Fri. Nov 22nd, 2024

ഭരണഘടന സംരക്ഷണം നൽകുന്ന സ്ത്രീയുടെ അവകാശമാണ് ഏത് വസ്ത്രം ധരിക്കണമെന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഹിജാബ് ധരിച്ചതിന്റെ പേരിൽ കർണാടകയിലെ കോളേജിൽ വിലക്കേർപ്പെടുത്തിയ വിദ്യാർഥിനികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രിയങ്കാ ഗാന്ധി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 

“ബിക്കിനിയോ, ജീൻസോ, ഹിജാബോ ഏതായാലും, ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളുടെ അവകാശമാണ്. ഇന്ത്യൻ ഭരണഘടന ഇത് ഉറപ്പു നൽകുന്നുമുണ്ട്. ഹിജാബിന്റെ പേരിൽ സ്ത്രീകളെ ഉപദ്രവിക്കുന്നത് നിർത്തുക.” എന്നാണ് പ്രിയങ്കാഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഹിജാബ് വിഷയത്തിൽ രാഹുൽഗാന്ധിയും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ സ്വതന്ത്രവും അവകാശ സംരക്ഷണവുമാണ് കോൺഗ്രസിന്റെ മുദ്രാവാക്യം. 

ഉഡുപ്പിയിലെ വനിത പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞതായിരുന്നു പ്രതിഷേധനകൾക്ക് തുടക്കം. തുടർന്ന് സംസ്ഥാനത്തെ മറ്റു കോളേജുകളിലേക്ക് കൂടെ പ്രതിഷേധം വ്യാപിക്കുമാകയായിരുന്നു. പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐ ലവ് ജിഹാദ് എന്ന പേരിൽ ക്യാമ്പയിനും വിദ്യാർത്ഥിനികൾ തുടങ്ങിയിരുന്നു. ഹിജാബ് വിലക്ക് ഭരണഘടനാ ലംഘനമാണെന്ന് കാണിച്ച് വിദ്യാർഥികൾ നൽകിയ ഹർജി ഇന്നും കോടതി പരിഗണിക്കും.