Wed. Jan 22nd, 2025

പതിനഞ്ചാം നിയമസഭ കാലയളവിലെ ആദ്യ ഉപതെരഞ്ഞെടുപ്പിനാണ് മെയ് 31 ന് തൃക്കാക്കര ഒരുങ്ങുന്നത്. മണ്ഡലം രൂപീകരിച്ചതിനു ശേഷമുള്ള മൂന്ന് തിരഞ്ഞെടുപ്പിലും കോൺഗ്രസിനൊപ്പം മാത്രം നിന്ന തൃക്കാക്കര, ഈ തവണയും അതാവർത്തിക്കുമോ, അതോ ഇടതിനെ പിൻതാങ്ങി പുതിയ ചരിത്രം എഴുതുമോ എന്ന് തന്നെയാണ് കേരളം ഉറ്റു നോക്കുന്നത്.  കേരളത്തിൽ ഒരു  ഭരണത്തുടർച്ചയ്‌ക്കോ, ഭരണമാറ്റത്തിനോ തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം  സ്വാധീനിക്കില്ലെങ്കിൽ കൂടിയും നിലവിലെ രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ ജനങ്ങളുടെ പ്രതികരണവും നിലപാടുകളും ഫലം വ്യക്തമാക്കും എന്നതിൽ സംശയമില്ല. 

https://www.facebook.com/wokemalayalam/videos/1451757611943066/?__tn__=%2CO-R

തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ വിയോഗത്തെ തുടർന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസിനെ തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി നിർത്തിയത്. പിടി തുടങ്ങിവെച്ച പദ്ധതികളുടെ പൂർത്തീകരണവും, വികസന പ്രവർത്തനങ്ങളുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഉമ വോട്ട് പിടിക്കുന്നത്. ഇതോടൊപ്പം പി ടി-യ്ക്ക് ലഭിച്ചിരുന്ന ജനസമ്മതിയും, സഹതാപ വോട്ടുകളും ഉമയ്ക്ക് ഗുണം ചെയ്യാനും സാധ്യതയുണ്ട്. പി ടി-യുടെ പ്രവർത്തനങ്ങൾ അടുത്ത് കണ്ടറിഞ്ഞ ആളെന്ന നിലയിൽ ഉമയ്ക്ക് നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് അനുഭാവികൾ പറയുന്നത്.

“ഇടതു മുന്നണി വികസന രാഷ്ട്രീയം പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. പക്ഷെ തൃക്കാക്കര വികസിക്കാൻ ഉള്ളിടത്തോളം വികസിച്ചിട്ടുണ്ട്. പിന്നെ പി ടി തോമസിനോടൊപ്പം നടന്ന ആളാണ് ഉമ. ഇവിടെ നടത്തിയ പ്രവർത്തനങ്ങൾ അവർക്കറിയാം. ഇവിടെ യുഡിഎഫ് തന്നെയേ ജയിക്കൂ.” എടത്തലയിലെ ഇ കെ ജമാൽ പറയുന്നു. 

സ്ഥാനാർഥി നിർണയത്തിന്റെ തുടക്കം മുതലേ ഉമയുടെ പേര് തന്നെയായിരുന്നു ഉയർന്നിരുന്നത്. “നൂറ് ശതമാനം വിജയിക്കുമെന്ന ഉറപ്പോട് കൂടിയാണ് മുന്നോട്ട് പോകുന്നത്. വിജയത്തിലേക്കുള്ള ചവിട്ടു പടികൾ ഓരോന്നായി കയറി കൊണ്ടിരിക്കുകയാണ്. തീർച്ചയായും വിജയിക്കുക തന്നെ ചെയ്യും.” കോൺഗ്രസ് സ്ഥാനാർഥി ഉമ തോമസ് പറയുന്നു. 

