Mon. Dec 23rd, 2024

സ്വന്തം നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് യുപിയെ മുഖ്യമന്ത്രി പിണറായി വിജയന്‍  അപമാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരില്‍ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ സംഭവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്നത്. സിപിഐഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ദാരുണ സംഭവത്തിന് പിന്നില്‍. പിണറായി വിജയന്റെ ഭരണത്തിന്മേൽ സംസ്ഥാനത്ത് ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും അഴിഞ്ഞാടുകയാണ്. കേരളത്തില്‍ ഗുണ്ടകള്‍ വെട്ടി മരിക്കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ സമാധാനവും ഇല്ലാതായെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 

ഇന്ത്യയിൽ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങളുണ്ടാവുന്ന സംസ്ഥാനമായി മാറി കേരളം.  2021-ല്‍ സ്ത്രീകള്‍ക്കെതിരെ 16,418 കേസുകളും, 3549 പോക്‌സോ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടത് ഭരണം കുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റി. സ്ത്രീപീഡന കേസുകളില്‍ സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും പ്രതികളാവുമ്പോള്‍ കേസ് എടുക്കാന്‍ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നും, പിണറായി വിജയന്റെ ഭരണസമയത്ത് ഒരൊറ്റ സ്ത്രീപീഡന കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.