്ടത്. ഞങ്ങൾ നേരിട്ട് ബാലവേലയുടെ ഒരു പ്രശ്നം ശിശുക്ഷേമ വകുപ്പിൽ ഏൽപ്പിച്ചപ്പോൾ അവരത് കേസാക്കിയില്ല. പകരം ഉപദേശിച്ചിട്ട് വിടുകയായിരുന്നു. 

അതുപോലെയുള്ള മറ്റൊരു നിയമമാണ് ശൈശവ വിവാഹം. ഇത് കേരളത്തിൽ ധാരാളം നടക്കുന്നുണ്ടെങ്കിലും, ഏതെങ്കിലുമൊരു വിവാഹം റിപ്പോർട്ട് ചെയ്താൽ അത് സാഹസികമായി കാണിക്കുകയാണ്. വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായമാണ് ഇപ്പോൾ 18 വയസ്സ്. എന്നാൽ പല സ്ഥലത്തും പതിനെട്ടാവാൻ കാത്തിരിക്കുകയാണ്. ഇത് ശൈശവ വിവാഹത്തിന്റെ മറ്റൊരു പ്രശ്നമാണ്. പാലം കടക്കുന്നത് പോലെ, പതിനെട്ട് ഇന്നലെ കഴിഞ്ഞാൽ ഇന്ന് കല്യാണം കഴിക്കാം എന്നതല്ല ഇതിന്റെ അർത്ഥം. കുട്ടികളുടെ പഠനം, അവരുടെ വളർച്ച, ജോലി നേടാൻ പ്രാപ്തിയാവുക എന്നതെല്ലാം നോക്കണം. കേരളത്തിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം, സാക്ഷരത, വർദ്ധിച്ചു വരുന്ന സ്ത്രീധന കൊലപാതകങ്ങൾ, ഗാർഹിക അതിക്രമങ്ങൾ എന്നിവയെല്ലാം ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. 

ഇവിടെ 25 വയസ്സെത്തിയാൽ പോലും പെൺകുട്ടികൾ തീരുമാനം എടുക്കുന്നതിലേക്ക് എത്തുന്നില്ല. നമുക്കറിയാം കൊലചെയ്യപ്പെട്ട, ആത്മഹത്യ ചെയ്യപ്പെട്ട കുട്ടികളുടെ കാര്യത്തിൽ അവർക്ക് വിദ്യാഭ്യാസമൊക്കെയുണ്ട്. പക്ഷെ ഒരു നിർണായക ഘട്ടത്തിൽ തീരുമാനം എടുക്കാൻ ആ കുഞ്ഞുങ്ങളെ നമ്മൾ പ്രാപ്തരാക്കിയിട്ടില്ല. അപ്പോൾ അവർ കരഞ്ഞു നിൽക്കും, രക്ഷിതാക്കളോട് പറയാൻ മടിക്കും, ഇനി പറഞ്ഞാലും അവർ വേണ്ട രീതിയിൽ സ്വീകരിക്കാതിരിക്കാം, പിന്നെ സമൂഹം എന്ത് കരുതും എന്നാലോചിക്കും. ഗാർഹിക പീഡനം കാണിച്ച് പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ അവർ മര്യാദക്ക് കേസ് എടുക്കുകയല്ല ചെയ്യുന്നത്. പകരം സാമൂഹ്യമായിട്ടുള്ള നാട്ടുനടപ്പ് അനുസരിച്ച് ജീവിക്കാൻ ഉപദേശിക്കുകയാണ് ചെയ്യുക. അതിനു വേണ്ടി പ്രാപ്തമാക്കുകയാണ് ചെയ്യുക. എന്നാൽ നാട്ടുനടപ്പ് നിയമത്തിനു എതിരാണെങ്കിൽ, ആ നാട്ടുനടപ്പ് ദൂരെ കളയണം. 

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലേക്ക് തിരിച്ചു വന്നാൽ, വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് കേരളത്തിൽ കുട്ടികൾ സ്കൂളിലേക്ക് പോവുകയും, പൊതുവിദ്യാലയവും വിദ്യാഭ്യാസവും ഒക്കെ ഗംഭീരമാക്കുന്നുമുണ്ട്. പക്ഷെ വിദ്യാഭ്യാസ നിലവാരം നല്ലതാണെന്ന അഭിപ്രായം എനിക്കില്ല. ഒന്നാമതായി സാമൂഹ്യപരമായ ഒരു ശാക്തീകരണം നടക്കുന്നില്ല. ലിംഗതുല്യതയ്ക്ക് വേണ്ടി നമ്മളൊരു സിലബസ് ഉണ്ടാക്കിയിട്ട്, ഒരു കുട്ടി ഉപദ്രവിക്കപ്പെട്ടാൽ പോലും പറയാൻ പറ്റുന്നില്ലെങ്കിൽ അതുകൊണ്ട് കാര്യമില്ലല്ലോ. പിന്നെ, കേരളത്തിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിച്ചിറങ്ങുന്നുണ്ട്. പക്ഷെ അവർക്ക് ജോലിയെടുക്കാൻ പറ്റുന്നില്ല. എംബിബിഎസ് അടക്കം പഠിച്ചിട്ട് വീട്ടിലിരുന്ന് കഞ്ഞീം പയറും വെക്കുന്നവരുണ്ട്. ഇതൊന്നും ഒറ്റപ്പെട്ട കാര്യമല്ല. സത്യത്തിൽ സാമൂഹ്യമാറ്റത്തിലേക്ക് കൊണ്ടുവരുന്ന വിദ്യാഭ്യാസം കൊടുക്കാൻ നമ്മുക്ക് കഴിയുന്നില്ല. ഇതൊന്നും വേണ്ട, കേരളത്തിലെ ആകെ വരുന്ന ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമുള്ള ആദിവാസികളെ, അവർക്ക് തൊഴിൽ കിട്ടുന്ന തരത്തിൽ പഠിപ്പിക്കാൻ നമുക്ക് കഴിയുന്നില്ല. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കാര്യത്തിൽ ഇതെല്ലം വളരെ പ്രധാനമാണ്. 

15 വയസു മുതൽ 18 വരെ വയസുവരെയുള്ള കുട്ടികൾ പഠിക്കുന്ന പ്ലസ് ടു ക്ലാസ്സിലൊക്കെ കുട്ടികളുടെ വലിയ കൊഴിഞ്ഞു പോക്കുണ്ട്. സ്വയം ഇറങ്ങി പോകുന്നതല്ല ഇവർ. അന്തരീക്ഷം മോശമായി അവർക്കവിടെ നിൽക്കാൻ പറ്റാത്തത് കൊണ്ടും അവർക്ക് കൂടെ സൗകര്യപ്രദമായ,പങ്കാളിത്തത്തോട് കൂടെ ഉൾക്കൊണ്ട് പഠിക്കാൻ പറ്റുന്ന പഠന വേദി ഇല്ലാത്തത് കൊണ്ടുമാവും അവർ ഇറങ്ങി പോകുന്നുണ്ടാവുക, അല്ലെങ്കിൽ പുറത്താക്കപെടുന്നുണ്ടാവുക. എന്നാൽ ഇതൊന്നും കാര്യമായി പരിഗണിക്കാതെ, 0.000… എത്രയോ ഉള്ളു എന്നൊക്കെ പറഞ്ഞ് നമ്മൾ കണക്കുകൊണ്ട് പ്രതിരോധിക്കുകയാണ്. എന്നാൽ ഇതിൽ ഒരു അന്തസുമില്ല. കേരളത്തിലെ ആ 2% കുട്ടികളെ പഠിപ്പിക്കാൻ കഴിയാതിരുന്നാൽ, ബാക്കി 98% കുട്ടികളെ പഠിപ്പിച്ചിട്ട് കാര്യമില്ല. മറ്റുള്ളവർ കുട്ടികളെ അടിച്ചാണെങ്കിലും പഠിപ്പിക്കാൻ കൊണ്ട് പോകും. അങ്ങനെ അടിച്ചു കൊണ്ടുപോകാത്ത, കൊണ്ടുപോകാൻ കഴിയാത്ത കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടോ എന്നതാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ മാറ്റ് കുറയ്ക്കുന്ന ഒരു കാര്യം. ഏറ്റവും ദുർബലനായ കുട്ടിക്കും ശാക്തീകരണമായ വിദ്യാഭ്യാസം കൊടുക്കാന് ഇവിടെ കഴിയണം. 

ഈ മൂന്നു നിയമങ്ങളും വളരെ ദുർബലമാണ്. ഇത് കൂടാതെ ജെജെ ആക്ടിനോക്കെ എതിരായിട്ടാണ് ഇവിടത്തെ കാര്യങ്ങളൊക്കെ നടക്കുന്നത്. ക്യാപിറ്റൽ പണിഷ്മെന്റ് ഉണ്ടാവരുതെന്ന് ഒരു ഓർഡർ ഇറക്കീട്ട് ഗവൺമെൻറ് വിദ്യാലങ്ങൾക്ക് മാത്രമേ അത് ബാധകമാകുന്നുള്ളൂ. മറ്റു സ്വകാര്യ സ്കൂളുകളിലെല്ലാം ഇത് ബാധകമാകുന്നില്ല. അതുപോലെ പെരിന്തൽമണ്ണയിൽ 30 വർഷം ഒരു അധ്യാപകൻ വിദ്യാർത്ഥികളെ ഉപദ്രവിച്ചത് നോക്കൂ. കേരളത്തിൽ മാത്രമേ അത് സംഭവിക്കൂ. എന്നിട്ടും അതിനെതിരെ ഫലപ്രദമായി നമ്മുക്കൊന്നും ചെയ്യാനാവില്ല. നിയമമൊക്കെ മറികടന്നുകൊണ്ടാണ് അത് നടക്കുന്നത്. അധ്യാപകരാൽ ഉപദ്രവിക്കപ്പെട്ട കേസുകളിൽ ഒന്നും ആ കേസ് തെളിയാൻ പോകുന്നില്ല എന്നാണ് പോക്സോ കേസുകൾ പഠിച്ചതിൽ നിന്നും എനിക്ക് മനസിലായ കാര്യം. കൂട്ടായ സംവിധാനം മുഴുവൻ പ്രതിയോടൊപ്പം നിൽക്കും. വാർത്ത പുറത്തുവന്നതുകൊണ്ട് അത് അങ്ങ് വരെ പോകണമെന്നില്ല. ഇരകളോട് സൗഹാർദ്ദപരമായ സമൂഹമല്ലിത്. കാരണം പ്രതിയാണ് ഇവിടത്തെ സിസ്റ്റം നിയന്ത്രിക്കുന്നത്.

പ്രത്യേകിച്ച് നമ്മളൊരു വ്യാജ അഭിമാനമുള്ള സമൂഹമായതു കൊണ്ട് തന്നെ ഇത്തരം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളൊക്കെ മൂടിവെയ്ക്കാനുള്ള ഒരു സിസ്റ്റം ആണ് നമുക്കുള്ളത്. എന്തിനാണ് ഇപ്പോൾ അത് പറയുന്നത്. ഈ സ്കൂളിന്റെ പേര് പോവില്ലേ? ഈ മാഷുമാരുടെ പേര് പോകില്ലേ? എന്തിനാണ്? അപ്പോൾ ഞാൻ പറയുന്നത് ഇതിന്റെ യാഥാർത്ഥ്യബോധമാണ്. ഒരു കുട്ടി ഉപദ്രവിക്കപ്പെടുന്നുണെങ്കിൽ ആ കുട്ടി ഉപദ്രവിക്കപ്പെട്ടു, അല്ലാതെ എല്ലാവരും ഉപദ്രവിക്കപ്പെട്ടു എന്നതല്ല അർത്ഥം. ഒരു കുട്ടിയെ ഒരാൾ ഉപദ്രവിച്ചു എന്നത് അയാൾ ആ കുട്ടിയെ ഉപദ്രവിച്ചു എന്നതാണ്. അതും ശരിയായ രീതിയിൽ സംബോധന ചെയ്യേണ്ടത് കുട്ടിയുടെയും പ്രതിയുടെയും ആവശ്യമാണ്.ആ ശശി എന്ന മാഷ്, ആദ്യത്തെ ദിവസം കുട്ടികളെ ഉപദ്രവിക്കുമ്പോൾ ഹെഡ് മാഷും മറ്റു അധികൃതരും അവിടെ ഉണ്ടാവുമല്ലോ. അവർ നന്നായി ഈ വിഷയം കൈകാര്യം ചെയ്തിരുന്നെങ്കിൽ മുപ്പത് വർഷം ഇത് തുടരില്ലായിരുന്നു. ഇപ്പോൾ കുട്ടികളെ ഉപദ്രവിച്ചതിനു അയാൾക്ക് പെൻഷൻ കൊടുക്കേണ്ട അവസ്ഥയായി. 

ഒരു കുറ്റകൃത്യത്തെ വളർത്തുന്ന സിസ്റ്റമായി നമ്മുടേത് മാറുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് അനുകൂലമായിട്ടുള്ള നിയമങ്ങൾ എടുക്കുന്നതിൽ നമ്മൾ സൂക്ഷിക്കുന്ന വ്യാജമായിട്ടുള്ള അഭിമാനം അല്ലെങ്കിൽ മിഥ്യ അന്തസ് പൊളിച്ചു കഴിഞ്ഞാൽ മാത്രമേ കുട്ടികൾക്ക് രക്ഷപ്പെടാൻ സാധിക്കൂ. 

