Wed. Jan 22nd, 2025

ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കമായി. ഏഴ് ഘട്ടങ്ങളായി നടക്കുന്ന  ഉത്തർപ്രദേശിലെ ആദ്യഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. ബിജെപിയുടെ ജനവിരുദ്ധവും വർഗീയപരവുമായ ഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണമായിരിക്കും തിരഞ്ഞെടുപ്പിൽ അറിയാൻ പോകുന്നത്.   യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം 2024 ൽ വരാനിരിക്കുന്ന ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിനെയും, ഗുജറാത്ത് ഇലക്ഷനെയും തീർച്ചയായും സ്വാധീനിക്കും. 

കഴിഞ്ഞ അഞ്ച് വർഷം യുപി ഭരിച്ച ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി തുടർഭരണം നേടുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. പുറത്തുവന്ന എല്ലാ തിരഞ്ഞെടുപ്പ് സർവേകളും ബിജെപിയുടെ വിജയം ഉറപ്പിക്കുന്നുണ്ടെങ്കിലും ശക്തമായ മത്സരം തന്നെയായിരിക്കും ഈ വട്ടം നടക്കുന്നത്. കർഷക സമരത്തിൽ ആദിത്യനാഥിന്റെയും, നരേന്ദ്ര മോദിയുടെയും സമീപനം ബിജെപിയെ തിരഞ്ഞെടുപ്പിൽ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 403 മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ 312 സീറ്റുകൾ നേടിയായിരുന്നു 2017 ൽ ബിജെപി ഭരണം പിടിച്ചെടുത്തത്. എന്നാൽ ഈ വട്ടം ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 

ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന, രാജ്യത്തിൻറെ ദേശീയ തലസ്ഥാന മേഖലയുടെ ഭാഗമായ പശ്ചിമ യുപിയിലാവും ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി കിട്ടാൻ പോകുന്നത്. ഹരിത വിപ്ലവത്തിന്റെ വിജയത്തോടെ ഉയർന്ന സാമ്പത്തിക വളർച്ച കൈവരിച്ച ഈ പശ്ചിമ മേഖല, യുപിയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും തീർത്തും വ്യത്യസ്‍തമാണ്. ഇവിടത്തെ ഏറ്റവും വലിയ നഗരമായ ഗാസിയാബാദിലായിരുന്നു ജട്ടുകൾ അടക്കമുള്ള കർഷകർ, കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സമരം ചെയ്തത്. സമരസ്ഥലത്തേക്കുള്ള വെള്ളവും വൈദ്യുതിയും നിഷേധിച്ചായിരുന്നു മുഖ്യമന്ത്രി ആദിത്യനാഥ് അന്ന് ഇതിനെതിരെ പ്രതികരിച്ചത്. ജാട്ട് സമുദായത്തിൽപ്പെട്ട കർഷകർ കൂടുതലുള്ള ഈ മേഖലയിൽ മുസാഫിർ കലാപത്തെ തുടർന്ന് ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിന് ലഭിച്ച പിന്തുണ കർഷക സമരത്തെ തുടർന്ന് ഈ വട്ടം നഷ്ടപ്പെടും.

കർഷക സമരത്തെ പഞ്ചാബിന്റെ സമരമാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇത് പശ്ചിമ യുപിയിലെ വിജയത്തെ ബാധിക്കുമെന്ന് ബിജെപ്പിക്കുമറിയാം. ലഖിംപൂര്‍ ഖേരി സംഭവവും തിരിച്ചടിക്ക് കാരണമാവാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലായിരുന്നു മുസാഫിര്‍ നഗറിലെ ജാട്ട് വീടുകളില്‍ നേരിട്ടെത്തി അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. കർഷക രോക്ഷം കണക്കിലെടുത്ത്, മുഖ്യമന്ത്രി ആദിത്യനാഥിനെ ഇവിടെ പ്രചാരണത്തിന് ഇറക്കിയിരുന്നില്ല. പ്രധാനമന്ത്രി പോലും വെർച്വൽ ആയി മാത്രമാണ് പ്രചാരണങ്ങളിൽ ഭാഗമായത്. ജാട്ട് സമുദായത്തിനിടയിൽ ജാതി രാഷ്ട്രീയം ഉപയോഗിച്ച് വോട്ടു നേടാനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നത്. ഇതിനുവേണ്ടി മുസാഫിർ കലാപം തന്നെയാണ് അവർ കരുവാക്കുന്നതും. 

ഇതിനിടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ ചെറുമകൻ ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക പാർട്ടിയായ രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) വീണ്ടും രാഷ്ട്രീയ കളത്തിലേക്ക് ഇറങ്ങി, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി (എസ്‌പി) ചേർന്നുണ്ടാക്കിയ സഖ്യവും ബിജെപിക്ക് തിരിച്ചടിയാവും. രാഷ്ട്രീയ ലോക്ദളിന് കർഷകർക്കിടയിൽ വലിയ പിന്തുണയുള്ളതു പോലെ, പശ്ചിമ മേഖലയിലെ 26 ശതമാനത്തിലധികം വരുന്ന മുസ്ലിങ്ങളുടെയും, പിന്നോക്ക ജാതിയിൽ നിന്നുള്ളവരുടെയും പിന്തുണ സമാജ് പാർട്ടിക്കുണ്ട്. ഇരു പാർട്ടിയിലെയും നേതാക്കൾ നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിൽ കർക്ഷക കുടുംബങ്ങളിൽ നിന്നും വന്ന തങ്ങളുടെ  സഖ്യം കർക്ഷകരുടെ ആവശ്യങ്ങൾക്കുവേണ്ടി നിലകൊള്ളുമെന്ന് പറഞ്ഞത് കൂടുതൽ കർഷകരെ എസ്പിയിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്. 

ബിജെപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുകൾ ഉത്തർപ്രദേശിൽ ആർഎൽഡി- എസ്‌പി സഖ്യം നേടുമെന്നാണ് സർവേ കണക്കുകൾ പറയുന്നത്. ആദ്യം വന്ന സർവേ ഫലങ്ങളിൽ ബിജെപിക്കും എസ്പിക്കുമിടയിലെ വോട്ട് വിഹിതം 12 ശതമാനമായിരുന്നെങ്കിൽ, അവസാനം വരുന്ന സർവേകളിൽ ഇത് നാല് ശതമാനം മാത്രമാണെന്നുള്ളത് ബിജെപി നേരിടാൻ പോകുന്ന കനത്ത മത്സരമാണ് സൂചിപ്പിക്കുന്നത്. എന്നാൽ സ്ഥാനാർത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലീം വിഭാഗത്തിന് കാര്യമായ പിന്തുണ നല്‍കിയില്ലെന്ന അസംതൃപ്തി, എസ്പിയെയും ബാധിക്കും. 

യുപിയുടെ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്ന ബിഎസ്പി ഇരുപത് സീറ്റുകളിൽ ഒതുങ്ങി, വലിയ തിരിച്ചടി നേരിടുമെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്. ബിഎസ്പിയുടെ പ്രചരണങ്ങളിലുള്ള വീഴ്ച എസ്പിക്ക് ഗുണം ചെയ്‌തേക്കും.  പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ സ്ത്രീകളെ മുൻനിർത്തി കോൺഗ്രസ് പ്രചാരണം നടത്തുന്നുണ്ടെങ്കിലും വലിയ ചലനം ഉണ്ടാക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേത്തിയില്‍ ഒരു ദിവസം പ്രചാരണം നടത്തിയതൊഴിച്ചാല്‍ രാഹുല്‍ ഗാന്ധി മറ്റൊരിടത്തും എത്തിയിട്ടില്ല. 

