കർണാടക: ഭരണഘടനയില്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ 25ല്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ഉള്‍പ്പെടില്ലെന്ന് കർണാടക സര്‍ക്കാര്‍. കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ഹിജാബ് ധരിക്കുന്നതിന് ഇന്ത്യയില്‍ നിരോധനമില്ലെന്നും, ചില നിബന്ധനകളോടെയുള്ള നിയന്ത്രണങ്ങള്‍ മാത്രമാണ് പല സ്ഥാപനങ്ങളിലും ഉള്ളതെന്നും സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19 (1) (എ)യിലാണ് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നത്. അല്ലാതെ ഹര്‍ജിക്കാർ വാദിക്കുന്നത് പോലെ മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 25 ൽ അല്ല ഇത് ഉള്‍പ്പെടുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി. ഫ്രാന്‍സില്‍ പൊതുസ്ഥലത്ത് ഹിജാബിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി എന്നത് അവിടെ ഇസ്‌ലാം മതമില്ല എന്നല്ല അര്ഥമാക്കുന്നതെന്നും അദ്ദേഹം വാദിച്ചു. ചീഫ് ജസ്റ്റിസ് ഋതുരാജ് അശ്വതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് എട്ടാം ദിവസവും ഹിജാബ് നിരോധനം സംബന്ധിച്ചുള്ള വാദം കേൾക്കുന്നത്.