പിന്നെ സിഡബ്ള്യൂസി പോലെ പല സംവിധാനങ്ങളും ഇത് ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സ്കൂൾ മാനേജ്മന്റ് കമ്മിറ്റിയൊക്കെ ഇപ്പോൾ വല്ലയിടത്തുമുണ്ടോ? കേരളം ലോകത്തിനു മൊത്തം മാതൃകയാണെന്ന് പറഞ്ഞാലും,ഒരു കുട്ടി ഉപദ്രവിക്കപ്പെട്ടിട്ട് നാടുനീളെ നടന്ന് സങ്കടപ്പെടേണ്ട കാര്യമുണ്ടായാൽ, എന്റെ കേസ് നടന്നില്ലെന്ന് ഒരു കുട്ടിയെങ്കിലും പറയുന്നുണ്ടെങ്കിൽ ആ സംസ്ഥാനം പരാജയമാണെന്ന് ഞാൻ പറയും. 

കഴിഞ്ഞ ദിവസം നാലു വർഷമായിട്ട് കുട്ടിയെ അച്ഛൻ ഉപദ്രവിക്കുന്നെന്ന വാർത്ത ചാനലുകളിൽ വന്നിരുന്നു. കുട്ടി മാറി മാറി പല റെസ്ക്യൂ ഹോമിലും നിൽക്കുകയാണ്. പക്ഷെ ഇതുവരെ അയാളെ അറസ്റ് ചെയ്തില്ല. അതൊരു ഒറ്റപ്പെട്ട കേസല്ല. ഇപ്പോൾ ഞാൻ ചാർജ് ഉള്ള സ്ഥലത്ത് തന്നെ ഒരാൾ തന്നെ മൂന്നു കുട്ടികളെ ഉപദ്രവിച്ചിട്ട്, ആ മൂന്നു കുട്ടികളും നമ്മളുടെ അടുത്ത് വന്ന സാഹചര്യമുണ്ടായി. ആദ്യത്തെ കേസിൽ അയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ വീണ്ടും അത് ആവർത്തിക്കില്ലായിരുന്നു. പോലീസ് പറഞ്ഞത് അയാളെ കാണാനില്ല എന്നാണ്. പക്ഷേ അയാളെ എല്ലാവർക്കും കാണാം. കാരണം അയാൾ വീണ്ടും കുട്ടിയെ ഉപദ്രവിക്കുകയല്ലേ. ഇവിടത്തെ എല്ലാ സംവിധാനങ്ങളും ദുർബലമാണെന്നാണ് ഇത് കാണിക്കുന്നത്. 

അതുപോലെ പോക്സോ നടപ്പാക്കാൻ പ്രത്യേക കോടതികളും പ്രോസിക്യൂട്ടർമാരെയും നിയമിക്കുമെന്ന് പറയുന്നു. പക്ഷെ ഈ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നത് ഈ രാഷ്ട്രീയ പക്ഷപാതിത്വമുള്ളവരാണ്. അത് വളരെ അപകടകരമാണ്. ഓരോ സംവിധാനത്തെയും നമ്മൾ അത് എന്തിനു വേണ്ടി ഉണ്ടായോ, അത് പാലിക്കാതെ മറ്റ് തരത്തിൽ മായം ചേർക്കുകയോ, അപകടപ്പെടുത്തുകയോ, അപായപ്പെടുത്തുകയോ ചെയ്യുകയാണ്. രാഷ്ട്രീയക്കാരാണോ അല്ലയോ എന്നത് വിഷയമല്ല. പക്ഷേ ദുരുദ്ദേശപരമായി രാഷ്ട്രീയക്കാർ മാത്രം വരുന്ന തരത്തിൽ, ഈ മേഖലയിൽ ഒരു പരിചയവും ഇല്ലാത്തവർ, ഈ പ്രത്യേക തസ്തികകളിലേക്ക് തുടർച്ചയായി വരുന്നത് വളരെ അപകടകരം തന്നെയാണ്. വീട്ടിൽ കുട്ടികൾക്ക് സുരക്ഷതത്വമില്ല, സ്കൂളുകളിൽ സുരക്ഷിതത്വമില്ല. സിഡബ്ള്യൂസിയിലും സുരക്ഷിതത്വമില്ലാതെയല്ലേ വരുന്നത്. കേരളത്തിൽ എത്ര സിഡബ്ള്യൂസി അംഗങ്ങളുടെ പേരിൽ നടപടി എടുക്കേണ്ടി വന്നിട്ടുണ്ട്. സുനന്ദയുടെ പേരിൽ നടപടി എടുത്തില്ല. പക്ഷേ കണ്ണൂർ സിഡബ്ള്യൂസി ചെയർമാൻ എവിടെ? അയാളെ മാറ്റിനിർത്തിയില്ലേ. പാലക്കാട് സിഡബ്ള്യൂസി ചെയർമാനെ ഒഴിവാക്കിയില്ലേ. അതൊന്നും കണ്ട് പഠിച്ചിട്ടില്ല നമ്മൾ. ഇനിയെങ്കിലും വളരെ സൂക്ഷ്മതയോടെ വേണം നിയമിക്കാൻ. ഒന്നാമത് വലിയ ശമ്പളമൊക്കെയുള്ള ജോലിയല്ല, ഇതൊരു ഉത്തരവാദിത്വമാണ്. ഇതൊരു പവർ അല്ല. പവറും ഉത്തരവാദിത്തവും പോലും വേറിട്ട കാണാതെ ഉള്ളൊരു പരിപാടിയായി പോയി ഇത്.

ലൈംഗിക കുറ്റകൃത്യങ്ങളുടെ നിയമപരമായ പ്രത്യാഘാതങ്ങൾ എന്തെന്ന് കുട്ടികൾക്ക് അറിയില്ലെന്നും, വിദ്യാലയങ്ങളിൽ ബോധവത്കരണം നിർബന്ധമാക്കണമെന്നും ഹൈക്കോടതി ഈ അടുത്തൊരു വിധിയിൽ പറഞ്ഞിരുന്നു. ഈയൊരു സാഹചര്യത്തിൽ ഈ വിഷയത്തിൽ കുട്ടികൾക്ക് മാത്രം ബോധവത്കരണം നൽകിയത് കൊണ്ട് കാര്യമുണ്ടാവുമോ?


തെപ്പോഴും ഉള്ളൊരു സംഭവമാണ്. പോക്സോയെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക. എനിക്കത് വളരെ മോശമായിട്ടാണ് തോന്നുന്നത്. ഒന്നാമത് ഇതൊന്നും കുട്ടികളോട് നന്നായിട്ട് ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിലുള്ള സംവിധാനം ഒന്നും ഇന്നില്ല. പ്രതികളാവാൻ സാധ്യതയുള്ളവർ ഉണ്ടല്ലോ അവർക്കാണ് ശരിക്കും ബോധവത്കരണം കൊടുക്കേണ്ടത്. അവരാണ് അത് ശരിക്കും മനസിലാക്കേണ്ടത്. 

പിന്നെ നല്ലൊരു നിയമം വന്നു കഴിഞ്ഞാൽ, കുറച്ച് സാക്ഷരതയും വായനയുമുള്ള കേരള സമൂഹം ഉടനെയങ്ങ് പരിഹസിക്കാൻ തുടങ്ങും. എനിക്ക് വളരെ ഭയപ്പെടുത്തുന്നൊരു അനുഭവമുണ്ടായിട്ടുണ്ട്. പതിനൊന്നാം ക്ലാസിലേക്ക് ഒരു കുട്ടിയെ സ്കൂളിൽ ചേർത്ത ശേഷം അവൾക്കായി ഒരു ഹോസ്റ്റൽ അന്വേഷിച്ചിരുന്നു. പതിനെട്ടു വയസ്സു കഴിയാത്ത പെൺകുട്ടികളെ എടുക്കില്ല എന്നായിരുന്നു അന്വേഷിച്ച നാലു ഹോസ്റ്റലുകളിലും പറഞ്ഞത്. കാര്യം അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത്, പോക്സോ എന്ന പേരിൽ ഒരു നിയമമുണ്ടെന്നും ഇവർ എന്തെങ്കിലും കണ്ണുരുട്ടി കാണിച്ച് ഞങ്ങളുടെ പയ്യമാർ ആരെങ്കിലും ഇവരോട് മിണ്ടുകയോ പറയുകയോ ചെയ്തിട്ടുണ്ടെങ്കിൽ കേസാകുമെന്നുമാണ്. എസ്സിഎസ്ടി അട്രോസിറ്റിയുടെ കേസിലും ഞാൻ ഇതുപോലെ കേട്ടിട്ടുണ്ട്. എസ്സിഎസ്ടി കേസൊക്കെ വന്നാൽ നമ്മൾ കുടുങ്ങുമെന്ന് പറഞ്ഞായിരുന്നു കുറച്ച് ആദിവാസി കുട്ടികൾക്ക് ഹോസ്റ്റൽ നിഷേധിച്ചത്. ഇവർ അവരെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്ന്, അവർ ഉറപ്പായിട്ടും വിശ്വസിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആളുകൾക്കും, അധ്യാപകർക്കുമെല്ലാം പോക്‌സോ ട്രെയിനിങ് നിർബന്ധമാക്കണം. ട്രെയിനിങ് എന്നതിനേക്കാൾ ഉപരി, അവരത് മനസ്സിലാക്കണം. 

യഥാർത്ഥത്തിൽ നമ്മുടെ നാട്ടിലെ ട്രെയിനിങ് എല്ലാം പാഴാണ്. സിഐ മുതൽ മേലോട്ടുള്ള പോലീസുകാർക്കാണ് ഇവിടെ പോക്‌സോ ട്രെയിനിങ് കൊടുക്കുന്നത്. പക്ഷേ കേസ് അന്വേഷിക്കാൻ വരുക അവിടത്തെ ഏറ്റവും താഴെത്തട്ടിലുള്ള ആളായിരിക്കും. അവർക്ക് ഇതൊന്നും അറിയില്ല. അവർക്ക് പോക്‌സോ കേസുകൾ ഏറ്റവും മുൻഗണന കുറഞ്ഞതാവും. പെട്ടെന്ന് ഇതൊന്നു എഴുതി കഴിച്ചിട്ട് പോകാം എന്നാവും അവർ ചിന്തിക്കുക. ഇപ്പോഴും പോക്‌സോ കേസിൽ യൂണിഫോമിൽ വന്ന്, പോലീസ് വണ്ടിയിൽ പെൺകുട്ടികളെ കൊണ്ടുപോയി മൊഴിയെടുപ്പിക്കുന്നുണ്ട്. പിന്നെ ട്രെയിനിങ് നൽകിയെന്ന് വല്യ ഗമയിൽ എഴുതിയുണ്ടാക്കി അതിനു കുറച്ച് കാശ് ചിലവാക്കും. ഇതൊക്കെ വെറും നാട്യങ്ങൾ മാത്രമാണ്. 

പിന്നെ കുട്ടികൾക്കും അറിവ് വേണം. അവർക്ക് 1098 ൽ വിളിക്കാം. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ തൊടുകയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സാഹചര്യത്തിൽ അവർക്ക് നിലനിൽക്കേണ്ട ആവശ്യമോ ഇല്ലെന്ന് പറഞ്ഞു കൊടുക്കണം. അത് അവർക്ക് അടുപ്പമുള്ള ആരോടെങ്കിലും പറയാം. ഇനി കുട്ടികൾ പറഞ്ഞു കഴിഞ്ഞാൽ എല്ലാവരും കൂടെ ചോദ്യം ചെയ്യുന്ന രീതി മാറ്റണം. ഒരാൾ കുറ്റകൃത്യം ചെയ്യുന്നത് ഒതുക്കി വെയ്ക്കുന്നതല്ല അഭിമാനം. എത്ര പോക്‌സോ കേസുകൾ ആ സ്ഥലത്ത് നിന്നും റിപ്പോർട്ട് ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലാണ് ആ സ്കൂളിന്റെ മേന്മ നിർണ്ണയിക്കേണ്ടത്. കാരണം നമുക്കറിയാം ഇത് എല്ലായിടത്തും നടക്കുന്നുണ്ടെന്ന്. 

ഞാൻ പോക്‌സോ വരുന്നതിനു മുൻപ് പെൺകുട്ടികൾ ഉപദ്രവിക്കപ്പെട്ട ഒരു സ്കൂളിൽ പോയി വനിതാ കമ്മീഷനു വേണ്ടി അന്വേഷിച്ചിരുന്നു. അപ്പോൾ അവിടത്തെ ടീച്ചർമാരോട് ചോദിച്ചപ്പോൾ അവർ പറയുന്നത്; ഞങ്ങൾക്ക് ഇതൊന്നും അറിയില്ലേ…എന്നാണ്. ആ മാഷിനെ അറസ്റ്റ് ചെയ്തത് പത്രത്തിലൊക്കെ വന്നതാണ്. എന്നിട്ടാണ് അവർ അങ്ങനെ പറഞ്ഞത്. അവരുടെ മക്കളൊക്കെ പഠിക്കുന്നത് വേറെ സ്കൂളുകളിലാണ്. അപ്പോൾ അവർക്ക് വിഷമം തോന്നില്ലല്ലോ. 

