Mon. Dec 23rd, 2024
കീഴുപറമ്പ്:

ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴി എടുത്ത കൂറ്റൻ പാറക്കഷണങ്ങൾ കൃഷി ഭൂമിയിൽനിന്ന് നീക്കം ചെയ്തില്ലെന്ന് പരാതി. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മിടുക്കപ്പാറ പ്രദേശത്ത് ഇരിക്കാലിക്കൽ ജമാലുദ്ദീൻ, എംവി അബൂബക്കർ, കോളക്കാടൻ മുഹമ്മദ് എന്നിവരുടെ 40 സെന്റ് കൃഷിഭൂമിയിലാണ് നിർമാണ പ്രവൃത്തിക്ക് ശേഷം കൂറ്റൻ പാറക്കഷണങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത്. ഗെയിൽ പൈപ്പ് ലൈനിന്റെ നിർമാണം പൂർത്തിയാക്കി മൂന്ന് വർഷം കഴിഞ്ഞിട്ടും കൃഷിഭൂമിയിലെ പാറക്കഷണങ്ങൾ നീക്കം ചെയ്യാത്തതിനെ തുടർന്നാണ് കർഷകർ പരാതിയുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി, കൃഷിമന്ത്രി, എറണാകുളം ഗെയിൽ ഓഫിസ് അധികൃതർ, കലക്ടർ, വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ളവർക്ക് നിരന്തരം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഭൂവുടമകൾ പറയുന്നു. ഗെയിൽ പൈപ്പ് നിർമാണം ആരംഭിക്കുന്നതിന് മുമ്പ് വാഴ, ചേന, മഞ്ഞൾ ഉൾപ്പെടെയുള്ള വിവിധ ഇനത്തിൽപെട്ട കൃഷി ഈ ഭൂമിയിൽ ചെയ്തിരുന്നു. നിർമാണ പ്രവൃത്തിക്കുശേഷം കൂറ്റൻ പാറക്കഷണങ്ങൾ കൃഷിഭൂമിയിൽ ഉപേക്ഷിച്ചതോടെ പിന്നീട് കൃഷിയിറക്കാൻ സാധിച്ചിട്ടില്ല.

പ്രവാസിയായിരുന്ന ജമാലുദ്ദീൻ നാട്ടിലെ ഈ ഭൂമി കണ്ടാണ് പ്രവാസ ജീവിതം അവസാനിച്ച് നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ, 27 സെന്‍റ് ഭൂമിയിൽ മുഴുവൻ പാറക്കഷണങ്ങൾ മൂലം കൃഷി ഉൾപ്പെടെ ഒന്നിനും പറ്റാത്ത അവസ്ഥയാണ് നിലവിൽ. ഇതേ തുടർന്ന് ഭൂമി വിൽപന നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഗെയിൽ പൈപ്പ് കടന്നുപോകുന്നതും പാറക്കഷണങ്ങൾ ഭൂമിയിൽ നിൽക്കുന്നതുമാണ് കച്ചവടത്തിനും തടസ്സമായത്. ഇവിടെ കോഴി, ആട് ഫാമുകൾ തുടങ്ങാനായിരുന്നു പദ്ധതി. അതേസമയം, ഭൂമി വൃത്തിയാക്കാൻ വേണ്ടി സ്വന്തം ചെലവിൽ പാറക്കഷണങ്ങൾ നീക്കം ചെയ്യാൻ നോക്കിയെങ്കിലും മൂന്നു ലക്ഷം രൂപയാണ് ഇതിന് ചെലവ്. അധികൃതർ അടിയന്തരമായി ഇടപെട്ട് പാറക്കഷണങ്ങൾ നീക്കം ചെയ്ത് കൃഷിക്ക് യോഗ്യമാക്കി നൽകണമെന്ന് ഭൂവുടമകൾ ആവശ്യപ്പെട്ടു.