അതേസമയം, ഒരുപാട് പേരുകൾക്കും ചർച്ചകൾക്കും ഒടുവിലാണ് എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ ജോ ജോസഫിനെ തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള വോട്ടർമാർ കൂടുതലുള്ള ഒരു മണ്ഡലത്തിൽ, പാർട്ടി പ്രവർത്തനത്തിൽ മുൻനിരയിലുള്ള പലരെയും പരിഗണിക്കാതെ ഇടത് മുന്നണി ക്രിസ്ത്യൻ കാർഡ് ഇറക്കി കളിച്ചതാണെന്നും പറയാം. മഹാമാരിയുടെ കാലത്ത് ആതുര സേവന മേഖലയിൽ നിന്നുള്ള ഒരാളെ സ്ഥാനാർഥിയാക്കി എന്നതും ഇടത് ഉയർത്തികാട്ടുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ഭരണത്തുടർച്ചയും വികസന പ്രഖ്യാപനങ്ങളും  നിരത്തിയാണ് ഇടത് വോട്ട് തേടുന്നത്. 

“ഓരോ മേഖലയ്ക്കും അതിന്റേതായ പ്രശ്നങ്ങളുണ്ട്. ഗവണ്മെന്റ് വലിയ രീതിയിലുള്ള  വികസന പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ജയിച്ചു കഴിഞ്ഞാൽ  ഇവിടത്തെ എല്ലാ അടിസ്ഥാന പ്രശ്നങ്ങളും പരിഹരിക്കും. ഡോക്ടർ എന്ന നിലയിൽ മെഡിക്കൽ റിസർച്ചിന് വേണ്ടിയുള്ള പദ്ധതിയും, മെഡിക്കൽ ടൂറിസത്തിന്റെ ഫെസിലിറ്റേഷൻ സെന്റർ എന്നിവയും നിർമ്മിക്കണമെന്ന ആഗ്രഹമുണ്ട്. “ ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ് പറയുന്നു. 

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി നിരവധി സീറ്റുകളിൽ ചരിത്ര വിജയം നേടിയപ്പോഴും, യുഡിഎഫിനൊപ്പം മാത്രം നിന്ന മണ്ഡലമാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ ആ മണ്ഡലത്തിലൊരു അട്ടിമറി വിജയം നേടാനായാൽ ഇടതിന് അത് വലിയൊരു നേട്ടമായിരിക്കും. കൂടാതെ 99 ഇടത് എംഎൽഎമാരുള്ള നിയമസഭയിൽ സെഞ്ച്വറി അടിച്ചെന്ന നേട്ടവും അവർക്ക് സ്വന്തമാവും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി മന്ത്രിമാരും നേതാക്കളും ജോ ജോസഫിനായി പ്രചാരണ രംഗത്തുണ്ട്. 

പാർട്ടിയെ കൂടാതെ നേതൃത്വമാറ്റം ആഗ്രഹിക്കുന്ന നിരവധി വോട്ടർമാർ തൃക്കാക്കരയിലുണ്ട്. “പത്ത് വർഷത്തോളമായി യുഡിഎഫ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണിത്. പക്ഷെ ഒരു തുള്ളി കുടിവെള്ളം ഞങ്ങൾക്ക് ഇവിടെ കിട്ടാനില്ല. വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കാം, പരിഹരിക്കാം എന്ന് മാത്രമാണ്. ഉമ ജയിച്ചു പോയിട്ടും ഒന്നും ചെയ്യാനില്ല, കാരണം ഭരണത്തിൽ പണ്ട് ഇരുന്ന കോൺഗ്രസ് എംഎൽഎമാരും ഒന്നും ചെയ്തിട്ടില്ല. അവർക്കിനി ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ എൽഡിഎഫ് വരട്ടെയെന്നാണ് ഞങ്ങളുടെ ആഗ്രഹം.” ചിറ്റേത്തുകരയിലെ വോട്ടർ എം പി സിദ്ദിഖ് പറയുന്നു. 