ഇതിലെ മറ്റൊരു വിഷയം, ഉപദ്രവത്തിനെക്കുറിച്ചുള്ള തെറ്റായ ധാരണയാണ്. ചെറിയ കുട്ടികളെ ഉപദ്രവിക്കുന്നത് വലിയവരെ പീഡിപ്പിക്കുന്നത് പോലെയല്ല. അതുകൊണ്ട് ഞാൻ ഒന്നും ചെയ്തിട്ടില്ലല്ലോ എന്നാണ് പ്രതികൾ പറയുക. ഇത്രയൊക്കെയല്ലേ ഉള്ളു, അതിനു കേസ് ആക്കണോ? എന്ന് പോലീസുകാർ പോലും ചോദിക്കുന്നുണ്ട്. ഭയങ്കരമായി ഉപദ്രവിക്കുക അല്ലെങ്കിൽ പെനെട്രേഷൻ നടന്നാൽ മാത്രമേ കുറ്റം ആവുകയുള്ളൂ എന്നാണ് പലരുടെയും വിചാരം. പക്ഷേ നമുക്ക് അറിയാം ഓരോ കുട്ടികളും ഇങ്ങനെ പൊള്ളി പൊള്ളിയാണ് ജീവിക്കുന്നതെന്ന്. കാരണം ഒന്ന് നമ്മുടെ സമൂഹം നമ്മുടെ ശരീരത്തിനെ കുറിച്ച് വലിയ വാഴ്ത്തുകൾ കൊടുക്കുകയാണ്. നമുക്ക് ചെറിയ കുട്ടി ആകുമ്പോൾ മുതൽ ആൺകുട്ടിയും പെൺകുട്ടിയും എന്ന് വിവേചിച്ചും, പെൺകുട്ടിയോട് ദേ, ഇതൊക്കെയാണ് നിന്റെ അടയാളങ്ങളെന്നും, ഇത് സൂക്ഷിച്ചോ എന്നും പറയും. അതുകഴിഞ്ഞിട്ട് എന്തെങ്കിലും സംഭവിച്ചാൽ നീ തന്നെ സഹിച്ചോ എന്ന് പറയും. പിന്നെ സെക്സ്നെ കുറിച്ച് ഒന്നും അറിയാത്ത, വ്യാജ ധാരണകൾ മാത്രമുള്ള സമൂഹമാണല്ലോ നമ്മുടേത്. അതുകൊണ്ട് ചെറിയ കുട്ടികൾ ഉപദ്രവിക്കപ്പെടുമ്പോൾ പോലും അവരാണ് മറ്റവരെ പ്രലോഭിപ്പിച്ചതെന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇവിടെ ഇര എപ്പോഴും ഇരയാണ്. 

ഹൈക്കോടതിയൊക്കെ ഈ കാര്യത്തിൽ വളരെ നിർവികാരമാണ്. രണ്ടു മൂന്നു തരത്തിൽ കോടതിയിൽ നിന്നുള്ള നിരീക്ഷണങ്ങൾ നമ്മളെ ഭയങ്കരമായി നിരാശപ്പെടുത്തുന്നതാണ്. ഒന്ന് പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നു എന്നുള്ളതാണ്. അത് എത്ര എണ്ണമാണ്? ഒന്നോ രണ്ടോ പേർ ദുരുപയോഗം ചെയ്തിട്ടുണ്ടാവാം. ഇല്ല എന്ന് പറയുന്നില്ല. ഏത് നിയമമാണ് ഇവിടെ ദുരുപയോഗം ചെയ്യാത്തത്. പിന്നെ, പോലീസുകാരൊക്കെ പറയാറുണ്ട്, അതൊക്കെ ഉണ്ടാക്കി പറയുന്നതാണ്, ഞങ്ങൾ പിന്നെ കേസ് ആക്കും. അത്രയേ ഉള്ളൂവെന്ന്. അവിടെ കേസുണ്ടാക്കിയതും അവരുടെ മേന്മയായിട്ടാണ് പറയുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണം ഇതിനു കൂടുതൽ നെഗറ്റീവ് ആയി ബലം നൽകുകന്നതാണ്. ഇതിനിടെ ചില പോലീസുകാർ കേസ് ഇല്ലാതാക്കാൻ വേണ്ടി ഇരകളെ പതിനഞ്ചോ, പതിനാറോ വട്ടം കൗൺസിലിങ് ചെയ്യും. അത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എനിക്ക് അറിയില്ല. വേറെ ചിലർ കേസ് ഒത്തു തീർപ്പാക്കും. എങ്ങനെയാണ് ഒരു ക്രിമിനൽ കേസ് ഒത്തു തീർപ്പാക്കുക? ഞാൻ പോയ നാലഞ്ച് കേസുകൾ എനിക്കറിയാം. അത് എല്ലാം ഒത്തുതീർപ്പാക്കി. പൈസ കൊടുത്തിട്ടാണോ, പേടിപ്പിച്ചിട്ടാണോ എന്നൊന്നും എനിക്കറിയില്ല. എന്തായാലും പ്രോസിക്യൂട്ടർമാരും ഇതിന്റെ ഭാഗമാണെന്നതാണ് എന്റെ ഏറ്റവും വലിയ ഒരു നിരാശ. എന്റെ പ്രവർത്തനത്തിനിടയിൽ ഒരു നല്ല പ്രോസിക്യൂട്ടറെ പോക്‌സോ കേസിൽ എനിക്ക് കണ്ട് മുട്ടനായില്ല. ഈ സംവിധാനം എല്ലാം ആർക്ക് വേണ്ടി എന്ന ചോദിച്ചാൽ എന്തായാലും ഇരയാക്കപ്പെട്ടവർക്ക് വേണ്ടിയല്ല.

പിന്നെ ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം, കേരളത്തിൽ ഇരയാക്കപ്പെട്ട കുട്ടികളെ സംരക്ഷിക്കാൻ സിഡബ്ല്യൂസി വഴി ഏതെങ്കിലും ഹോമുകളിലേക്ക് പോകും. എന്താണ് പിന്നീടവർക്ക് സംഭവിക്കുന്നത്?അവർക്ക് ഒരു പുനരധിവാസ പദ്ധതിയുമില്ല. ഈ കുട്ടികളുടെയൊക്കെ അവസ്ഥ നോക്കി കഴിഞ്ഞാൽ വളരെ വളരെ ദയനീയമാണ്. അവർക്ക് പഠനം തുടരാനോ, ജോലി ചെയ്യാനോ കഴിയുന്നില്ല. പിന്നെ വീട്ടിനുള്ളിൽ ഉപദ്രവിക്കപ്പെടുന്ന കുട്ടികളും കുറെയുണ്ട്. അപ്പോൾ അവർക്ക് ഇതോടു കൂടി അവരുടെ സോഷ്യൽ ക്യാപിറ്റൽ മൊത്തം ഇല്ലാതായി. അവർക്ക് സ്വന്തം വീട്ടിൽ നില്ക്കാൻ പറ്റില്ല. നിൽക്കുമ്പോൾ ഓരോ ദിവസവും ഇത് ഓർമിച്ചുകൊണ്ടേയിരിക്കും. പിന്നെ എല്ലാവരുടെയും കുറ്റപ്പെടുത്തൽ. ഇതിനൊക്കെ എന്ത് പരിഹാരമാണ് സ്റ്റേറ്റ് നിർദേശിക്കുക? 

അടുത്തത് നഷ്ടപരിഹാരമാണ്. ചിലർക്കുണ്ട്, ചിലർക്കില്ല, ചിലർക്കിത്ര, ചിലർക്കത്ര അതൊക്കെ ജഡ്ജിമാർ വായിൽ തോന്നിയത് പോലെ കൊടുക്കുകയാണ്. നാലു വർഷം മുൻപ് നഷ്ടപരിഹാരം വിധിച്ച ഒരു കേസിൽ പൈസ ഇല്ലെന്ന് പറഞ്ഞ് ഇതുവരെ നഷ്ടപരിഹാരം കൊടുത്തിട്ടില്ല. ഇതൊക്കെ കുട്ടികളുടെ അവകാശങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെങ്കിൽ നഷ്ടപരിഹാരം ഒക്കെ അപ്പോൾത്തന്നെ കൊടുക്കണ്ടേ? നമ്മുടെയൊക്കെ സർവീസിൽ ഉള്ളതൊക്കെയാണെങ്കിൽ അവർക്ക് പലിശയടക്കം കൊടുക്കേണ്ടി വരില്ലേ? എസ്.സി എസ്.ടി വിഭാഗത്തിൽ നിന്നുള്ള കുട്ടികളൊക്കെയാണ് അധികവും ഇത്തരം കേസുകളിൽ ഉണ്ടാവുക. അവർക്കിതൊക്കെ അറിയുക പോലുമുണ്ടാവില്ല. അവരുടെ നഷ്ടപരിഹാരം വാങ്ങിയെടുത്തിട്ടുണ്ടോ എന്നുപോലുമറിയില്ല. 

പിന്നെ കുട്ടികൾ ഉപദ്രവിക്കപ്പെടുന്നതിലൂടെ ആ കുടുംബം തന്നെ മാറി താമസിക്കേണ്ടി വരും. അവർക്ക് പിന്നെ ബന്ധങ്ങളൊന്നും ഇല്ലാതാകും. അവർക്ക് യാതൊരു വിധ സാമൂഹ്യപിന്തുണയുമില്ല. ഞാൻ ഇതിന്റെ ഉത്തരവാദിത്വങ്ങളിൽ ഇരുന്ന കാലത്തൊന്നും ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയോ സംഘടനയോ, ഒരു കുട്ടിയെ ഞങ്ങൾ സംരക്ഷിക്കാം, ഞങ്ങളുടെ നാട്ടിലെ കുട്ടിയാണ്, അല്ലെങ്കിൽ കുട്ടി നന്നായി പഠിക്കുന്നുണ്ടോ, ജോലി ചെയ്യുന്നുണ്ടോ ആ കുട്ടിക്ക് എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് ചോദിച്ച് ആരും വന്നിട്ടില്ല. ഒരു വനിതാ സംഘടന പോലും. പക്ഷേ പ്രതികൾക്ക് വേണ്ടി കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും രാഷ്ട്രീയ സംഘടനകളും പല രാഷ്ട്രീയ നേതാക്കളുടെ പേരിലും അല്ലാതെയും സമീപിച്ചിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത്, കുട്ടികളുടെ കാര്യത്തിൽ താല്പര്യമൊന്നും ആർക്കുമില്ല.

പിന്നെ സ്‌പോൺസർഷിപ്പ് കണ്ടു പിടിച്ചൂടേ എന്ന് ചിലർ ചോദിക്കും. കുട്ടികളുടെ ഐഡന്ററ്റിറ്റി വെളിപ്പെടുത്താൻ പറ്റാത്തത് ഇവിടെയൊരു പ്രശ്നമാണ്. സാമൂഹ്യ ഉത്തരവാദിത്വമാണെന്ന് ആളുകൾ പറയുമെങ്കിലും 50 രൂപ മുടക്കുന്നുണ്ടെങ്കിൽ ആളുകൾക്ക് അഞ്ച് ലക്ഷം രൂപയുടെ പ്രശസ്തി കിട്ടണം. പിന്നെ നമുക്ക് നടന്നു നീളെ പ്രസംഗിക്കുകയും വേണം. അപ്പോൾ ഈ കുട്ടിയുടെ പേര് പറയാൻ പറ്റാത്തതുകൊണ്ട് ആർക്കും താല്പര്യമില്ല.

പിന്നെ ഏറ്റവും വലിയ കാര്യം സ്റ്റേറ്റ് ആണല്ലോ കുട്ടിക്ക് വേണ്ടി ഇടപെടുന്നത്. കുട്ടിക്ക് പലപ്പോഴും നമ്മുടെ നടിയുടെ കേസിൽ വന്നത് പോലെ, പരിമിതകൾ വരാം. അപ്പോൾ സ്റ്റേറ്റിന്റെ താല്പര്യമാണ് അവിടെ സംരക്ഷിക്കുക. സ്റ്റേറ്റിന്റെ താല്പര്യം പ്രോസിക്യൂട്ടർക്കും സിഡബ്ല്യൂസിക്കും കമ്മീഷനുമൊക്കെ താല്പര്യമുള്ളതാവും. പക്ഷേ കുട്ടിയുടെ താല്പര്യം അതായിരിക്കണമെന്നില്ല. 

ഒരു ലൈംഗിക അതിക്രമമോ, ഉന്നത വ്യക്തികൾ ഉൾപ്പെട്ട മറ്റു കുറ്റകൃത്യങ്ങളോ തുറന്നു പറയാനും പരാതിപ്പെടാനും അനുയോജ്യമായ സാഹചര്യം കേരളത്തിൽ എന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്? 

