Wed. Jan 22nd, 2025
രാജാക്കാട്‌:

വിയറ്റ്നാം മോഡൽ കുരുമുളക്‌ കൃഷിയിൽ നേട്ടംകൊയ്‌ത്‌ വ്യത്യസ്‌തനാമൊരു കർഷകൻ. സാധാരണ കുരുമുളക്‌ വള്ളികൾ പടർത്താൻ താങ്ങുമരമായി എല്ലാവരും ഉപയോഗിക്കുന്നത് മുരിക്ക്‌, പ്ലാവ്‌, ചൗക്ക എന്നിവയാണ്‌. എന്നാൽ, മുള്ളരിക്കുടി ചാക്കോസിറ്റിയിൽ സുഗതൻ കല്ലംപ്പിള്ളിലിന്റെ കൃഷിയിടത്തിലെ താങ്ങുമരം കോൺക്രീറ്റ് കാലുകളാണ്.

കാലാവസ്ഥ വ്യതിയാനംമൂലം കാറ്റിലും മഴയിലും താങ്ങുമരം ഒടിഞ്ഞുവീഴുന്നതും മുരിക്കിന്‌ രോഗബാധയുണ്ടാകുന്നതുമാണ്‌ വേറിട്ടരീതി പരീക്ഷിക്കാൻ പ്രേരിപ്പിച്ചത്‌. രണ്ട് ഏക്കറിലാണ്‌ കോൺക്രീറ്റ് കാലിൽ കുരുമുളക്‌ കൊടിയിട്ടത്‌. 1000 രൂപ വിലയുള്ള ഒരു പോസ്റ്റിന് അഞ്ച് മീറ്റർ നീളമുണ്ട്.

ആദ്യം 100 എണ്ണം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി. ഇപ്പോൾ 500 എണ്ണമായി. കോൺക്രീറ്റ്‌ കാലിനുതന്നെ അഞ്ച് ലക്ഷം രൂപ ചെലവായി. ഈ വർഷം ആദ്യവിളവെടുപ്പ് നടത്തി.

വിവിധയിനം കുരുമുളക്‌ കൊടികൾ സുഗതന്റെ കൃഷിയിടത്തിലുണ്ട്‌. കൂമ്പുങ്കൽ, തെക്കൻപേപ്പർ, ശക്തിതേവം, മലബാർ എക്‌സൽ, കരിമുണ്ട, പന്നിയൂർ ഒന്നുമുതൽ ഒമ്പതുവരെ കൃഷിചെയ്യുന്നുണ്ട്‌. മറ്റ് നാടൻ ഇനങ്ങളും കൃഷിചെയ്യുന്നു.

മൊത്തത്തിൽ അഞ്ച് ഏക്കറാണുള്ളത്‌. ഏലം, ജാതി, ഗ്രാമ്പൂ, കൊക്കൊ, റബർ എന്നീ കൃഷികളും പശു, മീൻ വളർത്തലുമുണ്ട്. ഭാര്യ ജിജി ഇറ്റലിയിൽ നഴ്സാണ്. മകൾ ഗൗതമി ആയുർവേദ ഡോക്ടറും മകൻ ഗോവിന്ത് സിഎ വിദ്യാർത്ഥിയുമാണ്‌.