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ബിജെപിയിലെ എംഎൽഎമാർ എസ്പി സഖ്യത്തിലേക്ക് പോയത് യുപിയിൽ ബിജെപി നേരിടുന്ന അടുത്ത തിരിച്ചടിയാവും. കുടിശ്ശിക തീർക്കുകയോ, താങ്ങുവില ഉയർത്തുകയോ ചെയ്യാത്തതിന്റെ പേരിൽ യുപിയിലെ നാല്പത് ലക്ഷത്തോളം കരിമ്പ് കർഷകർക്കും ബിജെപിയോട് അസംതൃപ്തിയുണ്ട്. ഇതോടൊപ്പം ബ്രാഹ്മണ സമുദായത്തിൽ നിന്നും, ഒബിസി വിഭാഗത്തിൽ നിന്നുമുള്ള ബിജെപി വോട്ടുകൾ കുറയുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27, മാർച്ച് 3, മാർച്ച് 7 എന്നീ തീയ്യതികളിലാണ് അടുത്ത ഘട്ട തിരഞ്ഞെടുപ്പുകൾ നടക്കുക. ആദ്യ ഘട്ടത്തിൽ പതിനൊന്നു ജില്ലകളിലുള്ള 58 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ മണ്ഡലത്തിൽ ആദ്യമായി അങ്കത്തിനിറങ്ങുന്ന മുഖ്യമന്ത്രി സ്ഥാനാർഥി ആദിത്യനാഥ് ഗോരഖ്‌പൂരിലാണ് മത്സരിക്കുന്നത്. ആസാദ് സമാജ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് ആദിത്യനാഥിനെതിരെ ഈ മണ്ഡലത്തിൽ മത്സരിക്കും. യുപി തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമാണിത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ബിജെപി കേന്ദ്ര സഹമന്ത്രി എസ്പി സിംഗ് ബാഗേലും മത്സരിക്കുന്ന കർഹാൽ മണ്ഡലം ഏവരും ഉറ്റുനോക്കുന്നുണ്ട്. ഈ മണ്ഡലത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന സ്ഥാനാർത്ഥിയെ ഒഴിവാക്കി, അഖിലേഷിനെതിരെ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന കോൺഗ്രസ് തീരുമാനം വലിയ വാർത്തയായിരുന്നു. 

ബിജെപിക്ക് വേണ്ടി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മത്സരിക്കുന്ന മൗര്യ സിറാത്തു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മകൻ പങ്കജ് സിങ് മത്സരിക്കുന്ന നോയിഡ, യുപിയിലെ വൈദ്യുതി മന്ത്രി ശ്രീകാന്ത് ശർമ  മത്സരിക്കുന്ന മഥുര, ഉത്തരാഖണ്ഡ് മുൻ ഗവർണർ ബേബി റാണി മൗര്യ മത്സരിക്കുന്ന ആഗ്ര റൂറൽ എന്നിവയാണ് മറ്റു പ്രധാന മണ്ഡലങ്ങൾ. ഉന്നാവോ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിൽക്കുന്നതിന്റെ പേരിൽ ശ്രദ്ധയാകർഷിച്ച മണ്ഡലമാണ് ഉന്നാവോ. 

ഫെബ്രുവരിൽ പതിനാലാം തീയ്യതിയാണ് പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെ വന്ന സർവേകൾ പ്രകാരം ആം ആദ്മി പാർട്ടിക്കാണ് പഞ്ചാബിൽ നേരിയ മുൻതൂക്കമുള്ളത്. തൊട്ടുപുറകിൽ കോൺഗ്രസുമുണ്ട്. അഞ്ചിൽ താഴെ സീറ്റുകൾ മാത്രമേ ബിജെപിക്ക് ലഭിക്കൂവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപിക്ക് തന്നെയാണ് സർവേപ്രകാരം വിജയ സാധ്യത. ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസ്സും വലിയ പോരാട്ടമായിരിക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്. 

ഫെബ്രുവരി 27, മാര്‍ച്ച് 3 എന്നീ തീയ്യതികളിൽ രണ്ട് ഘട്ടങ്ങളായാണ് മണിപ്പൂരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസും, ഇടതുപാർട്ടികളും സഖ്യം ചേർന്ന് ബിജെപിക്കെതിരെ മത്സരിക്കും. ഇതുവരെ വന്ന മുഴുവൻ സർവേകളിലും ബിജെപിക്കാണ് വിജയസാധ്യതയെങ്കിലും, കേവല ഭൂരിപക്ഷം നേടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.