Mon. Dec 23rd, 2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്‌സിനായി മികച്ച പ്രകടനം കാഴ്ച വെച്ച താരമായിട്ടും സുരേഷ് റെയ്‌നയെ ടീമിലെടുക്കാതിരുന്നതിന് പിറകിലെ കാരണം പറഞ്ഞ് ടീമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ. 2022 ലെ ഐപിഎൽ മെഗാ താരലേലത്തിൽ രണ്ടു കോടി അടിസ്ഥാന വിലയുള്ള റെയ്‌നക്കായി ആദ്യ ദിനം ഒരു ടീമുകളും രംഗത്ത് വന്നിരുന്നില്ല. രണ്ടാം ദിനം ആക്‌സിലറേഷൻ ലിസ്റ്റിലും ഒരു ടീമും താരത്തെ ഉൾപ്പെടുത്തിയില്ല.

അദ്ദേഹം ദീർഘകാലമായി കളിച്ച സിഎസ്‌കെ പോലും അദ്ദേഹത്തെ പരിഗണിക്കാത്തത് ചർച്ചയായിരുന്നു. തുടർന്നാണ് സിഎസ്‌കെ മാനേജ്‌മെൻറ് പ്രതികരിച്ചത്. ”കഴിഞ്ഞ 12 വർഷമായി സിഎസ്‌കെക്കായി സ്ഥിരതയോടെ കളിച്ച താരമാണ് സുരേഷ് റെയ്‌ന. അദ്ദേഹം ടീമിലില്ലാതിരിക്കുന്നത് ഞങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

എന്നാൽ ടീം രൂപവത്കരണം തീർച്ചയായും താരങ്ങളുടെ പ്രകടനമികവിനും ടീം എങ്ങനെയാകണമെന്ന ആഗ്രഹത്തിനും അനുസൃതമായാണ് നടക്കുക” സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. 2011 ലെ ലോകകപ്പ് നേടിയ ഇന്ത്യൻ സംഘത്തിൽപ്പെട്ട റെയ്‌ന 2008 മുതൽ 2015 വരെയും 2018 മുതൽ 2021 വരെയും സിഎസ്‌കെക്കായി കളിച്ചിരുന്നു.

205 ഐപിഎൽ മത്സരങ്ങളിൽനിന്നായി 5528 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതിൽ സിഎസ്‌ക്കെക്കായി 4687 റൺസാണ് കണ്ടെത്തിയത്. ഇത് ആദ്യമായാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ റെയ്‌ന അൺസോൾഡ് ആകുന്നത്. 2020 സീസണിൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി റെയ്‌ന കളിച്ചിരുന്നില്ല.

എന്നാൽ കഴിഞ്ഞ സീസണിൽ തിരിച്ചുവന്ന റെയ്‌നയെ ഫിറ്റ്നസ് പ്രശ്നങ്ങളും മോശം ഫോമും കാരണം സിഎസ്കെ ചില മൽസരങ്ങളിൽ പുറത്തിരുത്തിയിരുന്നു. 12 കളികളിൽ നിന്ന് 17.77 ശരാശരിയിൽ 160 റൺസ് മാത്രമാണ് കഴിഞ്ഞ സീസണിൽ താരം നേടിയത്.