ആലപ്പുഴ:
പ്രമുഖ കമ്പനികൾ സിമന്റ് വില കുത്തനെ കൂട്ടിയതോടെ നിർമാണമേഖല പ്രതിസന്ധിയിലേക്ക്. സിമന്റിന് മാത്രമല്ല പാറ, കമ്പി, ചരൽ എന്നിവക്കും വില കുതിച്ചുയർന്നു. തമിഴ്നാട് ലോബിയാണ് സിമന്റ് വില വർധനക്ക് പിന്നിൽ.
ഇവർ തമിഴ്നാട്ടിൽ വിൽക്കുന്നതിനെക്കാൾ ബാഗ് ഒന്നിന് 100 മുതൽ 150രൂപ അധികം വാങ്ങിയാണ് ഇവിടെ വിൽക്കുന്നത്. സംസ്ഥാനത്ത് പ്രമുഖ കമ്പനികളുടെ സിമന്റിന് ഒരു ബാഗിന് 475 രൂപയാണ് ഇപ്പോഴത്തെ വില. ചെറുകിട കച്ചവടക്കാർക്ക് 475 രൂപക്ക് നൽകുന്ന സിമന്റ് വൻകിട കരാറുകാർക്ക് 325 രൂപക്കും നൽകുന്നുണ്ട്.
തിമിഴ്നാട് സർക്കാർ വിപണിയിൽ ഇടപെട്ടതോടെ അവിടെ സിമന്റ് വില 300 മുതൽ 350 രൂപ വരെയുള്ളൂ. സാധനസാമഗ്രികളുടെ വില അടുത്തദിവസങ്ങളിൽ വൻതോതിൽ വർധിച്ചത് നിർമാണമേഖലയെ തളർത്തി.
തമിഴ്നാട്ടിലേതുപോലെ വില പിടിച്ചുനിർത്താൻ സിമന്റ് വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്. സംസ്ഥാനത്ത് സർക്കാർ ഉമസ്ഥതയിലെ മലബാർ സിമന്റ് ഫാക്ടറിയിൽ ഉൽപാദനം വർധിപ്പിച്ചാൽ തമിഴ്നാട് ലോബിയുടെ കള്ളക്കളി തടഞ്ഞു നിർത്താനാകും.