ടുത്തൊന്നും ഉണ്ടാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല. കാരണം പറഞ്ഞവരൊക്കെ പെട്ടുപോയിട്ടുണ്ട്. ഞാൻ എന്തിനു മറഞ്ഞിരിക്കണം എന്ന് ചോദിച്ചുകൊണ്ട് പണ്ട് രഹനാസ് എന്ന പെൺകുട്ടി, പൊതുസമൂഹത്തിനു മുൻപിൽ വന്ന് പറഞ്ഞിരുന്നു. അവൾ ഇന്ന് കോൺട്രാക്ട് ആയി സർക്കാർ സർവീസിൽ ജോലി ചെയ്യുകയാണ്. അന്ന് അവൾ വന്ന് പറഞ്ഞത് സമൂഹം നന്നായി ഉൾക്കൊണ്ടോ? എന്തുമാത്രം വേദന സഹിച്ച്, വലിയ ഉത്തരവാദിത്വത്തോടെ ഇനി മറ്റൊരു കുട്ടി ഇങ്ങനെ ഉപദ്രവിക്കപ്പെടരുത്, ഉപദ്രവിക്കപ്പെട്ടതിന്റെ പേരിൽ അന്തസ് കെട്ടുപോകരുതെന്ന് വിചാരിച്ച് മുന്നോട്ട് വന്ന ആ പെൺകുട്ടിക്ക് എന്തുവിലയാണ് ഈ കേരള സമൂഹം കൊടുത്തത്? കുറച്ചു ദിവസം സമൂഹ മാധ്യമങ്ങളിൽ കഥ പറഞ്ഞിട്ട് മാത്രം കാര്യമില്ല. അവളുടെ കുടുംബം ഇപ്പോഴും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഒന്നാം പ്രതിയായ അച്ഛനും, മറ്റു പതിനഞ്ച് പ്രതികൾക്കും ശിക്ഷ ലഭിച്ചു. അതെ സമയം അവൾ പഠിച്ച്, സർക്കാരിൽ നിന്നൊരു ജോലിയും കിട്ടി. പക്ഷേ അവളെ ഇപ്പോൾ ആർക്കെങ്കിലും അറിയുമോ? ഇങ്ങനെയാണ് ജോലി കൊടുത്തതെന്ന് ഓരോ ദിവസവും ഓർമ്മിപ്പിക്കുന്ന തരത്തിൽ അവൾ അനുഭവിക്കുന്നുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. പിന്നെ അവൾ തുറന്നു പറഞ്ഞത് കൊണ്ട്, അത് വേറൊരാൾക്ക് പ്രയോജനപ്പെട്ടോ? ‘ഞാൻ മാത്രമല്ല’ എന്ന പേരിൽ അവളെ കുറിച്ച് ലീന മണിമേഖല ഒരു ഡോക്യുമെന്ററി എടുത്തിരുന്നു. പക്ഷേ അത് എവിടെയെങ്കിലും കാണിച്ചോ? ശിശുക്ഷേമ വകുപ്പ് അടക്കം അത് മൂടിവെച്ചു. പിന്നെ കുറെ പേരുടെ കൂടെ, അവൾക്ക് വനിതാ രത്‌നം ബഹുമതി കൊടുത്തു. പക്ഷേ അവൾ കൊടുത്തൊരു വില സമൂഹം അപ്പോഴും ഉൾക്കൊണ്ടില്ല. 

ഇപ്പോൾ അവൾ കോൺട്രാക്ടിലാണ് വർക്ക് ചെയ്യുന്നത്. എന്താണ് അവൾക്ക് അതിലൊരു സെക്യൂരിറ്റി ഉള്ളത്? ബാക്കിയുള്ളവരൊക്കെ ഓരോ വർഷവും ദിവസവും നഷ്ടപ്പെടാതിരിക്കാൻ വേണ്ടി, എന്തും ചെയ്യുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവിടെയാണ് അവളുടെ വർഷങ്ങളും പോകുന്നത്. അവളുടെ കുടുംബങ്ങൾ പലയിടത്തായി ജീവിക്കുകയാണ്. അവൾക്കൊരു വീടില്ല. അതിജീവിത എന്ന് പറഞ്ഞ്, മറഞ്ഞിരിക്കാതെ മുന്നോട്ട് വന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയാണിത്. അതുകൊണ്ട് സുരക്ഷിതമായി ഞാൻ മുറിവേറ്റപ്പെട്ട ആളാണ്, എന്നോട് ഒരാൾ മോശമായി പെരുമാറിയെന്ന് ആത്മാഭിമാനത്തോട് കൂടി അല്ലെങ്കിൽ ആത്മവിശ്വാസത്തോടു കൂടി ഒരു പെൺകുട്ടിക്ക് പറയാനുള്ള അന്തരീക്ഷം കേരളത്തിൽ ഈ അടുത്ത കാലത്തെപ്പോഴെങ്കിലും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. 

ഇടക്കാലത്ത് കുറച്ചൊരു ഉണർവ് വന്നിരുന്നെങ്കിലും ഇപ്പോൾ കേരളം തിരിച്ചു പോവുകയാണ്. ഐസ്ക്രീം പാർലർ കേസ് മുതൽ ഇതുവരെയുള്ള ലൈംഗികാതിക്രമ കേസുകൾ എടുത്താൽ നമുക്കറിയാം, എല്ലാത്തിലും അധികാരം ഉപയോഗിച്ച് ഇരകളാക്കപ്പെട്ട പെൺകുട്ടികളെ നശിപ്പിച്ചിട്ടുള്ള ചരിത്രമാണ് കേരളത്തിന്റേത്. എല്ലാ നാടുകൾക്കും അതായിരിക്കും. നിർഭയ പദ്ധതിയൊക്കെ വന്നപ്പോഴാണ് അതിനു കുറച്ചു വ്യത്യാസം വന്നത്. പക്ഷെ, ഇപ്പോൾ നിർഭയ പദ്ധതി എന്നൊന്നുമില്ല. അതൊക്കെ രാഷ്ട്രീയ കാരണങ്ങളാൽ നശിപ്പിക്കപ്പെടുകയും, അപ്രസക്തമാവുകയും ചെയ്തു. എന്നാൽ ആരുമത് ചോദ്യം ചെയ്തില്ല. വളരെ ദുർബലമായ പ്രതിഷേധം മാത്രമേ ഉണ്ടായിട്ടുള്ളൂ. അപ്പോൾ കേരളത്തിലെ കുട്ടികളോടുള്ള നമ്മുടെ പ്രതിബന്ധത എന്താണ് എന്നത് വലിയൊരു ചോദ്യം തന്നെയാണ്. 

ഇനി പരാതിപ്പെട്ടാലും ഈയൊരു സാഹചര്യം തന്നെയാണ് ഉണ്ടാകാൻ പോകുന്നത്. പല കേസിലും പരാതിപ്പെട്ടവരുടെ പരാതി ആരോപണ വിധേയനായ ആളുടെ കൈയിലെത്തിയ സംഭവം ഇഷ്ടം പോലുണ്ട്. സംവിധാനങ്ങളുണ്ടെന്ന് പത്രസമ്മേളനത്തിൽ ഉത്തരവാദിത്തപ്പെട്ടവർ വിളിച്ച് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ലല്ലോ. നമുക്ക് കൗൺസിലിങ് ഉണ്ടെന്ന് പറയാം, പക്ഷെ അവിടെ എല്ലാം ജൂനിയർ ആയിട്ടുള്ള പുതിയ കുട്ടികളായിരിക്കും. അവർക്ക് വേണ്ടത്ര പരിചയം ഒന്നും ഉണ്ടാവില്ല. അവരും ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. ഞങ്ങൾ ഡീൽ ചെയ്തൊരു കേസിൽ, കൗൺസിലറാണ് ആ കുട്ടിയോട് ആദ്യം പറഞ്ഞത്, ഈ വക കാര്യങ്ങളൊന്നും വീട്ടിലും നാട്ടിലും പറയാൻ പാടില്ലെന്ന്. ‘ഇത്ര പ്രായമായിട്ടും ഇതൊന്നും മൂടി വെക്കണമെന്ന് നിനക്ക് അറിയില്ലേന്ന്. ആര് ഉപദ്രവിച്ചാലും ആരോടും പറയാൻ പറ്റൂല്ല.’ ഇല വന്ന മുള്ളിൽ വീണാലും എന്ന പഴ പഴഞ്ചോൽ എല്ലാം പഠിപ്പിച്ചാണ് അവളെ വിട്ടത്. പക്ഷേ ആളൊരു മിടുക്കി ആയതു കൊണ്ട് വീട്ടിലെത്തിയ ശേഷം ചൈൽഡ്‌ലൈനിൽ വിളിച്ച് അവരോട് ഇത് പറഞ്ഞു. ആ കുട്ടിക്ക് ധൈര്യം ഉള്ളത് കൊണ്ടാണ്. അല്ലായിരുന്നുന്നെങ്കിലോ? എന്റെ പരിചയത്തിലുള്ള കുട്ടികളിൽ പലരും ആദ്യം ഉപദ്രവിക്കപ്പെട്ടപ്പോൾ പരാതി കൊടുക്കാൻ കഴിയാത്തവരാണ്. ഒരു കേസ് എങ്ങനെയോ ശ്രദ്ധയിൽപ്പെട്ട് പരാതിപ്പെട്ടപ്പോഴാണ് ഇവർ പഴയ സംഭവങ്ങളൊക്കെ പറയുക. പിന്നെ വേറൊരു കാര്യം, ഇപ്പോഴും പലരും വിചാരിക്കുന്നത് സ്ത്രീകൾ ഉപദ്രവിക്കപ്പെടാനും ഉപയോഗിക്കപ്പെടാനും ഉള്ളതാണെന്നാണ്. സത്യത്തിൽ ഉപയോഗവും ഉപദ്രവവും തമ്മിൽ വലിയ നേർത്ത വ്യത്യാസമാണുള്ളത്. 

പിന്നെ അധികാരത്തിൽ സ്ത്രീകൾ ഇല്ല എന്നതും പോരായ്മയാണ്. കേരളത്തിൽ നോക്കിയാൽ ഒരാൾ ശിശുക്ഷേമവും മറ്റൊന്ന് മൃഗപരിപാലനവും. കേരളത്തിൽ ശിശുക്ഷേമ വകുപ്പുണ്ടെന്ന് അവർക്ക് പറയാൻ പോലും സമയമില്ല. കാരണം അവർക്ക് ആരോഗ്യവകുപ്പ് കൂടെ കൈകാര്യം ചെയ്യാനുണ്ട്. അവരെ പറഞ്ഞിട്ട് കാര്യമില്ല. അവരും ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. പിന്നെ ഏത് പാർട്ടിയിലാണ് സ്ത്രീകൾ തീരുമാനമെടുക്കുന്നത്? നിങ്ങൾ പറയുന്നതിന് മുൻപേ ഞങ്ങൾ അടിമകളായിരുന്നു. വളരെ വലിയ അടിമകളാണെന്ന് ഇങ്ങനെ തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്. 

അതുകൊണ്ട് നാട്ടിലെ EMPOWERMENT എന്ന വാക്ക് മലയാളത്തിൽ ആക്കിയപ്പോൾ എന്താ പവർ എടുത്തുകളഞ്ഞത്? ശക്തി എന്ന വാക്കാണ് നമ്മൾ പകരം ഉപയോഗിച്ചത്. ശാക്തീകരിക്കുക എന്നാൽ പെണ്ണുങ്ങൾ വെച്ച് വിളമ്പാനൊക്കെ ശാക്തീകരിക്കുക എന്ന അർത്ഥത്തില്ലേ ഉള്ളൂ. പിന്നെ സെക്സ് കൂടെ അതിനകത്തുണ്ട്. കേരളത്തിലെ വ്യാജമായ കുടുംബ രീതികളാണ് ഇവിടെ ഏറ്റവും പ്രശ്നം. കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയാണെന്ന് പറയുമ്പോഴും ഏത് കുട്ടിയും,സ്ത്രീയുമാണ് കുടുംബത്തിൽ സന്തോഷത്തോടെ തുല്യ പങ്കാളിത്തത്തോടെയുള്ളത്? ഒരുപാട് ജനാധിപത്യ മാറ്റങ്ങൾ ഇവിടെ കൊണ്ട് വരേണ്ടതായിട്ടുണ്ട്. കുറേ കൂടി അതിന്റെ വ്യാജ സ്വഭാവം മാറ്റേണ്ടതുണ്ട്. അനുപമയുടെ കുട്ടിയുടെ കേസിൽ മുഖ്യമന്ത്രി എന്ത് പറഞ്ഞെന്ന് അനുപമ ശ്രീമതി ടീച്ചറോട് ചോദിക്കുമ്പോൾ, അതൊരു വീട്ടിലെ കാര്യമല്ലേയെന്ന് അദ്ദേഹം ചോദിച്ചതെന്നാണ് പറഞ്ഞത്. നമ്മുടെ ചിന്തയാണ് അദ്ദേഹം പറഞ്ഞത്. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യമാകുമ്പോൾ അതൊക്കെ അങ്ങനെ മതി

ഇവിടെയൊക്കെ നോക്കേണ്ടത്, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള നിയമങ്ങളെ എത്ര ഭംഗിയായി വ്യഭിചരിക്കുന്നു എന്നുള്ളതാണ്. ഇപ്പോൾ തൊഴിൽ സ്ഥലത്തെ സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കുന്ന നിയമത്തിനു കീഴിൽ, ഏതെങ്കിലും കേസിൽ ആരെങ്കിലും ശിക്ഷിക്കപ്പെടുന്നുണ്ടോ? അങ്ങനെ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മൾ വളരെ കൃത്യമായി ഉണ്ടാക്കി എടുത്തിട്ടുണ്ട്. സ്ത്രീധന നിരോധന നിയമമാണെങ്കിലും, ഗാർഹിക പീഡന നിയമമാണെങ്കിലും ഏത് നിയമങ്ങളും വളരെ ഭാഗിയായിട്ട് നമ്മൾ മറക്കും. ഇപ്പോൾ ഒന്ന് ആലോചിച്ച് നോക്കൂ വിജയ് ബാബുവിന്റെ കേസിലേക്ക് എന്തൊക്കെ അയാൾ കൊണ്ടുവന്നു. കാരണം ഈ സിസ്റ്റം തന്നെ. 

