Mon. May 6th, 2024

പാർട്ടിയുമായുള്ള 46 വർഷത്തെ ബന്ധമവസാനിപ്പിച്ച് മുൻ നിയമമന്ത്രി അശ്വനി കുമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇന്ന് രാവിലെയാണ് അദ്ദേഹം രാജിക്കത്ത് അയച്ചത്. പാർട്ടിക്ക് പുറത്തുള്ള ദേശീയ കാര്യങ്ങളിൽ മികച്ച രീതിയിൽ ഇടപെടാൻ കഴിയുമെന്ന് അശ്വനി കുമാർ കത്തിൽ പറയുന്നുണ്ട്. 

കോൺഗ്രസിനുള്ളിൽ തന്നെയുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് പാർട്ടി ക്ഷയിക്കാൻ കാരണം. വോട്ട് ശതമാനത്തിൽ തുടർച്ചയായ ഇടിവ് പാർട്ടി നേരിടുന്നുണ്ട്. ഇത് രാഷ്ട്രം ചിന്തിക്കുന്ന രീതിയുമായി പാർട്ടിക്ക് സമന്വയമില്ലെന്നാണ് കാണിക്കുന്നത്. കോൺഗ്രസ് ഭാവി നേതൃത്വത്തിനെ കുറിച്ച് മുന്നോട്ട് വെയ്ക്കുന്ന ബദൽ ജനങ്ങൾക്ക് അനുകൂലമല്ലെന്നും അശ്വനി കുമാർ വ്യക്തമാക്കി. 

2009 – 2014 കാലയളവിൽ മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിലെ നിയമമന്ത്രിയായിരുന്നു അശ്വനി കുമാർ. യുപിയിലെ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ആർപിഎൻ സിംഗ് കോൺഗ്രസിൽ രാജി വെച്ചതിനു പിന്നാലെയാണ് പാർട്ടിക്ക് അടുത്ത തിരിച്ചടി കിട്ടുന്നത്. അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനിടെയാണ് അശ്വനി കുമാറിന്റെ രാജി എന്നതും ശ്രദ്ധേയമാണ്. സുസ്മിത ദേവ്, ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, ലൂയിസിഞ്ഞോ ഫലീറോ തുടങ്ങിയവരും അടുത്തകാലത്ത് കോൺഗ്രസ് പാർട്ടി വിട്ടിരുന്നു.