Sun. Apr 28th, 2024

ചാത്തമംഗലം: പച്ചവെള്ളത്തിലിട്ടാൽ അരി ചോറായി മാറുന്ന ‘അഘോനി ബോറ’ എന്ന നെല്ലിനം കേരളത്തിന്റെ മണ്ണിൽ വിളയിച്ചെടുത്ത് കർഷകൻ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള ഈ നെല്ലിനം ചാത്തമംഗലം വെള്ളന്നൂരിലെ കരിക്കിനാരി സുനില്കുമാറാണ് കൃഷി ചെയ്തത്. മുക്കാൽ മണിക്കൂർ പച്ചവെള്ളത്തിൽ ഇട്ടുവെച്ചാൽ ചോറാവുന്ന ഈ ഇനം ‘റെഡി ടു ഈറ്റ് റൈസ്’ എന്നും അറിയപ്പെടാറുണ്ട്. ചൂട് വെള്ളത്തിലാണെങ്കിൽ പതിനഞ്ച് മിനിറ്റുകൊണ്ട് ചോറാകും. അതുകൊണ്ട് തന്നെ യാത്രകളിൽ മറ്റും ഏറെ ഉപകാരപ്രദമാണിത്. 

ഒരു കൃഷി ഓഫീസർ സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റിലൂടെയായിരുന്നു ഈ നെല്ലിനത്തെ കുറിച്ച് സുനിൽകുമാർ അറിയുന്നത്. വിത്ത് കിട്ടാനുള്ള ശ്രമത്തിനൊടുവിൽ, ഒരു വര്ഷം മുൻപ് ആസാമിൽ ജോലി ചെയ്യുന്ന ബന്ധു വിത്ത് അയച്ചു കൊടുത്തു. ലോക്ക്ഡൗണിൽ വിത്ത് നാട്ടിലെത്താൻ വൈകിയതിനാൽ കുറെ വിത്തുകൾ നശിച്ചു പോയിരുന്നു. ബാക്കിയുള്ളത് മുളപ്പിച്ച് കൃഷിയിറക്കിയെങ്കിലും, വെള്ളപ്പൊക്കത്തിലും കുറച്ച് നശിച്ചു പോയിരുന്നു. ബാക്കിയുള്ള നെല്ലിൽ നിന്നുള്ള വിത്തായിരുന്നു പിന്നെ കൃഷിക്ക് ഉപയോഗിച്ചത്. 

അഘോനി ബോറ കൃഷി ചെയ്യുമ്പോൾ രാസവളമോ കീടനാശിനിയോ ഉപയോഗിക്കാൻ പാടില്ല. വേവിക്കാതെ തയ്യാറാക്കുന്ന ചോരയതിനാൽ ഇതിന്റെ അംശം ഉണ്ടാകുന്നതിനാലാണത്. തണുപ്പുള്ള പ്രദേശങ്ങൾ വളരുന്ന ഇനമാണിതെങ്കിലും, എല്ലാ സ്ഥലങ്ങളിലും കൃഷി ചെയ്യാൻ കഴിയുന്ന അഘോനി ബോറ കട്ടക്കിലെ സെന്റര്‍ ഫോര്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചിട്ടുണ്ട്. 

കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറായ സുനില്‍ ചെറുപ്പം മുതലേ കൃഷിക്കാരനുമാണ്. നവര, രക്തശാലി, ചെമ്പാവ് തുടങ്ങിയ നെല്ലിനങ്ങളും സുനിൽകുമാർ കൃഷി ചെയ്യാറുണ്ട്. തന്റെ ആവശ്യത്തിനുള്ള വിത്തായി കഴിഞ്ഞാൽ അഘോനി ബോറയുടെ വിത്തുകൾ ആവശ്യക്കാർക്ക് കൈമാറാനും അദ്ദേഹം ഒരുക്കമാണ്.