സിനിമ എന്ന വ്യവസായത്തിൽ ഇത് വളരെ വ്യക്തമാണ്. സമൂഹത്തിന്റെ പൈസ കൊണ്ട് മാത്രം നിലനിൽക്കുന്ന വ്യവസായത്തെ സ്ത്രീ വിരുദ്ധമായി, മനുഷ്യ വിരുദ്ധമായി നിലനിർത്താൻ വേണ്ടി എല്ലാ ശക്തി കേന്ദ്രങ്ങളും ശ്രമിക്കുന്നുണ്ട്. അതിലൊരു ചെറിയ തുള വീണതാണ് നടി ആക്രമിക്കപ്പെട്ട കേസ്. പക്ഷേ അഞ്ചാറ് കോടി രൂപ കൊടുത്ത് ഹേമ കമ്മീഷൻ അന്വേഷിച്ച റിപ്പോർട്ട് പുറത്തുവിടാൻ പറ്റില്ല എന്ന് പറയുന്നത് സിസ്റ്റത്തിൽ കേടു വരാതിരിക്കാൻ വേണ്ടിയാണ്. നമ്മുടെ സർക്കാർ അപ്പോൾ ഇവരുടെയൊക്കെ പൈസയുടെയോ പിന്തുണയുടെയും മുകളിലായിരിക്കും ജീവിക്കുന്നത്. അല്ലാതെ കേരളത്തിൽ സിനിമാക്കാരുടെ വോട്ട് മാത്രം കിട്ടി ജയിച്ച സർക്കാർ അല്ലല്ലോ ഇത്. 

ജനാധിപത്യമെന്നുള്ളത് തന്നെ നമുക്ക് അത്രമാത്രം അർത്ഥപൂർണമല്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ട് പ്രായം കൊണ്ടും അവസ്ഥ കൊണ്ടും അവർ ഏറ്റവും കൂടുതൽ സംരക്ഷിക്കേണ്ടത് കുട്ടികളെയാണ്. നാളെ കുട്ടികൾ ഉണർന്നു വന്ന് ഞങ്ങളെ സിഡബ്ല്യൂസിയെ നിങ്ങളുടെ ആളുകളെ നിയമിക്കാനായി ഉപയോഗിച്ചല്ലോ എന്ന് ചോദിക്കുന്ന സാഹചര്യം ഉണ്ടാക്കാതിരിക്കുക എന്നതാണ് നമ്മുടെ ഏറ്റവും കുറഞ്ഞ മര്യാദ. ഏറ്റവും ദുർബലമായ കുട്ടിയും, സംരക്ഷിക്കപ്പെടുന്ന, അവകാശങ്ങളോട് കൂടി നിലനിൽക്കുന്ന, അവകാശങ്ങളോട് കൂടി ഉണർന്നു വരുന്ന, വികസിക്കുന്ന, വളർന്നു വരുന്ന ഒരു സാഹചര്യമാണ് നമ്മൾ ഉണ്ടാക്കേണ്ടത്. അത് ഏറ്റവും പ്രാഥമികമായൊരു ഉത്തരവാദിത്തമാണ്. 

ഒരു കുട്ടിയും സെക്രട്ടറിയേറ്റിന്റെ മുന്നിൽ വന്ന് ആത്മഹത്യ ചെയ്യില്ല എന്ന ഒരുറപ്പിന്റെ പേരിലാണല്ലോ ഇതൊക്കെ ചെയ്യുന്നത്. പക്ഷേ കത്തുന്ന മനസ്സുമായി ജീവിക്കുന്ന ഒരായിരം കുട്ടികളുണ്ട്. നിരന്തരം ഉടുപ്പിൽ തീ വെയ്ക്കുന്ന കുട്ടി, എന്തുകൊണ്ടാണ് അങ്ങനെ കത്തിക്കുന്നതെന്ന് നോക്കിയപ്പോഴാണ് ആ കുട്ടി ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന് മനസിലായത്. ഒരു കുട്ടി നിരന്തരം ഒരാളുടെ പേരെഴുതി വെട്ടുകയായിരുന്നു, മറ്റൊരു കുട്ടി സ്കൂൾ വിട്ടാൽ വീട്ടിൽ പോവില്ല. വേറൊരിടത്ത് പ്രധാനാധ്യാപകൻ മടിയിലിരുത്തി ഉപദ്രവിക്കുന്ന കാര്യം ഒരു കുട്ടി കൂട്ടുകാരോട് പറഞ്ഞപ്പോൾ അധ്യാപകൻ വരുന്ന സമയത്ത് വട്ടത്തിൽ കുട്ടികൾ കൈകോർത്ത് നിന്ന് ഈ കുട്ടിയെ നടുക്കിൽ നിർത്തുന്നു. കാരണം അവർക്ക് അറിയാമായിരുന്നു. അവർക്ക് ചെയ്യാൻ കഴിയുന്നത് അതാണെന്ന്. വലിയവരിൽ നിന്നും രക്ഷപ്പെടാനായി കുട്ടികൾ തന്ത്രം മെനയേണ്ടി വരുന്ന ഒരു സാഹചര്യമാണത്. കുട്ടികൾ അറിവില്ലാത്തവരോ, കഴിവില്ലാത്തവരോ, നമ്മൾക്കപ്പുറം ചിന്തിക്കാത്തവരോ ആണെന്ന് വിചാരിക്കരുത് എന്നാണ് എനിക്ക് തോന്നുന്നത്. 

വനിതാ ശിശു ക്ഷേമ വകുപ്പ് പുറത്തിറക്കുന്ന പോസ്റ്ററുകൾ പലപ്പോഴും ശക്തമായ വിഷയങ്ങൾ സംസാരിക്കുന്ന അല്ലെങ്കിൽ വ്യക്തമായ നിലപാടുകൾ അറിയിക്കുന്നതാണ്. പക്ഷേ അതൊന്നും പ്രവർത്തികളിൽ പലപ്പോഴും കാണാറില്ല. സ്ത്രീപക്ഷ സർക്കാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംസ്ഥാന സർക്കാർ നിലപാടുകളിലും ഈ അന്തരം കാണുന്നുണ്ടോ? 

നിതാ ശിശുക്ഷേമ വകുപ്പിന്റെ ഏത് ഓഫീസിലേക്ക് വേണമെങ്കിലും വിളിച്ചു നോക്കൂ. പത്തു മുതൽ അഞ്ച് വരെയേ ഉണ്ടാകൂ. പിന്നെ ഒരു കാര്യത്തിനും പരിഹാരമുണ്ടാകില്ല. പക്ഷെ ഞാൻ അവരെ കുറ്റം പറയില്ല. അവരുടെ നിലനിൽപ്പിനു വേണ്ടിയിട്ടുള്ളതാണ്. പോസ്റ്ററുകളെല്ലാം ഒരു പരസ്യ അജൻസിയെ ഏല്പിച്ചിട്ടുണ്ട്. അവർ ചെയ്യുന്നതാണ്. അത് കണ്ടൊന്നും ആരും തെറ്റിദ്ധരിക്കരുത്‍. 

പിആർ വർക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം കൃത്യമായിട്ടും സർക്കാരിനുമുണ്ട്. കുട്ടികളുടെ ഒക്കെ കേസിനു സർക്കാർ ഒപ്പമുണ്ട് എന്ന് പറയുമ്പോൾ, അയ്യോ അതാണ് ഞങ്ങളുടെ പേടിയെന്നാണ് ഞങ്ങൾക്ക് തിരിച്ചു പറയാനുള്ളത്. കാരണം ഈ സിഡബ്ല്യൂസിയും ഈ പ്രോസിക്യൂട്ടർമാരും, സുനന്ദയും ഒക്കെ കൂടെയുണ്ടെന്ന് പറഞ്ഞാൽ കുട്ടികൾ ഓടി പോവില്ലേ? സർക്കാർ ഒപ്പമുണ്ടെന്ന് പറയുമ്പോൾ എവിടെ ഒളിക്കുമെന്നാണ് അവർ ഇപ്പോൾ ഓർക്കുന്നുണ്ടാവുക. 

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പ്രതിച്ഛായയെ കുറിച്ചൊന്നും ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമില്ല. അവർ പ്രതിച്ഛായയൊക്കെ ഉണ്ടാക്കട്ടെ. പക്ഷേ ഒന്നും ചെയ്യാതെയാണെന്ന് നമുക്കറിയാമല്ലോ. ആത്മാഭിമാനമുള്ള ഒരു സ്ത്രീക്കും ഇന്ന് വനിതാ ശിശുക്ഷേമ വകുപ്പിന്റെ കൂടെ വർക്ക് ചെയ്യാൻ കഴിയില്ല. ഇതൊക്കെ കൂലി പണിയാണല്ലോ. വൈകുന്നേരം ആകുമ്പോൾ അവർക്കും ജീവിക്കണ്ടേ. വൈകുന്നേരമാകുമ്പോൾ വീട്ടിൽ പോകണം, കുട്ടികൾക്ക് ഭക്ഷണം കൊടുക്കണ്ടേ. 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള പല കുറ്റകൃത്യങ്ങളിലും വനിതാ ശിശുക്ഷേമ വകുപ്പും ആഭ്യന്തര വകുപ്പുമെല്ലാം പ്രതിക്കൂട്ടിലാണ്. ഈ വിഭാഗത്തിലെല്ലാം ഒരു അഴിച്ചുപണി നടക്കേണ്ട ആവശ്യമില്ലേ? 

ഴിച്ചുപണിയല്ല. വെട്ടിപ്പൊളിച്ചു കഴിഞ്ഞിട്ട് പുതുതായിട്ട് ഒന്നുണ്ടാക്കണം. അഴിച്ചു പണിതാല്ലൊന്നും ശരിയാവില്ല.എത്ര ലജ്ജാകരമായ കാര്യങ്ങളാണ് കേൾക്കുന്നത്. വനിതാ ശിശുക്ഷേമ വകുപ്പിന് പിആർ വഴിയുണ്ടാക്കിയ പ്രതിച്ഛായ മാത്രമേ ഉള്ളൂ. ഇത്രയധികം പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സമയത്തൊക്കെ വനിതാ ശിശുക്ഷേമ വകുപ്പ് വല്ലതും ചെയ്തോ? ആദ്യം തന്നെ പോലീസുകാർ അവിടെ പോയി വേലികെട്ടി, ഹെല്പ് ലൈൻ തുടങ്ങി. 

ഈ പോലീസുകാർക്കെതിരെ തന്നെ നിരന്തരം ആക്ഷേപങ്ങൾ ഉണ്ട്. ചിട്ടിക്കമ്പനി നടത്തുക, കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കുക, പലിശയ്ക്ക് കൊടുക്കുന്ന പരിപാടി അതൊക്കെ നമ്മൾ നിരന്തരം കാണുന്നുണ്ടല്ലോ. അപ്പോൾ ഏത് പോലീസിനെ ആരാണ് വിശ്വസിക്കുക? പിന്നെ അവർ ഹെല്പ് ലൈൻ എങ്ങനെയാണ് നടത്തുക? പൊലീസിനെതിരെ സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ ഒരുപാടുണ്ട്. ഇതൊക്കെ സംരക്ഷിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ട് അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. 

ഇപ്പോൾ വിസ്മയ ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കിൽ കേരളത്തിൽ കിരണിനെ മാതൃകയാക്കി കാണില്ലായിരുന്നോ? നല്ല വിദ്യാഭ്യാസം, നല്ല ജോലി, കാർ, കാണാൻ സുന്ദരൻ ഇങ്ങനെയുള്ളവരെയല്ലേ നമ്മൾ മാതൃകയാക്കാറുള്ളത്? പക്ഷേ ഈ പെൺകുട്ടി ആത്മഹത്യ ചെയ്തത് കൊണ്ട് ഒരു ചെറിയ, നൂലിഴ പിഴച്ചു. ആത്മഹത്യ ചെയ്യാത്ത വിസമയയും കിരൺ കുമാറുമൊക്കെ ഇഷ്ടം പോലെ കേരളത്തിലുണ്ട്. 

