Mon. Dec 23rd, 2024

48 മണിക്കൂറിലധികമായി മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയിരിക്കുന്ന യുവാവിനെ കരസേനാ സംഘം രക്ഷപ്പെടുത്തി. കരസേന സംഘം വടം കെട്ടി യുവാവിനടുത്തെത്തുകയും, ഇയാൾക്ക് സുരക്ഷാ ബെൽറ്റും ഹെൽമറ്റും നൽകി സൈന്യം മുകളിലേക്ക് കയറ്റുകയുമായിരുന്നു. ഇന്ന് രാവിലെ സേന യുവാവിനടുത്തെത്തി ആശയവിനിമയം നടത്തുകയും ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. 

കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിലുള്ള കരസേനയുടെ യൂണിറ്റിൽ മലയാളിയായ ലെഫ്. കേണൽ ഹേമന്ത് രാജുമുണ്ട്. ബാംഗ്ലൂർ പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള പാരാ കമാൻണ്ടോസും ഇവരോടൊപ്പം സഹകരിച്ചിരുന്നു. എൻഡിആർഎഫ് സംഘവും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനു വന്ന ഓഫീസർമാരിൽ 2 പേർ എവറസ്റ്റ് കയറിയിട്ടുള്ളവരാണ്. 

ചൊവ്വാഴ്ച ഉച്ചയോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനം പരാജയപ്പെട്ടിരുന്നു. ശേഷം നാവികസേനയുടെ സീ കിംഗ് ഹെലികോപ്റ്റര്‍ എത്തിച്ചും ശ്രമം നടത്തി. ഡ്രോണ്‍ വഴി യുവാവിന് ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു. കോഴിക്കോട് നിന്ന് പര്‍വ്വതാരോഹരും സംഭവ  സ്ഥലത്തെത്തിയിട്ടുണ്ട്.  

തിങ്കളാഴ്ചയായിരുന്നു മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബുവാണ് കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. പ്രദേശവാസികളായ രണ്ടു പേര്‍ക്കൊപ്പം മലയിലേക്ക് ട്രക്കിംഗ് നടത്തിയതായിരുന്നു ബാബു. കൂടെ ഉണ്ടായിരുന്ന രണ്ടു പേർ പാതിവഴിയിൽ മടങ്ങിയപ്പോൾ, യുവാവ് വീണ്ടും മല കയറി.  പിന്നീട് ബാബുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.