Thu. Apr 25th, 2024

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച 26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ) തിരുവനന്തപുരത്ത് മാര്‍ച്ച് 18 മുതല്‍ 25 വരെ നടത്താൻ തീരുമാനിച്ചു. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഫെബ്രുവരിയില്‍ നടത്താനിരുന്ന ചലച്ചിത്ര മേളയാണ് അടുത്ത മാസത്തേക്ക് മാറ്റിവെച്ചത്. 

14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങളായിരിക്കും 26- മത് ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുക. എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നിവയാണ് ഈ വർഷത്തെ പാക്കേജുകൾ. 

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്‌കി പുരസ്‌കാരം കിട്ടിയ സിനിമകളുടെ പാക്കേജ് ‘ഫിപ്രസ്‌കി ക്രിട്ടിക്‌സ് വീക്ക്’ എന്ന പേരില്‍ ഈ വട്ടം പ്രദര്‍ശിപ്പിക്കും.