പിന്നെ വിസ്മയയുടേത് ലക്ഷണമൊത്ത ആത്മഹത്യയായിരുന്നു. അതുകൊണ്ട് ഗവർണർ ഒക്കെ പോയി. പക്ഷേ അതിനു ശേഷം ഒന്നുമില്ല. ആലുവയിലെ കുട്ടിയോട് സിഐ പറഞ്ഞത് മിണ്ടാതെ പോയി വീട്ടിലിരുന്നോ, ഭർത്താവ് കഞ്ഞീം കുറച്ച് അടിയൊക്കെ തരും, അതൊക്കെ എല്ലാ വീട്ടിലുമുള്ളത് തന്നെയാണെന്ന്. അടി കിട്ടാത്തതാണ് ഇവിടെ അസാധാരണത്വം. ഈ അടി വാങ്ങുന്നതൊക്കെ ഈ സിസ്റ്റത്തിൽ ഉള്ളതാണ്. അതിനുള്ള ആന്റി വൈറസ് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഈ സിസ്റ്റം പുനഃക്രമീകരിക്കുക എന്ന് മാത്രമേ ചെയ്യാനുള്ളൂ. പക്ഷേ കുടുംബത്തിൽ തൊടാതെ മാത്രമേ അഴിച്ചുപണി നടത്താവൂ. 

കോവിഡ് ബാധിച്ചൊരാൾ ഭാര്യയും കുട്ടിയുമായി ആശുപത്രിയിലേക്ക് പോയപ്പോൾ മുഖ്യമന്ത്രി ചില ആൾക്കാർക്ക് രോഗം അങ്ങനെയുണ്ടാവില്ല എന്നാണ്. ശ്രീരാമന്റെ കൂടെ സീത പോകുന്ന പോലെ കോവിഡ് ആണെങ്കിലും ഭാര്യ പോകുന്നതാണ് കേരളത്തിന്റെ രീതി. അതൊക്കെ പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു. യാഥാർത്ഥത്തിൽ അതൊരു തെറ്റായ രീതിയല്ലേ. ഭർത്താവിന് പകരുന്ന അസുഖമുണ്ടെങ്കിൽ ഭാര്യയെ അടുത്ത് നിർത്തുകയല്ലലോ വേണ്ടത്. പക്ഷേ നമുക്ക് കീഴ്‌വഴക്കമാണ് അവിടെ പ്രധാനം. നേരത്തെ അനുപമയുടെ കുട്ടിയുടെ കാര്യം പറഞ്ഞത് പോലെ, രാജാവ് നഗ്നനാണെന്ന് ആർക്കും പറയാൻ പറ്റില്ലല്ലോ. 

വനിതാ ശിശുക്ഷേമ വകുപ്പ് പിആർ ഉണ്ടാക്കുന്നത് പോലെ സർക്കാർ ഒപ്പമുണ്ടെന്ന് പറഞ്ഞാൽ മതിയല്ലോ. ശരിക്കും സർക്കാർ ഒപ്പമുണ്ടാകുമെന്ന് പറയുകയല്ല വേണ്ടത്. കാര്യങ്ങളെല്ലാം നന്നായിട്ട് നടത്തുകയാണ് വേണ്ടത്. ഒപ്പമുണ്ടാകുമോ, ഇല്ലയോ എന്നതല്ല. നമ്മൾ ഭയങ്കര ഔദാര്യത്തിന്റെയും അതുപോലെ തന്നെ വെൽഫെയറിന്റെയും സ്കീമിലാണ്. എന്തെങ്കിലുമൊക്കെ കിട്ടണം നമ്മുക്ക്. അതുകൊണ്ടാണാലോ ഈ സംഘടനകളും രാഷ്ട്രീയ പാർട്ടികളുമൊക്കെ അവരുടെ ആളുകളെ ഓരോ സ്ഥലത്ത് നിയമിക്കുന്നത്. ഞാനിപ്പോൾ പാർട്ടിയിൽ നിൽക്കുകയും കുട്ടിയുടെ കാര്യം നോക്കുകയോ, നോക്കാതിരിക്കുകയോ ചെയ്താലും എന്റെ ഒരു പോസ്റ്റ് അവിടെ ഉണ്ടെനിക്ക്. 

പോക്‌സോ കേസുകൾക്ക് പുരോഗതി ഉണ്ടാവുന്നില്ലെന്നും, കേസ് പെട്ടെന്ന് വിധിയാകുന്നില്ലെന്നും കണ്ടാണ് പ്രത്യേക കോടതികൾ തുടങ്ങുന്നത്. എന്നാൽ നമ്മൾ ചിന്തിക്കുന്നത് നമ്മുടെ ആരെയൊക്കെ അവിടെ നിയമിക്കാൻ പറ്റും എന്നാണ്. എന്ത് കിട്ടിയാലും ഇതാണ് ആലോചന. അല്ലാതെ ആദ്യമിത് നന്നാക്കി എടുക്കാം എന്നതല്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കേസുകളിൽ വിധി പറയുക, കുട്ടികളെ രക്ഷിക്കുക, ആ തരത്തിലുള്ള ഒന്നുമുണ്ടാകില്ല. പിന്നെ പണ്ടത്തെ പോലെയൊന്നും ആരും അങ്ങനെ കാര്യമായൊന്നും ഇതിനെ കുറിച്ച് സംസാരിക്കുന്നില്ല എന്നതാണ് അടുത്ത വിഷയം. ഒരു അന്തിചർച്ചയിൽ തീരുന്നതേ ഉള്ളു ഇതൊക്കെ. അല്ലെങ്കിൽ മരിച്ചു കിട്ടണം. മരിച്ചിട്ടോ, പൊള്ളീട്ടോ, ഓടി പോയിട്ടോ, അപകടത്തിൽ പെട്ടിട്ടോ ഭയങ്കരമായാൽ ഒരു ദിവസത്തേക്കുള്ളതാവും. വാളയാർ കേസിൽ വലിയ സമരമൊക്കെ നടന്നോണ്ടിരിക്കുമ്പോൾ നമ്മളോട് ഒരു കുട്ടി പറഞ്ഞിട്ടുണ്ട്; മരിച്ചു കഴിഞ്ഞാൽ പെട്ടെന്ന് കേസ് അവസാനിക്കുമല്ലേ എന്ന്. അങ്ങനെ കുട്ടികളെ കൊണ്ട് ചോദിപ്പിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. പക്ഷേ ആർക്കും ഇതിലൊരു വേദനയോ, പൊള്ളലോ ഇല്ല. കാരണം, നമ്മൾ ഒരു കുട്ടിയേയും വഴിയിൽ കണ്ടുമുട്ടുന്നില്ല, നമ്മളെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഒരു മനുഷ്യന്റെ മാനവികതയിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും ഇത് കേൾക്കുമ്പോൾ അത്രയയ്ക്ക് സമാധാനമുണ്ടാകുമെന്ന് തോന്നുന്നില്ല. 

കക്ഷി രാഷ്ട്രീയ അതിപ്രസരമാണെന്ന് അനുമാനിക്കാമോ ഇതുപോലെയുള്ള സ്ഥാപനങ്ങൾ കുത്തഴിയാൻ കാരണം? ഇതിനെ ആരാണ് ഓഡിറ്റ് ചെയ്യുന്നത്? ചെയ്യേണ്ടത്?

സിസ്റ്റമൊക്കെ ഇവർ മാനിപുലേറ്റ് ചെയ്തു. ശിശുക്ഷേമ സമിതിയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് പുറത്താക്കി. ഇത് സംബന്ധിച്ച് 2019 ൽ ഒരു ഉത്തരവ് വാങ്ങിച്ചു വെച്ചിട്ടുണ്ട്. ശിശുക്ഷേമ സമിതിയുടെ കമ്മിറ്റി കൃത്യമായി കൂടുകയും, ഒറ്റകക്ഷിയിലുള്ള ആളുകൾ മാത്രം അല്ലാതിരിക്കുകയും, കൃത്യമായി ജനറൽ ബോഡിയും റിപ്പോർട്ടും ഉണ്ടായിരിക്കണം എന്നൊക്കെയുണ്ട്. പക്ഷെ ഇത് മുഴുവൻ നിയമത്തെ മറികടന്നുള്ള സിസ്റ്റമാണിപ്പോൾ. അതുപോലെ സർക്കാർ ഫണ്ട് വാങ്ങിക്കുന്നില്ല എന്ന ധാരണയുമുണ്ടാക്കിയിരുന്നു. പക്ഷെ അതൊക്കെ തെറ്റാണ്. 

പക്ഷേ മുഖ്യമന്ത്രി ചെയർമാൻ ആയിട്ടുള്ള ഒരു കമ്മിറ്റി ആയതുകൊണ്ട് തന്നെ അതിങ്ങനെ സൂത്രത്തിൽ കൊണ്ട് പോവുകയാണ്. യഥാർത്ഥത്തിൽ മുഖ്യമന്ത്രി ചെയർമാൻ ആയിട്ടുള്ള കമ്മിറ്റി ഒക്കെയാകുമ്പോൾ കൂടുതൽ ശ്രദ്ധയാണ് വേണ്ടത്. കാരണം അദ്ദേഹത്തെ കൂടെ അത് ബാധിക്കും. പക്ഷെ മുഖ്യമന്ത്രിക്കും അത് പ്രശ്നമല്ല, ഇവർക്കും അത് പ്രശ്നമല്ല, ഒരു കറക്ക് കമ്പിനിയായിട്ട് അതങ്ങനെ കൊണ്ട് പോവുകയാണ്. 

പിന്നെ cwc സംബന്ധിച്ചെടുത്തോളം ഘടന സംബന്ധിച്ച പ്രശ്നം ആദ്യമേയുണ്ടായിരുന്നു. CWC യുടെ തീരുമാനം ചോദ്യം ചെയ്യാൻ നമുക്ക് സെക്ഷൻസ് കോടതിയിലെ പോകാൻ കഴിയുകയുള്ളൂ. CWC കുട്ടികളുടെ കോടതി എന്നായത് കൊണ്ട് തന്നെ, കോടതി പോലെ വളരെയധികം സങ്കീർണമായ ഘടന ഇല്ലാതിരിക്കാൻ വേണ്ടിയായിരുന്നു അങ്ങനെയുണ്ടാക്കിയത്. പക്ഷെ സെഷൻസ് കോടതിയിൽ പോയി ആ തീരുമാനം പുനഃപരിശോധിക്കണമെങ്കിൽ ഭയങ്കര ശ്രമകരമാണ്. അത് സമയമെടുക്കും. 

രണ്ടാമതായി ഇതൊരു നിയമപരമായ പ്രവർത്തനമാണ്. ഇപ്പോഴത്തെ ജെജെ ആക്ട് ഭേദഗതിയനുസരിച്ച് ജില്ലാ കളക്ടർക്ക് അതിൽ ഇടപെടാൻ കഴിയും. അദ്ദേഹമാണ് ഇത് മോണിറ്റർ ചെയ്യേണ്ടത്. കൂടാതെ ബാലാവകാശ കമ്മീഷനും ഇത് റിവ്യൂ ചെയ്യാനുള്ള അവകാശമുണ്ട്. പക്ഷെ അതൊന്നും കൃത്യമായിട്ട് പ്രവർത്തിക്കുന്നില്ല. ഇതൊക്കെ രാഷ്ട്രീയമായ സ്ഥാപിതങ്ങൾ ആയതുകൊണ്ട് തന്നെ ഇവർ ഈ രീതിയിൽ എല്ലാം മാനിപുലേറ്റ് ചെയ്യും. 

പക്ഷേ ഇങ്ങനെ അല്ലാതിരുന്ന ചില മാതൃകകളും ഉണ്ടായിരുന്നു. ചില ജില്ലകളിൽ എങ്കിലും രാഷ്ടീയപരമായിട്ട് ശിശുക്ഷേമ സമിതി നന്നായിട്ട് പ്രവർത്തിച്ച കാലമുണ്ടായിരുന്നു. പക്ഷെ ഇതിന്റെ ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ നമ്മുടെ സ്റ്റേറ്റ് എങ്ങനെ ഇതിനോട് സമീപിക്കുന്നു എന്നതാണ്. സ്റ്റേറ്റ് കുട്ടികളുടെ അവകാശങ്ങൾ നശിപ്പിക്കുന്നത് പൊറുപ്പിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാ cwc നന്നായി പ്രവർത്തിക്കുന്നത്?അപ്പോൾ ആ രീതിയിൽ സ്റ്റേറ്റ് പോളിസി ആയിട്ട് കൂടി ഇതിനു ബന്ധമുണ്ട്. രാഷ്ട്രീയക്കാരനാണെങ്കിലും അവർ കുട്ടികളുടെ അവകാശത്തിൽ ഊന്നുന്ന തരത്തിൽ പ്രവർത്തിച്ചാൽ മതി. പക്ഷെ അതിനു ഇവർക്ക് കഴിയുന്നില്ല. കാരണം ഇവരൊക്കെ അടിമകളാണല്ലോ. സുനന്ദ നല്ല അടിമയായതു കൊണ്ടാണ് വീണ്ടും ബാലാവകാശ കമ്മിഷൻ അംഗമായി തിരഞ്ഞെടുക്കുന്നത്. അല്ലെങ്കിൽ ഇത്രയും കുറ്റാരോപിതയായ സ്ത്രീയെ ആരെങ്കിലും പിന്നെ മറ്റൊരിടത്ത് നിയമിക്കുമോ? 

