Fri. Mar 29th, 2024

ധാന്യങ്ങൾ മുതൽ പാചക എണ്ണ വരെയുള്ള ഭക്ഷ്യ വസ്തുക്കളുടെ വില വർധനവിനെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാവുന്നു. പല രാജ്യങ്ങളിലും വിലക്കയറ്റം മൂലം ഭക്ഷ്യപ്രതിസന്ധി രൂക്ഷമാവുകയും, ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയുമാണ്. യുക്രൈനിൽ തുടരുന്ന യുദ്ധവും, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വരൾച്ചയുമാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായി പറയുന്നത്. 

അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണോസ് ഐറിസിൽ ആയിരക്കണക്കിന് കർഷകരാണ് പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസിനെതിരെ പ്രതിഷേധിക്കുന്നത്. നാണയപ്പെരുപ്പം തടയാനുള്ള പ്രസിഡന്റിന്റെ നയങ്ങൾ കാർഷിക മേഖലയെ സാരമായി ബാധിച്ചതോടെയാണ് പ്രതിഷേധം ആരംഭിക്കുന്നത്. 2022 ലെ ആദ്യ നാല് മാസങ്ങളിൽ അർജന്റീനയിൽ 23% വില വർധനവ് ഉണ്ടായിട്ടുണ്ട്. ഇതിൽ ഏപ്രിൽ മാസം മാത്രം ഉണ്ടായിട്ടുള്ള വില വർധനവ് ആറ് ശതമാനമാണ്. ഇത് സാഹചര്യം കൂടുതൽ വഷളാക്കുകയും, ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങുകയും ചെയ്തു. തൊഴിൽ സുരക്ഷയും അടിസ്ഥാന ജീവിത വേതനവും ആവശ്യപ്പെട്ടു കൊണ്ട് അവർ നടത്തുന്ന ആ പ്രതിഷേധത്തെ ഫെഡറൽ മാർച്ച് എന്നാണ് വിളിക്കുന്നത്. 

“അഞ്ച് പേരടങ്ങുന്ന ഒരു സാധാരണ കുടുംബം അതിജീവിക്കാൻ ഏകദേശം 80000 പെസോ ചെലവഴിക്കണം. എന്നാൽ അർജന്റീനയിലെ ജനങ്ങൾ അത്രത്തോളം സമ്പാദിക്കുന്നവരല്ല. അവർക്ക് വളരെ കുറച്ച് വേതനം മാത്രമേ ലഭിക്കുന്നുള്ളൂ. ബ്യൂണോസ് ഐറിസിലെയും മറ്റ് പ്രവിശ്യകളിലെയും നിരവധി താമസക്കാർ ഇപ്പോൾ ദരിദ്രരാണ്. വലിയൊരു ജനസംഖ്യ ഇപ്പോൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. ഇതിനെ കുറിച്ച് സംസാരിക്കാനാണ് ഇങ്ങനെയൊരു ദേശീയ ജാഥാ”, അർജന്റീനയിലെ സോഷ്യൽ ഓർഗനൈസഷനിലെ ഒരു പ്രതിനിധി പറഞ്ഞ വാക്കുകളാണിത്. 

അർജന്റീനയിൽ മാത്രമല്ല, ലാറ്റിൻ അമേരിക്കയിലുടനീളം ആളുകൾ തെരുവിലിറങ്ങി കഴിഞ്ഞു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനെതിരെ ചിലി, ഉറുഗ്വേ, വെനസ്വേല, കൊളംബിയ എന്നിവിടങ്ങളിലെല്ലാം ആളുകൾ പ്രതിഷേധം നടത്തുകയാണ്. 

ഊർജ- ഭക്ഷ്യ വില വർധനവിനെതിരെ ഗ്രീസിൽ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഗ്രീസിന്റെ വാർഷിക ഉപഭോക്തൃ പണപ്പെരുപ്പം മാർച്ചിൽ 8.9 ശതമാനമായാണ് വർധിച്ചത്. 27 വർഷത്തിനിടയിലെ ഉണ്ടായ ഏറ്റവും ഉയർന്ന പണപ്പെരുപ്പം കൂടിയാണിത്. നിലവിലെ ഉയരുന്ന വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂലി തുച്ഛമാണെന്നും, വിലവര്ധനവിൽ ജനം വലയുകയാണെന്നുമാണ് ഗ്രീസിലെ പൗരന്മാർ പറയുന്നത്. 

