Wed. May 1st, 2024

കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുത്ത് ഓടിക്കാനൊരുങ്ങുന്നു. വണ്ടികളുടെ അറ്റകുറ്റപ്പണിക്കായി വലിയ തുക ചിലവഴിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ബസുകൾ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. എസി ബസുകൾ അടക്കം ആദ്യ ഘട്ടത്തിൽ 250 ബസുകളാവും വാടകയ്‌ക്കെടുക്കുക. 

ബെംഗളൂരു ആസ്ഥാനമായ ഗംഗ ട്രാൻസ്‌പോർട്ട്, മുംബൈ ആസ്ഥാനമായ ഓട്ടോ ഫ്രൂസ് ട്രാവൽ സൊല്യൂഷൻ എന്നീ രണ്ട് കമ്പനികളുമായി ബസ് വാടകയ്‌ക്കെടുക്കുന്നത് സംബന്ധിച്ച് കെഎസ്ആർടിസി ധാരണയായിട്ടുണ്ട്. 20 എ.സി സ്‌കാനിയ ബസുകളും 10 നോൺ എ.സി സ്ലീപ്പർ ബസുകളും, 10 സാധാരണ ബസുകളുമായിരിക്കും രണ്ട് കമ്പനികളിൽ നിന്നും വാടകയ്‌ക്കെടുക്കുക. കിലോമീറ്ററിന് 13 രൂപയാണ് നോൺ എസി ബസുകളുടെ വാടക. 

ബാക്കി ബസുകൾ മറ്റു കമ്പിനികളിൽ നിന്നും വാങ്ങാനുള്ള ടെൻഡർ  പുറപ്പെടുവിച്ചിട്ടുണ്ട്. അറ്റകുറ്റപണികൾ, നികുതി തുടങ്ങിയ ചെലവുകൾ സ്വകാര്യ കമ്പിനികളും, കണ്ടക്ടർ, ഡ്രൈവർ, ഇന്ധനം എന്നിവ കെഎസ്ആർടിസിയും നൽകുന്ന തരത്തിൽ രണ്ട് വർഷത്തേക്കാണ് കരാർ. 

ഒരു ഷെഡ്യൂൾ സർവീസ് പൂർത്തിയാക്കുമ്പോൾ ഒരു ബസിന് 1000-2000 രൂപയുടെ അറ്റകുറ്റപ്പണി നടത്തണം. ഇതുകൂടാതെ നികുതിയിനത്തിലും പണം ചെലവഴിക്കണം. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ 894 ബസുകൾ കലഹരണപ്പെട്ടതാണ്. പുതിയ 700 ബസുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും കടുത്ത സാമ്പത്തിക ബാധ്യത കണക്കിലെടുത്തു ബസ് വാടകയ്ക്ക് എടുക്കാൻ തീരുമാനിക്കുകയായിരുന്നു.