കേരളത്തിൽ 2025 ഓടുകൂടി കുഷ്ഠരോഗ നിര്‍മ്മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗത്തിന്റെ ഏത് അവസ്ഥയിലും 6 മുതല്‍ 12 മാസക്കാലത്തെ ചികിത്സ കൊണ്ട് കുഷ്ഠരോഗം പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്നതാണ്. അതുകൊണ്ട് രോഗ ലക്ഷണമുള്ളവര്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
2021-22 വര്‍ഷത്തിൽ 302 കുഷ്ഠ രോഗികളെയും, 2020-21 വര്‍ഷത്തില്‍ 311 രോഗികളെയും കണ്ടെത്തി ചികിത്സ നൽകിയിരുന്നു. നിലവില്‍ 460 രോഗികളാണ് ചികിത്സയിലുള്ളത്. ഈ വര്ഷം നടപ്പിലാക്കിയ സമ്പൂര്‍ണ കുഷ്ഠരോഗ നിര്‍മാര്‍ജന സര്‍വേ, രണ്ടു ഘട്ടങ്ങളിലായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിന്‍, സ്പര്‍ശ് ലെപ്രസി അവയര്‍നസ് ക്യാമ്പയിന്‍ എന്നിവയിലൂടെയാണ് രോഗികളെ കണ്ടെത്തി ചികിത്സ നൽകിയത്.
കോവിഡ് സമയത്ത് വിവരസാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തി രോഗലക്ഷണമുളളവര്‍ സ്വയം പരിശോധനയ്ക്ക് വിധേയമായി ഇ-സഞ്ജീവനി പോര്‍ട്ടല്‍ വഴിയോ, അടുത്തുളള ആരോഗ്യകേന്ദ്രങ്ങള്‍ വഴിയോ രോഗനിര്‍ണയം നടത്താന്‍ കഴിയുന്ന ഇറാഡിക്കേഷന്‍ ഓഫ് ലെപ്രസി ത്രൂ സെല്‍ഫ് റിപ്പോര്‍ട്ടിംഗ് ആന്റ് അവയര്‍നസും കുഷ്ഠരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി.
രോഗത്തെ കുറിച്ച് സമൂഹത്തിലുള്ള തെറ്റിദ്ധാരണയാണ് കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്തെ പ്രധാന വെല്ലുവിളി. കൈകാലുകളിലെ വിരലുകള്‍ നഷ്ടപ്പെട്ട വ്രണങ്ങളോടു കൂടിയ വിരൂപമാണ് കുഷ്ഠം എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. എന്നാൽ കയ്യിലും കാലിലും ഉണ്ടാകുന്ന മരവിപ്പും വേദനയും ബലക്ഷയവും, സ്പര്‍ശന ശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, വേദന ഉളളതും വീര്‍ത്ത് തടിച്ചതുമായ നാഡികള്‍ തുടങ്ങിയാവാം കുഷ്ഠരോഗ ലക്ഷണങ്ങള്‍.