Fri. Nov 22nd, 2024
റഷ്യ:

റഷ്യയിൽ യുദ്ധവിരുദ്ധ വികാരം ശക്തമാകുന്നതിനിടെ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഭരണകൂടം. റഷ്യൻ മാധ്യമങ്ങൾക്ക് ഫേസ്ബുക്ക് നിയന്ത്രണമേർപ്പെടുത്തുന്നതായി ആരോപിച്ചാണ് നടപടി. വാട്‌സ്ആപ്പ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം അടക്കമുള്ള മറ്റ് സമൂഹമാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

റഷ്യൻ പൗരന്മാരുടെ മൗലിക മനുഷ്യാവകാശ, സ്വാതന്ത്ര്യാവകാശങ്ങൾ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ ലംഘിച്ചെന്ന് റഷ്യൻവൃത്തങ്ങൾ പറഞ്ഞു. നടപടിയോട് മെറ്റ പ്രതികരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുള്ള സ്വതന്ത്ര വസ്തുതാ പരിശോധന നിർത്തിവയ്ക്കാൻ റഷ്യ തങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മുൻ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി കൂടിയായ മെറ്റ ആഗോളകാര്യ വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് വെളിപ്പെടുത്തി.

റഷ്യൻ നിയന്ത്രണത്തിലുള്ള നാല് വാർത്താ മാധ്യമങ്ങളിലെ ഉള്ളടകങ്ങൾക്കൊപ്പം അവയ്ക്ക് ഭരണകൂടവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നത് നിർത്തണമെന്നും ആവശ്യമുണ്ടായിരുന്നതായി നിക്ക് സൂചിപ്പിച്ചു.