Sun. Dec 22nd, 2024

ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സന്നാഹമത്സരത്തിനിടെ പന്ത് ഹെൽമറ്റിലിടിച്ച് റിട്ടയേർഡ് ഹർട്ട് ആയ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദനയ്ക്ക് ലോകകപ്പ് കളിക്കാമെന്ന് വൈദ്യ സംഘം. താരത്തിന് കൺകഷനോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്ന് വൈദ്യ സംഘം അറിയിച്ചു. ദക്ഷിണാഫ്രിക്കൻ ബൗളർ ഷബ്നിം ഇസ്മയിലിൻ്റെ ബൗൺസർ ഹെൽമറ്റിലിടിച്ചാണ് സ്മൃതി ഗ്രൗണ്ട് വിട്ടത്.

23 പന്തിൽ 12 റൺസെടുത്ത് നിൽക്കെയാണ് ഷബ്നിം ഇസ്മയിലിൻ്റെ ബൗൺസർ സ്മൃതിയുടെ ഹെൽമറ്റിൽ ഇടിച്ചത്. വൈദ്യ സംഘത്തിൻ്റെ പരിശോധനയ്ക്ക് ശേഷം താരം ക്രീസ് വിട്ടു. സ്മൃതിയ്ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും മുൻകരുതലെന്ന നിലയിലാണ് താരം റിട്ടയർഡ് ഹർട്ട് ആയതെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ആവേശം നിറഞ്ഞ മത്സരത്തിൽ ഇന്ത്യ 2 റൺസിനു വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 244 റൺസെടുത്തു. മോശം പ്രകടനങ്ങളിൽ കടുത്ത വിമർശനങ്ങൾ നേരിട്ട ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 114 റൺസ് നേടി ഇന്ത്യയുടെ ടോപ്പ് സ്കോററായി.

58 റൺസെടുത്ത യസ്തിക ഭാട്ടിയയും ഇന്ത്യക്ക് വേണ്ടി തിളങ്ങി. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുക്കാനേ സാധിച്ചുള്ളൂ. 4 വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്‌വാദ് ആണ് പ്രോട്ടീസിനെ പിടിച്ചുകെട്ടിയത്.

ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റൻ സുൻ ലൂസ് 94 റൺസെടുത്ത് ടോപ്പ് സ്കോററായി. ലോറ വോൾവാർട്ട് 75 റൺസെടുത്തു. മാർച്ച് നാലിനാണ് ലോകകപ്പ് ആരംഭിക്കുക. മാർച്ച് 6ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഏപ്രിൽ മൂന്നിന് ഫൈനൽ മത്സരം നടക്കും.