പശ്ചിമേഷ്യയിൽ ചില അവശ്യസാധനങ്ങളുടെ വില 300% വരെയാണ് വർധിച്ചത്. ഈ മാസം ആദ്യം ഇറാനിൽ അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ഗോതമ്പിന്റെയും ധാന്യപൊടിയുടെയും പുതിയ വില പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നടന്ന പ്രതിഷേധം വഷളാവുകയും, രാഷ്ട്രപതി തന്നെ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സബ്‌സിഡികൾ പുനഃസ്ഥാപിക്കാൻ വിസമ്മതിച്ച അദ്ദേഹം കഠിനമായ തീരുമാനങ്ങളിൽ നിന്ന് താൻ ഒഴിഞ്ഞുമാറില്ലെന്നായിരുന്നു പ്രതികരിച്ചത്. 

ഇതിനിടെ സുഡാനിൽ സൈനിക അട്ടിമറിക്കെതിരെ  രാജ്യത്തുടനീളം നടന്ന പ്രതിഷേധത്തിൽ ഒരാൾ വെടിയേറ്റ് മരിക്കുകയും,തുടർന്ന് പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തിരുന്നു. സൈനിക അട്ടിമറിക്ക് ശേഷം സുഡാനിലെ കറൻസിക്ക് അതിന്റെ മൂല്യത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ നഷ്ടപ്പെടുകയും, ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില അതിവേഗം വർധിക്കുകയുമായിരുന്നു. 

കോവിഡ് മഹാമാരി മൂലം ബിസിനസുകൾ അടച്ചു പൂട്ടിയതിനെ തുടർന്ന് 2020 പകുതിയോടെയാണ് ആഗോള തലത്തിൽ ഭക്ഷ്യവില വർധിക്കാൻ തുടങ്ങിയത്. അതിനു ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രധാന വിളകൾക്ക്  ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. യുക്രൈൻ വിഷയം ഭക്ഷ്യവിലയെ സാരമായി തന്നെ ബാധിച്ചെന്ന് പറയാം. ഈ കഴിഞ്ഞ ഫെബ്രുവരിയിലും പിന്നീട് മാർച്ചിലും വില സർവകാല റെക്കോർഡിലെത്തിയെന്നാണ് യുഎൻ ഭക്ഷ്യ ഏജൻസി പറയുന്നത്. 

കാർഷികോൽപ്പാദനം നിലനിൽക്കുന്നത് കാലാവസ്ഥ പോലുള്ള പ്രവചനാതീതമായ  ഘടകങ്ങളെ ആശ്രയിച്ചായതിനാൽ, ഭക്ഷ്യ വില എന്ന് കുറയുമെന്നതിനു കൃത്യമായ ഒരു ഉത്തരം നൽകാനാവില്ല. 2022-ൽ ഗോതമ്പിന്റെ വില 40 ശതമാനത്തിലധികം ഉയരുമെന്നാണ്  ലോകബാങ്ക് പ്രവചിക്കുന്നത്. അതെ സമയം, യുക്രൈനിയൻ കാർഷിക ഉൽപ്പാദനവും റഷ്യൻ ഭക്ഷ്യ കയറ്റുമതിയും പുനഃസ്ഥാപിക്കാതെ ആഗോള ഭക്ഷ്യസുരക്ഷയുടെ പ്രശ്നം പരിഹരിക്കാനാവില്ലെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. ഇപ്പോഴത്തെ രാസവള വിലയിലെ കുത്തനെയുള്ള വർധനവ് കർഷകരെ നിരുത്സാഹപ്പെടുത്തുകയും, ഇത് വിളവും, ഉല്പാദനവും കുറയ്ക്കാൻ ഇടയാക്കുകയും ചെയ്യും.  ഇത് കൂടാതെ പ്രതികൂലമായ കാലാവസ്ഥയും വിള ഉൽപാദനത്തിന് മറ്റൊരു അപകടസാധ്യത തന്നെയാണ്. 

വില വർധനവ് ഈ രീതിയിൽ പോവുകയാണെങ്കിൽ, കൂടുതൽ രാജ്യങ്ങളിൽ പ്രതിഷേധം ശക്തമാവുകയും, ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നും തർക്കമില്ലാത്ത കാര്യമാണ്.