ഇത് കൂടാതെ ക്രിസ്ത്യൻ പ്രാതിനിധ്യം കൂടുതലുള്ള തൃക്കാക്കരയിൽ, പി ടി തോമസിന്റെ  സഭയുമായുള്ള തർക്കങ്ങളും, ബെന്നി ബഹനാനുമായി സീറ്റിന് വേണ്ടി മുൻപുണ്ടായ പ്രശ്നങ്ങളും ഇടതിന് അനുകൂലമായ സാധ്യത നൽകുന്നതാണ്.  ഈ മാസം 42 ഇടങ്ങളിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ 24 സീറ്റുകൾ നേടി ഇടത് മുന്നണി നേടിയ വിജയവും അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. 

ഇതിനിടെ സംസ്ഥാന സർക്കാരിനെതിരെയുള്ള കെ- റെയിൽ സമരങ്ങൾ ഇടത് മുന്നണിക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്. കെ- റെയിൽ തൃക്കാക്കരക്കാരെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, അവബോധമുള്ള വോട്ടർമാർ ഇതിനു മറുപടി പറയുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇടത് സർക്കാരിന്റെ കെ- റെയിൽ അടക്കമുള്ള വികസന മുന്നേറ്റങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണ വോട്ടിലൂടെ അറിയാമെന്നാണ് എൽഡിഎഫ് പക്ഷം. 

ഇതിനിടെ ഇടത് വലത് മുന്നണികളുടെ ജനദ്രോഹപരമായ ഭരണത്തിനെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണനും പ്രചാരണ രംഗത്ത് സജീവമാണ്. നരേന്ദ്ര മോദി കൊച്ചിക്ക് വേണ്ടി നടത്തിയ വികസന പ്രവർത്തനങ്ങളും, മറ്റു പദ്ധതികളും, മത നിരപേക്ഷതയുമെല്ലാമാണ് എൻഡിഎ ആയുധമാക്കുന്നത്.
“മണ്ഡലത്തിൽ സമഗ്രമായ വികസനത്തിന്റെ രേഖയുമായാണ് ഞാൻ വന്നിരിക്കുന്നത്. കാക്കനാട് കേന്ദ്രീകൃതമായി ലോകോത്തര നിലവാരമുള്ള ഒരു ഐടി ഹബ് രൂപം കൊടുക്കും, ഇൻഫ്രാ സ്ട്രക്ചർ മേഖലയിൽ വികസനം കൊണ്ടുവരും, സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകൾക്ക് സുരക്ഷികതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാക്കും.” എൻഡിഎ സ്ഥാനാർഥി എഎൻ രാധാകൃഷ്ണൻ ഭാവി പ്രവർത്തനങ്ങൾ വ്യക്തമാക്കി. 

ഈ കഴിഞ്ഞ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എറണാകുളത്തെ അഞ്ച് സീറ്റുകളിൽ മൂന്നെണ്ണത്തിലും ബിജെപി വിജയിച്ചത് തൃക്കാക്കര മണ്ഡലത്തിലെ വരാനിരിക്കുന്ന ഫലമാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്തായാലും ഇടത്- വലത് മുന്നണിക്കൊപ്പം ശക്തമായ പ്രചാരണം ബിജെപിയും നടത്തുന്നുണ്ട്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്ന ട്വന്റി- ട്വന്റി ഈ തവണ മത്സരിക്കാത്തത് തൃക്കാക്കരയിലെ വോട്ട് വിഹിതത്തെ സാരമായി ബാധിക്കും. കഴിഞ്ഞ തവണ ട്വന്റി ട്വന്റിയുടെ ഡോ. ടെറി തോമസ് 13773 വോട്ടുകളായിരുന്നു നേടിയിരുന്നത്. ഈ വോട്ടുകൾ ഏത് മുന്നണിയിലേക്ക് മറിയുമെന്നതിൽ ഫലം വന്നാൽ മാത്രമേ വ്യക്തമാവൂ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കേണ്ടതില്ലെന്നാണ്  ട്വന്റി 20-ആം ആദ്മി മുന്നണിയായ ജനക്ഷേമസഖ്യത്തിന്റെ തീരുമാനം.നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാന്‍ അണികള്‍ക്ക് കഴിയണമെന്നും അതിനുള്ള രാഷ്ട്രീയ പ്രബുദ്ധത അവർക്കുണ്ടെന്നുമാണ് നേതാക്കൾ പറയുന്നത്. 