വളരെ ലളിതമായ ചോദ്യം: ഒരു സ്ത്രീക്കും അവളുടെ കുഞ്ഞിനും നീതി ലഭിക്കാൻ ഇന്ന് കേരളത്തിൽ എവിടെയാണ് പോകേണ്ടത്? ആരുടെ വാതിലുകളാണ് നമ്മൾ മുട്ടേണ്ടത്?

രിക്കും അതിനു പല സംവിധാനങ്ങളുണ്ട്. കുട്ടിയാണെങ്കിൽ സിഡബ്ല്യൂസിയിൽ പോകാം. അല്ലെങ്കിൽ വൺ സ്റ്റോപ്പ് സെന്റർ എന്ന പേരിൽ എല്ലാ കാര്യങ്ങളും ഒരു സ്ഥലത്ത് കൈകാര്യം ചെയ്യുന്ന സംവിധാനമുണ്ട്. പക്ഷെ ഇതൊക്കെ ദുർബലവും, മാനിപ്പുലേറ്റഡുമാണ്. ഇപ്പോൾ വീട്ടിൽ നിന്ന് ഉപദ്രവിക്കപ്പെടുന്ന ഒരു സ്ത്രീക്ക് വേണ്ടി ഓരോ ജില്ലയിലും ഗാർഹിക പീഡന നിയമത്തിന്റെ പ്രത്യേക വനിതാ പ്രൊട്ടക്ഷൻ ഓഫിസർമാരുണ്ട്. പക്ഷെ അവരൊക്കെ അപ്രസക്തരും, അതീവ ദുർബലരുമാണ്. കൂടാതെ അവരൊക്കെ നന്നായി ജോലി ചെയ്താലും ജോലി ചെയ്തില്ലെങ്കിലും ചോദിക്കാനും പറയാനും ഒന്നും ആരുമില്ല. അതുകൊണ്ടവർ ഏതെങ്കിലുമൊരു ഓഫിസറെ പോലെതന്നെയാണ്. അവർ രാവിലെ വരും, നിരന്തരം ഫയൽ എഴുതും, വൈകുന്നേരം വീട്ടിൽ പോകും എന്നേയുള്ളൂ. 

വിസ്മയുടെ കാര്യം വീണ്ടുമെടുക്കാം. ആ കുട്ടി നാലോണം പഠിച്ച കുട്ടിയാണ്. പക്ഷെ അവളുടെ കൂടെ ആരും ഉണ്ടായിരുന്നില്ല. തീർത്തും ഒറ്റപ്പെടുമ്പോഴല്ലേ ഒരാൾ ആത്മഹത്യ ചെയ്യുന്നത്. പിന്നെ, പതിനാലും പന്ത്രണ്ടും വയസുള്ള കുട്ടികൾ ഇവിടെ ആത്മഹത്യ ചെയ്യുന്നില്ലേ? വാളയാർ ഒക്കെ ശരിക്കും വേറെ ഏതെങ്കിലും സ്ഥലത്തായിരുന്നെങ്കിൽ തീ ഇടേണ്ട കേസ് ആണ്. ഒന്നാമത്തെ കുട്ടി മരിച്ച് ഒരു മാസത്തിനകം രണ്ടാമത്തെ കുട്ടി മരിച്ചു. ഒന്നാമത്തെ കുട്ടിയുടെ ഫോട്ടോ വെച്ച് നടന്നിരുന്ന കുട്ടിയാണ് രണ്ടാമത്തെ കുട്ടി. അതിനു ശേഷം നമ്മൾ പറഞ്ഞത് സ്വഭാവം നന്നായിരുന്നില്ലെന്നാണ്. നമുക്ക് നല്ല സ്വഭാവമുള്ള കുട്ടിയുടെ കാര്യമല്ലേ നോക്കാൻ പറ്റുള്ളൂ. നിയമം നല്ല സ്വഭാവമുള്ളവർക്കും, പൈസയുള്ളവർക്കും, നല്ല അന്തരീക്ഷത്തിൽ ജീവിക്കുന്നവർക്കും ഉള്ളതാണ്. ബാക്കിയുള്ളവർക്ക് അത് വലിയ ഗുണം ചെയ്യില്ല. 

നിങ്ങൾക്ക് സ്വന്തമായ അവസ്ഥകളിൽ നിങ്ങൾക്ക് സ്വന്തമായി നശിക്കാം എന്നാണ് സർക്കാർ പറയുന്നത്. അതല്ലാതെ വേറെ ഓപ്ഷൻ ഞാൻ പറഞ്ഞില്ലേ. ‘ഞങ്ങളെ ആൾക്കാർക്ക് ഇരിക്കാൻ കസേരകൾ ഉണ്ടാക്കുക എന്ന കാര്യത്തിൽ ഞങ്ങൾ തിരക്കിലാണ്. മേലാൽ ഇനി ഇങ്ങനത്തെ കാര്യവുമായി വരരുത്.’ നിരന്തരം ഇത് നമ്മളെ കേൾപ്പിക്കുകയാണല്ലോ. കേരളത്തിൽ അല്ലാതെ പാമ്പു കടിച്ച് കൊല്ലുന്ന തരത്തിലുള്ള ഏർപ്പാടുകൾ ഉണ്ടാവുമോ? ഞാൻ പറയുന്നത് പാമ്പ് കടിച്ചു കൊല്ലുക എന്നതിന്റെ നവീനതയിൽ അല്ല. പക്ഷെ ഇത്രയും വളർന്നൊരു പയ്യൻ, അവന് ഈ കാശുണ്ടാക്കാൻ പാമ്പു പിടിച്ച് കൊല്ലുന്നത് മാത്രമേ ഉണ്ടായിട്ടൂള്ളൂ. അല്ലെങ്കിൽ എന്തിനാണ് കാശ് ഉണ്ടാക്കുന്നത്? ഈ കാശ് ഉണ്ടാക്കൽ നേരെ പൂജപ്പുരയിലേക്കുള്ള വഴിയാണെന്ന് മനസിലാക്കാനുള്ള ബുദ്ധി അവനില്ലേ? ഒന്നുമില്ലെങ്കിൽ താലിയും മാലയും ആചാരവും ഒക്കെ കഴിഞ്ഞ് കല്യാണം കഴിച്ചതല്ലേ? 

യഥാർത്ഥത്തിൽ കേരളത്തിലെ കല്യാണം ഒരു അർത്ഥമില്ലായ്മയാണ്. ഈ വേഷമൊക്കെ കെട്ടി, വീട്ടിൽ കൊണ്ടിട്ട് പിറ്റേ ദിവസം മുതൽ ഉപദ്രവിക്കാൻ തുടങ്ങുകയാണെങ്കിൽ എന്താ അതിന്റെ അർഥം? സ്ത്രീധന വിഷയവും ഇതുപോലെ പറയേണ്ടതാണ്. സ്ത്രീധനത്തിന് എതിരാണെന്ന് പറയുന്നവർ വരെ സ്ത്രീധനം കൊടുക്കുന്ന കല്യാണത്തിന് അണിഞ്ഞൊരുങ്ങി പോകുമല്ലോ. ഇത്തരം കല്യാണത്തിന് ഞാൻ പോകില്ലെന്ന് എത്രപേർ തീരുമാനം എടുക്കും? ഇനി ശരി സ്ത്രീധനം കൊടുക്കില്ല. ബാക്കി ഒക്കെ കൊടുത്താൽ മതിയല്ലോ. ഓരോരുത്തരും കല്യാണത്തിന് എത്രയാണ് ചിലവഴിക്കുന്നത്. ഇതൊക്കെ അതീവ വ്യാജമായിട്ടുള്ള കാര്യങ്ങളല്ലേ. ഇനി രാഷ്ട്രീയത്തിൽ പൊതു രംഗത്തുള്ള ആൾക്കാരുടെ, ഈ സാമ്പത്തിക നില നോക്കണം. അവർ വന്നപ്പോൾ ഉള്ളതും ഇപ്പോൾ ഉള്ളതും. എങ്ങനെ സമ്പത്തുണ്ടായി? അവരുടെ മുഴുവൻ പൈസയും സൂക്ഷിച്ചു വെച്ചാലും അവർക്ക് ഇത്രയും പൈസയുണ്ടാവില്ലല്ലോ. എങ്ങനെയുണ്ടായി? ഒട്ടും നിയമവിധേയമല്ലാതെ ജീവിക്കുന്നവരാണ് ഇവർ. പിന്നെ എങ്ങനെയാണ് നമുക്ക് സുരക്ഷിതത്വം പറയാൻ കഴിയുക? 

കേരളത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ദുരവസ്ഥ എന്ന് പറയുന്നത്, എല്ലാ തെറ്റിനെയും ന്യായീകരിച്ച് പിആർ വർക്ക് ചെയ്യും എന്നതാണ്. വിസ്മയ ആയാലും, ഉത്തര ആയാലും അവർക്കെല്ലാം മരിച്ചതിനു ശേഷമല്ലേ നീതി കിട്ടുന്നത്. പക്ഷെ മരിച്ചു കഴിഞ്ഞിട്ട് എന്ത് നീതിയാണ്? അല്ലെങ്കിൽ പ്രതിയെ കൊല്ലണമെന്ന് പറയാം. അതുകൊണ്ട് എന്ത് കാര്യം? നമുക്ക് ഒരു കിരൺ എന്നുള്ളതല്ല പ്രശ്നം. എനിക്കത്ഭുതം തോന്നുന്നത്. ഈ ആൺകുട്ടികൾ ഒക്കെ, ഇത്രയും കാലം നന്നായി പഠിച്ച്, ജോലിയെല്ലാം വാങ്ങിച്ച്, അവരുടെ മനസ്സിൽ ഇങ്ങനെയാണോ ഉണ്ടാവുക? അവിടെ പ്രതികൾ പോലും നമ്മുടെ സിസ്റ്റത്തിന്റെ ഇരകളാവുകയാണ്. കുറച്ച് പേർക്ക് നീതി കിട്ടിയെന്ന് പറയുമ്പോൾ, നീതി കിട്ടാത്ത അസംഘ്യം ആളുകളുണ്ട്. പരാതി പോലും വെളിച്ചത്ത് കൊണ്ടുവരാൻ കഴിയാത്ത പതിനായിരങ്ങൾ. പിന്നെ, മരിച്ചു കഴിഞ്ഞിട്ടുള്ള നീതി എന്നത് സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കേണ്ട ഒന്നല്ലലോ. ഒരു കിരൺകുമാറും വിസ്മയയും ഒരുമിച്ച് ഓടി, കിരണകുമാർ തോറ്റു, വിസ്മയ ജയിച്ചു എന്നതല്ലല്ലോ. മരിച്ചു കഴിഞ്ഞ് നീതി കൊടുത്തിട്ട് സംസ്ഥാനത്തിന്റെ വലിയ ബഹുമതി ആയാണല്ലോ കാണുന്നത്. എന്നിട്ട് ജിഷയ്ക്ക് നീതി ലഭിച്ചോ? ഒരുപാട് കഷ്ടപ്പെട്ട് പ്രയത്നിച്ച് വന്നിട്ടും ബഹുമാനത്തോട് കൂടി ജീവിക്കാൻ ആ കുട്ടിക്ക് പറ്റിയില്ല. ഇപ്പോഴും അവരുടെ ‘അമ്മ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വേട്ടയാടപ്പെടുകയാണ്.

പിന്നെ ഇവർക്ക് നൽകുന്ന നഷ്ടപരിഹാരം നോക്കാം. മധുവിന്റെ കേസിൽ 8 ലക്ഷം എസ്സിഎസ്ടി നിയമപ്രകാരം സർക്കാർ കൊടുക്കേണ്ടതാണ്. നിയമമാണത്. അത് മുഖ്യമന്ത്രി കൊടുക്കേണ്ട ആവശ്യമില്ല. വില്ലേജ് ഓഫീസർക്ക് കൊടുക്കാവുന്നതയുള്ളു. നമ്മൾ വിചാരിക്കണത് ഇതൊക്കെ സർക്കാരിന്റെ വലിയ നേട്ടങ്ങളാണെന്നാണ്.അയാൾ കൊല്ലപ്പെടാതെ നോക്കേണ്ടതാണ് സർക്കാരിന്റെ ഉത്തരവാദിത്വം. അല്ലാതെ അയാൾ കൊല്ലപ്പെട്ടിട്ട് പൈസ എഴുതി കൊണ്ട് പോകുന്നതല്ല. അത് വില്ലേജ് ഓഫീസർ കൊടുത്താൽ മതി. ഇതൊക്കെ പക്ഷെ സ്റ്റേറ്റിന്റെ ഒരു ഔദാര്യമായി മാറുകയാണ്. ഇപ്പോൾ വിസ്മയക്ക് നീതി കൊടുത്തു എന്ന് പറയുമ്പോൾ സ്റ്റേറ്റ് ശരിയായി പ്രവർത്തിച്ചിരുന്നെങ്കിൽ വിസ്‌മയ കൊല്ലപ്പെടാതിരിക്കുകയാണ് വേണ്ടത്. അവിടെ സിസ്റ്റം ഒക്കെ മരവിച്ചതു കൊണ്ടും സിസ്റ്റമില്ലാത്തത് കൊണ്ടുമൊക്കെയാണ് മരിച്ചത്.

