Mon. Dec 23rd, 2024
കോന്നി:

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ ഹോട് സ്പോട് വില്ലേജുകളിൽ വനമേഖലയിൽപെടുന്ന കലഞ്ഞൂർ, കൂടൽ, ഐരവൺ വില്ലേജുകൾ‌ ഉൾപ്പെട്ടിട്ടില്ലെന്നു പരാതി. പ്രമാടം ഉൾപ്പെടെ നിലവിൽ കാട്ടുപന്നിശല്യം ഏറ്റവുമധികം ഉള്ള വില്ലേജുകളെയാണ് ഒഴിവാക്കിയിട്ടുള്ളത്. നടുവത്തുമൂഴി വനമേഖലയിൽപെടുന്നതും പ്ലാന്റേഷൻ കോർപറേഷന്റെ എസ്റ്റേറ്റുകളുള്ളതുമായ കലഞ്ഞൂർ, കൂടൽ വില്ലേജുകളിൽ കൃഷിനാശവും പന്നി ആളുകളെ ആക്രമിച്ചിട്ടുള്ളതുമായ സംഭവങ്ങൾ ഒട്ടേറെയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കൂടൽ വില്ലേജിൽ മുറിഞ്ഞകല്ലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പഞ്ചായത്തംഗത്തിനും ഡോക്ടർക്കും ബൈക്ക് യാത്രികനും അടക്കം പരുക്കേറ്റ സംഭവം ഉണ്ടായിട്ടുണ്ട്. കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിലേക്ക് പാഞ്ഞെത്തിയ പന്നി ആക്രമിക്കുകയായിരുന്നു. തൊഴിലാളികളെയും നാട്ടുകാരെയും ഇരുചക്രവാഹനയാത്രക്കാരെയും ഉൾപ്പെടെ കാട്ടുപന്നി ആക്രമിച്ചിട്ടുള്ള സംഭവങ്ങളും ഇവിടെ നടന്നിട്ടുണ്ട്.

കുമ്മണ്ണൂർ, താവളപ്പാറ വനമേഖലയിൽപെടുന്ന പ്രദേശങ്ങൾ ഐരവൺ വില്ലേജിന്റെ പരിധിയിലാണ്. പുലിയും കാട്ടാനയും അടക്കം വന്യജീവികളുടെ ശല്യമുള്ള ഐരവൺ വില്ലേജിൽ പകൽ സമയങ്ങളിൽപോലും കാട്ടുപന്നിയെ കാണാം. ഐരവൺ, കുമ്മണ്ണൂർ, മുളന്തറ, നെടുമ്പാറ, ആനകുത്തി, പയ്യനാമൺ, മച്ചിക്കാട്, വട്ടമൺ, മഞ്ഞക്കടമ്പ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഐരവൺ വില്ലേജിൽപെടുന്ന സ്ഥലങ്ങളാണ്. എന്നാൽ, ഈ വില്ലേജും പട്ടികയിൽ ഇടം നേടിയിട്ടില്ല. അരുവാപ്പുലം, കോന്നി പഞ്ചായത്തുകൾ ഉൾപ്പെടുന്ന വില്ലേജാണിത്.