Thu. May 2nd, 2024
കോഴിക്കോട്:

അതിർത്തി തർക്കത്തെ തുടർന്ന് കോഴിക്കോട് കല്ലായിയില്‍ വീട് കയറി ആക്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി പള്ളികമ്മറ്റി. അനധികൃത നിർമ്മാണം നടത്തിയ വീട്ടുടമ യഹിയയാണ് ഒത്തുതീർപ്പ് ചർച്ചകളില്‍നിന്നും ഏകപക്ഷീയമായി പിന്‍മാറിയതെന്നാണ് പള്ളികമ്മറ്റിയുടെ വാദം. മാസങ്ങളായി തുടരുന്ന അതിർത്തി തർക്കത്തില്‍ നിരവധി തവണ ചർച്ചയ്ക്ക് ശ്രമിച്ചിട്ടും യഹിയ തയാറായില്ലെന്നാണ് പള്ളി കമ്മറ്റി അധികൃതർ പറയുന്നത്.

അതേസമയം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പന്നിയങ്കര പോലീസ് അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതില്‍ മാരകായാധുങ്ങളുപയോഗിച്ച് അക്രമം നടത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് കൂടുതല്‍ പേർക്ക് പങ്കുണ്ടെങ്കില്‍ പ്രതിചേർക്കും.

അതേസമയം ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് കേസിലെ പ്രതികൾക്കുമേല്‍ ചുമത്തിയിട്ടുള്ളത്. അതി‍ർത്തി തർക്കം പരിഹരിക്കാന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ റവന്യൂ അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഉദ്യോഗസ്ഥനായ പന്നിയങ്കര എസ്ഐ പറഞ്ഞു.