പിന്നെ കേരളത്തിലെ കേസ് നടത്തിപ്പും വളരെ ബുദ്ധിമുട്ടുള്ളതാണ്. അതൊരു വലിയ വടംവലിയാണ്. പക്ഷെ അതിനിടയിലും ചിലർ കേസ് മാറ്റി മറിക്കാൻ നോക്കും. കാരണം ഇവരൊക്കെ അതിനു ശബളം വാങ്ങുക്കുന്നവരുമാണ്. ശമ്പളം മേടിച്ചുകൊണ്ട് ആളുകൾക്ക് ഉപദ്രവം ചെയ്യുകയാണല്ലോ ചെയ്യുന്നത്. 

പക്ഷെ ഇതിനൊക്കെ ഒരു പരിഹാരം എന്ന് പറയുന്നത് ഏറ്റവും കൂടുതൽ സ്ത്രീകളുടെ പങ്കാളിത്തത്തോടു കൂടി, അധികാരത്തിൽ സ്ത്രീകൾ വരുക എന്നതാണ്. യഥാർത്ഥത്തിൽ. അല്ലാതെ വീണ ജോർജിനെ പോലെ ഒരാൾ വരുക എന്നല്ല. അതായത് അധികാരം ശരിക്കും ഉപയോഗിക്കാൻ കഴിയുന്ന, സ്ത്രീകൾക്കും കുട്ടികൾക്കും അനുകൂലമായ തരത്തിൽ അധികാരം ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ, ശക്തരായ സ്ത്രീകൾ വരണം. 

ഷിജുഖാൻ ഒരു ചർച്ചയിൽ പറയുന്നതു കേട്ടു, അദ്ദേഹത്തിനെതിരെ ഒരു കേസ് പോലുമില്ലായെന്ന്. തെറ്റുകാരനെന്ന് താങ്കൾ ഉൾപ്പെടെ ഫേസ്ബുക്കിൽ ആയിരം തവണ വിളിച്ച് പറഞ്ഞ ആൾ, ചാനലിൽ ഇരുന്ന് ഒന്നും സംഭവിച്ചില്ല എന്ന് തിരിച്ച് പറയുന്നു. എവിടെയാണ് ആക്റ്റിവിസ്റ്റുകൾക്ക് ഇവരുടെ മുൻപിൽ അടി പതറുന്നത്? ആരെയാണ് കേരളത്തിലെ സ്ത്രീകൾ വിശ്വസിക്കേണ്ടത്? 

തങ്ങനെ പറയേണ്ടി വരികയാണല്ലോ. കേസ് പോലും എടുക്കാതെ ഞാൻ ഞാൻ ചാടി നിൽക്കുന്നുണ്ട് എന്നാണ് ഇതിന്റെ അർഥം. ഇപ്പോഴും എന്തുകൊണ്ട് ബാലാവകാശ കമ്മീഷനിൽ അദ്ദേഹം തുടരുന്നു എന്ന് ചോദിച്ചാൽ പാർട്ടിക്ക് അത്രയ്ക്കധികം പ്രതിബന്ധത ഉണ്ടെന്നതാണ്. വലിയൊരു കുറ്റകൃത്യം ചെയ്യാൻ അവർ സഹായിച്ചിട്ടുണ്ട്. 

ഇപ്പോഴും ഷിജു ഖാൻ പ്രവർത്തിക്കുന്ന ശിശുക്ഷേമ സമിതിക്ക് ദത്ത് കൊടുക്കാനുള്ള ലൈസൻസ് ഇല്ല. അത് കോടതിയിൽ പറഞ്ഞതാണ്. എന്നാൽ പിന്നീടത് വിവരാവകാശ നിയമം പൂഴ്ത്തി വെച്ചു. പക്ഷെ എനിക്ക് തോന്നുന്നില്ല അധിക കാലം കേസില്ല എന്ന് പറഞ്ഞ് നിൽക്കാനാവുമെന്ന്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ എനിക്കെതിരെ കേസില്ല എന്ന് പറഞ്ഞത് കൊണ്ടോ, ഞാൻ ശിക്ഷിക്കപ്പെട്ടില്ല എന്ന് പറഞ്ഞത് കൊണ്ടോ ഒരു കുറ്റകൃത്യത്തിൽ നിന്ന് ഒരാൾക്ക് മാറി നില്ക്കാൻ കഴിയില്ല. ടെക്‌നിക്കലി പറ്റും. കാരണം, ചാനൽ ചർച്ചയിൽ വന്നിട്ട് എന്റെ മുഖം വളരെ നിഷ്പക്ഷമായി കാണണം എന്ന് പറയേണ്ടി വരുന്നത് നിങ്ങൾക്ക് ആർക്കെങ്കിലും അങ്ങനെ തോന്നും എന്ന് പേടിച്ചിട്ടാണല്ലോ. വേറെ ആരുമല്ല അനുമപയുടെ അച്ഛൻ തന്നെയാണ് ചാനൽ ചർച്ചയിൽ വെച്ച് ഷിജുഖാൻറെ കൈയിലാണ് കുട്ടിയെ കൊടുത്തതെന്ന് പറഞ്ഞത്. 

ഞങ്ങൾ ആക്ടിവിസ്റ്റുകളും പിന്നെ ആ തരത്തിൽ പ്രവർത്തിക്കുന്നതിൽ അർത്ഥമില്ലല്ലോ. ഞങ്ങൾക്ക് പരിമിതികൾ ഉണ്ട്. ഒന്ന് പവർ ഇല്ല. പക്ഷേ നമ്മൾ ഇതിന്റെ നീതിയുടെ ഭാഗത്ത് നിന്ന് കൊണ്ടാവുമ്പോൾ എത്ര ദുർബലമായാലും പറയണം എന്നുള്ളത് കൊണ്ട് നമ്മൾ പങ്കെടുക്കുന്നു എന്നേയുള്ളൂ. കാരണം അവർ മാത്രമാകുമ്പോൾ വേറെ ആർക്കും ഒന്നും മനസ്സിലാവില്ല.

പിന്നെ, ഈ ഷിജുഖാൻറെ കേസിലും ഷിജു ഖാൻ ഇത്രയും വലിയൊരു കുറ്റകൃത്യം ചെയ്തത് കൊണ്ടാണല്ലോ അയാളെ പെട്ടെന്ന് തന്നെ പദവിയിൽ ഉയർത്തിയത്. കാരണം ഇവരൊക്കെ യുവാവാണെങ്കിലും, ഇവർക്കൊക്കെ അധികാര വിധേയത്വവും, അധികാരത്തിൽ ഉയർന്നു പോകാനുള്ള അത്യാഗ്രഹവുമാണ്. ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നവർ എന്ത് പറഞ്ഞാലും അതവർ അനുസരിക്കും. അല്ലെങ്കിൽ അയാളെ പോലെ ഒരു ചെറുപ്പക്കാരൻ, പഠിച്ച, കഴിവുള്ള ഒരു ചെറുപ്പക്കാരൻ, ഒരു പെൺകുട്ടിയുടെ കുഞ്ഞിനെ അതിന്റെ അച്ഛൻ കൊണ്ടുപോയി കൊടുക്കുമ്പോൾ ആരെങ്കിലും അത് വാങ്ങിക്കുമോ? ഒരു സാമാന്യ ബോധമുള്ള ഒരാൾ ചെയ്യുമോ അത്? അപ്പോൾ അയാൾ അടിമയായതു കൊണ്ടും, അയാൾക്ക് അധികാര ദുരാഗ്രഹം ഉള്ളത് കൊണ്ടുമാണത്. വേറെ ഒരു പണിയും കിട്ടില്ലെന്ന്, വേറെ ഒന്നിനും അയാളെ കൊണ്ട് കൊള്ളില്ലെന്ന് അയാൾക്ക് അറിയുന്നുണ്ടാവും. സ്വയം അങ്ങനെയാവും വിലയിരുത്തുന്നുണ്ടാവുക. അല്ലെങ്കിൽ അല്പമെങ്കിലും നീതി ബോധമുള്ള ആളാണെങ്കിൽ, അത് എന്നെ കൊണ്ട് ചെയ്യാനാവില്ല, നിങ്ങൾ തന്നെ എന്ത് വേണമെങ്കിലും ചെയ്തോയെന്ന് പറയുമായിരുന്നു.അപ്പോഴല്ലേ അയാൾക്ക് ഒരു മാനുഷികതയും, ഒരു മനുഷ്യനെ നിലയും വരുന്നത്. അല്ലാതെ കൊണ്ടുവരുമ്പോഴേക്കും പോയി വാങ്ങിക്കുന്നതില്ലല്ലോ. 

പിന്നെ ഈ കുറ്റകൃത്യം ചെയ്തത് കൊണ്ട് നിരവധി കുറ്റകൃത്യങ്ങൾ അയാൾക്ക് ചെയ്യേണ്ടി വന്നു. പാർട്ടി പ്രതിനിധിയായിട്ടൊക്കെ വന്ന് ഈ ചാനലിൽ ഒക്കെ കയറി ഇങ്ങനെ പറയാനൊക്കെ പറ്റുമായിരിക്കും. പക്ഷെ കേരളം സമൂഹത്തിനു മൊത്തം ബോധ്യപ്പെട്ട കാര്യമാണിത്. അതിനു പാർട്ടി പിആർ വർക്ക് ചെയ്തിട്ടൊന്നും കാര്യമില്ല. ഇപ്പോൾ ഇയാളൊരു പ്രതിപക്ഷ പാർട്ടിയുടെ ആളായിരിക്കും എന്ന് വിചാരിക്കുക. എന്നാൽ എന്തായിരിക്കും അവസ്ഥ? ഞാൻ പറയുന്നത് ഒരു യുവാവ് എന്താവരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഷിബു ഖാൻ. ഇത്ര ചെറുപ്പക്കാരനായിരിക്കുക, നേതൃ ഗുണമുള്ള ആളായിരിക്കുക, നല്ല വിദ്യാഭ്യാസം ഉണ്ടായിരിക്കുക, അപ്പോൾ അയാളുടെ പാർട്ടിയിൽ നിന്ന് തന്നെയുള്ള ആൾ വലിയൊരു നിയമ ലംഘനത്തിനു പ്രേരിപ്പിക്കുമ്പോൾ നോ എന്ന രണ്ടക്ഷരം പറയാൻ അയാൾക്ക് കഴിഞ്ഞില്ലലോ. അതോടെ അയാളുടെ ഗുണങ്ങളെല്ലാം നഷ്ടപ്പെട്ടു. പിന്നെ ചാനലിൽ ഒക്കെ വന്ന് , എന്ത് വേണമെങ്കിലും പറയാല്ലോ. എന്തോ ശ്ലോകമൊക്കെ ചൊല്ലുമല്ലോ. പക്ഷെ കേരള സമൂഹത്തിന് ഏറ്റവും അവഹേളനയോടു കൂടിയേ അയാളെ കാണാൻ കഴിയൂ. ചെറുപ്പമൊന്നും ഒരു ചെറുപ്പമായി തോന്നുന്നില്ല. 

അല്ലെങ്കിൽ എന്തുകൊണ്ട് ഏഷ്യാനെറ്റിൽ അനുമപമയുടെ അച്ഛൻ ജയചന്ദ്രൻ കുഞ്ഞിനെ ഷിജു ഖാന് ഏൽപ്പിച്ചെന്ന് പറഞ്ഞപ്പോൾ അതിനെതിരെ അയാളൊന്നും പറഞ്ഞിട്ടില്ലല്ലോ. ഇപ്പോൾ ഈ കേസ് ഉണ്ടോ, ഇല്ലയോ എന്നുള്ളതല്ലല്ലോ. അതിനേക്കാൾ അധികം നിങ്ങൾ സാമൂഹ്യമായിട്ട് ഒരു കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോൾ, അധികാരം ഉപയോഗിച്ചോ, മറ്റേതെങ്കിലും തരത്തിലോ സാങ്കേതികമായിട്ട് ചിലപ്പോൾ നിങ്ങൾക്ക് രക്ഷപ്പെടാൻ പറ്റുമായിരിക്കും. പക്ഷേ കേരളത്തിൽ ഇപ്പോൾ ആരും ഷിജു ഖാൻ നിഷ്പക്ഷനാണെന്നോ, നിഷ്കളങ്കനാണെന്നോ, നിരപരാധിയാണെന്നോ വിശ്വസിക്കുന്നില്ല. ഒരുപക്ഷേ അയാൾ ശിക്ഷിക്കപ്പെടില്ലായിരിക്കും. പക്ഷേ സമൂഹത്തിനു ബോധ്യപ്പെട്ടു. ഒരു കുട്ടിയെ, അതും ജാതിയുടെ പേരിൽ കടത്താൻ ശ്രമിക്കുമ്പോൾ, അതിനെ നിയമപരമാക്കി കൊടുക്കാൻ ശ്രമിച്ച ആളാണ് ഷിബു ഖാനെന്ന്. ഒരുപക്ഷേ അയാളുടെ ഒരു നിലപാട് ഉണ്ടായിരുന്നെങ്കിൽ ഈ കുറ്റകൃത്യം സംഭവിക്കില്ലായിരുന്നു.

Advertisement