ട്വന്റി 20 യുടെ ഒരു പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ കൊന്നിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂവെന്നും അപ്പോള്‍ അവര്‍ക്കെങ്ങനെ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ കഴിയുമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ചോദിക്കുന്നത്. അതെ സമയം ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെതിരേ നിലപാട് സ്വീകരിച്ച് ഉയര്‍ന്നുവന്ന പാര്‍ട്ടിയാണെന്നും, കേരളത്തില്‍ അഴിമതിവിരുദ്ധമായി, ജനക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന് ഗുണകരമാവുമെന്നുമാണ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറയുന്നത്. ഇതിനിടെ ജനക്ഷേമസഖ്യത്തിന്റെ വോട്ട് എൻഡിഎക്ക് അനുകൂലമാവുമോ എന്ന അഭ്യൂവഹവും പരക്കുന്നുണ്ട്.

തൃപ്പൂണിത്തുറയിലേയും എറണാകുളം മണ്ഡലത്തിലേയും ചില ഭാഗങ്ങള്‍ ചേർത്തുവെച്ചു കൊണ്ട് 2011 ൽ രൂപീകൃതമായ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലമാണ് തൃക്കാക്കര. അന്ന് 22,406 വോട്ടുകള്‍ക്ക് ജയിച്ച കോൺഗ്രസിന്റെ ബെന്നി ബെഹനാന് ആയിരുന്നു തൃക്കാക്കരയിലെ ആദ്യ എംഎൽഎ. അന്ന് യുഡിഎഫിന് 55.88 ശതമാനം വോട്ടും, സിപിഐഎമ്മിന് 36.87 ശതമാനം വോട്ടും ബിജെപിക്ക് 5.04 ശതമാനം വോട്ടുമായിരുന്നു ലഭിച്ചിരുന്നത്. 

2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ 11,996 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാർഥി പി ടി തോമസായിരുന്നു ജയിച്ചിരുന്നത്. യുഎഡിഎഫ് 45.42 ശതമാനം, എൽഡിഎഫ് 36.55 ശതമാനം, ബിജെപി 15.70 ശതമാനം എന്നിങ്ങനെയായിരുന്നു അന്നത്തെ വോട്ട് വിഹിതം. അതിനു ശേഷം 2021 ൽ നടന്ന തിരഞ്ഞെടുപ്പിൽ 43.82 ശതമാനത്തോടെ 14,329 വോട്ടുകള്‍ക്കായിരുന്നു പി ടി തോമസ് വീണ്ടും ജയിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. ജെ ജേക്കബിന് 45,510 വോട്ടും, ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിക്ക് 15,483 വോട്ടുകളുമായിരുന്നു ലഭിച്ചിരുന്നത്.    

കണക്കുകൾ പ്രകാരം ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും യുഡിഎഫിനു ലഭിക്കുന്ന വോട്ട് ശതമാനത്തിൽ കുറവുണ്ടാകുന്നുണ്ട്. ഇത് ഇത്തവണ തിരിച്ചടിയാകുമോ എന്ന് കണ്ടറിയേണ്ടതാണ്. ട്വന്റി- ട്വന്റിയുടെ വോട്ട് എങ്ങോട്ടെന്നത് തന്നെയാണ് ഏറ്റവും നിർണായകം. അതെ സമയം കോൺഗ്രസ് നേതാവ് കെ വി തോമസ് ഇടതുപക്ഷത്തേക്ക് മാറിയത് യുഡിഎഫിന് തിരിച്ചടിയാകുമോയെന്നും, എൽഡിഎഫിന് ഗുണം ചെയ്യുമോ എന്നും കണ്ടു തന്നെ അറിയണം.

