Sat. Apr 20th, 2024

നിർണായക വെളിപ്പെടുത്തലുകളുമായി “പച്ച കലര്‍ന്ന ചുവപ്പ്” എന്ന പേരിൽ  പുസ്തകമിറക്കാനൊരുങ്ങി കെടി ജലീൽ എംഎൽഎ. സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണവും, 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പിലെ വിജയവും, ജലീലിനെതിരായുള്ള ലോകായുക്തയുടെ നീക്കങ്ങളും പുസ്തകത്തില്‍ ഉൾപ്പെടുത്തും. ഇതുകൂടാതെ ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുന്‍കാല ചരിത്രം വിവരിക്കുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും പച്ച കലര്‍ന്ന ചുവപ്പിൽ ഉണ്ടാകുമെന്ന് കെടി ജലീൽ വ്യക്തമാക്കിയിട്ടുണ്ട്. 

അരനൂറ്റാണ്ടിലുളള തന്റെ ജീവിതമായിരിക്കും പുസ്തകത്തിലൂടെ പറയുകയെന്ന കെ ടി ജലീല്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് നേരിടേണ്ടി വന്ന ലീഗ്,മാധ്യമ വേട്ടയേയും കുറിച്ച് പരാമര്‍ശിക്കുന്ന പുസ്തകത്തിൽ കുഞ്ഞാലിക്കുട്ടിയുമായുളള അകൽച്ചയും മുഖ്യമന്ത്രിയുമായുളള അടുപ്പവും വിവരിക്കും. 

ലീഗിൽ നിന്നുള്ള പുറത്താക്കപ്പെടൽ, ലീഗിലെ നേതാക്കളുമായും പ്രവർത്തകരുമായും ഇപ്പോഴും തുടരുന്ന ആത്മ ബന്ധം, ഇകെ എപി സുന്നി വിഭാഗങ്ങളുമായുള്ള ആത്മ ബന്ധം, ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ട മുഖം,  തനിക്കെതിരായ ഇഡിയുടേയും എൻഐഎയുടേയും അന്വേഷണ പരമ്പര, മന്ത്രിയായിരിക്കെ സിപിഐഎം നേതൃത്വം കാണിച്ച ഉദാര സമീപനം, കുഞ്ഞാലിക്കുട്ടിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം എന്നീ കാര്യങ്ങളും പുസ്തകത്തിൽ വിശദമാക്കുമെന്ന് ജലീൽ പറഞ്ഞു. കാൽഭാഗം എഴുതി  പൂർത്തിയായെന്നും, പുസ്തകം ഒരു വർഷത്തിനുളളിൽ പൂർത്തിയാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.