Mon. Dec 23rd, 2024

മണിപ്പൂരിൽ അടുത്ത 25 വർഷത്തേക്കുള്ള അടിത്തറ ബിജെപിയുടെ “ഇരട്ട എഞ്ചിൻ” സർക്കാർ പാകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനം കൈവരിച്ച സ്ഥിരതയും സമാധാനവും ശാശ്വതമാക്കാൻ ബിജെപി സർക്കാരിനെ വീണ്ടും തെരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഹിൻഗാംഗിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

“മണിപ്പൂർ രൂപീകരിച്ച് കഴിഞ്ഞ മാസം 50 വർഷം പൂർത്തിയായി. അനവധി സർക്കാരുകൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും ഈ കാലയളവിൽ സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും,  പതിറ്റാണ്ടുകളുടെ കോൺഗ്രസ് ഭരണത്തിന് ശേഷം മണിപ്പൂരിന് അസമത്വം മാത്രമാണ് ലഭിച്ചത്. എന്നാൽ ബിജെപിയുടെ ‘ഇരട്ട എഞ്ചിൻ’ സർക്കാർ മണിപ്പൂരിന്റെ വികസനത്തിനായി ആത്മാർത്ഥതയോടെ പ്രവർത്തിക്കുകയും നിങ്ങൾ നല്ല ഭരണവും സദുദ്ദേശ്യവും കാണുകയും ചെയ്തു.” പ്രധാനമന്ത്രി വ്യക്തമാക്കി. 

“മണിപ്പൂരിൽ വലിയ അവകാശവാദങ്ങൾ കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇത്രയും കാലം അവർ മണിപ്പൂരിനെ അവഗണിക്കുകയും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംസ്‌കാരത്തെ കോൺഗ്രസ് പരിഹസിക്കുകയുമായിരുന്നു. അവർ മണിപ്പൂരിനെ വിഭജിക്കുകയും രാഷ്ട്രീയം കളിക്കുകയും ചെയ്തു. മേഖലയിലെ കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അവർ പ്രവർത്തിച്ചില്ല.” പ്രധാനമന്ത്രി കുറ്റപ്പെടുത്തി.