മൂന്നു മുന്നണികൾക്കും വലിയ രീതിയിലുള്ള പിന്തുണ മണ്ഡലത്തിൽ ഉണ്ട്. ആര് ജയിച്ചാലും തങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മാത്രമാണ് ചില വോട്ടർമാരുടെ ആവശ്യം. കുടിവെള്ളം, വെള്ളക്കെട്ട്, ഗതാഗതം എന്നിവയാണ് തൃക്കാക്കര നേരിടുന്ന വലിയ പ്രശ്നങ്ങൾ. “നാലും അഞ്ചും ദിവസങ്ങൾ കൂടുമ്പോഴാണ് ഇവിടെ പലർക്കും വെള്ളം കിട്ടുന്നത്. പലപ്പോഴും രാത്രി വന്ന വെള്ളം രാവിലെ ആകുമ്പോഴേക്കും നിൽക്കുന്നതിനാൽ ആർക്കും കിട്ടാത്ത അവസ്ഥയാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ എങ്കിലും വെള്ളം വന്നിരുന്നെങ്കിൽ നല്ല കാര്യമാകുമായിരുന്നു.” അത്താണിയിലെ സോഫിയ നിസാർ പറയുന്നു.       

ഒരു ദിവസം നിർത്താതെ മഴ പെയ്തപ്പോഴേക്കും മണ്ഡലത്തിലെ കാക്കനാട്, പനമ്പള്ളി നഗർ അടക്കമുള്ള പല പ്രദേശങ്ങളും വെള്ളക്കെട്ടിലായിരുന്നു. പലയിടത്തും വീടുകളിൽ വെള്ളം കയറിയിരുന്നു. ഇനി മഴകാലം തുടങ്ങിയാൽ ഈ പ്രദേശങ്ങൾ പ്രളയത്തിന് സമാനമായ അവസ്ഥയിലാകും എന്നതിൽ സംശയമില്ല. 

സമ്പന്നമായ മണ്ഡലമാണ് തൃക്കാക്കരയെങ്കിലും നല്ല രീതിയിലുള്ള റോഡ് സംവിധാനം ഇല്ലെന്നതാണ് വോട്ടർമാർ ചൂണ്ടി കാണിക്കുന്ന അടുത്ത പ്രശ്നം. “ഇൻഫോ പാർക്ക് എല്ലാം ഓപ്പൺ ചെയ്ത കഴിഞ്ഞാൽ ഇവിടെ നല്ല ബ്ലോക്ക് ആണ്. ചെറുതായി ഒന്ന് -വണ്ടി തട്ടിയാൽ പിന്നെ അന്യായ ബ്ലോക്ക് ആണിവിടെ. ഏത് പാർട്ടിക്കാർ വന്നാലും, റോഡ് വികസനം നടപ്പാക്കി, ബ്ലോക്ക് മാറ്റണം എന്നതാണ് ഞങ്ങളുടെ ആവശ്യം.” കാക്കനാട്ടെ ഓട്ടോക്കാരൻ കൂടിയായ ഡെന്നി കെ ആർ പറയുന്നു. മാലിന്യ പ്രശ്നങ്ങളും, ആശുപത്രിയുടെ വികസനവും തുടങ്ങി നിരവധി ആവശ്യങ്ങൾ ഇനിയും വരാനിരിക്കുന്ന ജനപ്രതിനിധികൾക്ക് ചെയ്യാനുണ്ട്. 

സീറ്റ് നഷ്ടപെടാതിരിക്കാനായി കോൺഗ്രസ് ശ്രമിക്കുമ്പോൾ, നിയമസഭയിൽ 100 സീറ്റ് തികച്ച് ചരിത്രം സൃഷ്ടിക്കാനാണ് ഇടതിന്റെ ശ്രമം. ഇതിനിടയിലും ആര് വന്നാലും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കണമെന്നാണ് സാധാരണക്കാരായ വോട്ടർമാരുടെ ആവശ്യം. എന്തായാലും നെല്ലും പതിരും വേർതിരിച്ച്, തൃക്കാക്കരക്കാർ അവരുടെ ജനവിധി മെയ് 31 ന് രേഖപ്പെടുത്തും. ചരിത്രം  തുടരുമോ, അതോ മാറ്റം സൃഷ്ടിക്കുമോയെന്ന് ജൂൺ മൂന്നിന് കേരളം അറിയും.