Sat. Apr 20th, 2024

94ാമത് ഓസ്കാർ നോമിനേഷൻ പട്ടികയിൽ അക്കാദമി അവാർഡിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ ഡോക്യുമെന്ററിയായി ‘റൈറ്റിങ് വിത്ത് ഫയർ’. മലയാളിയായ റിന്റു തോമസും സുഷ്മിത് ഘോഷും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഡോക്യുമെന്ററി, യുപി– മധ്യപ്രദേശ്  അതിർത്തിയിലുള്ള ബൻഡ ജില്ലയിലെ ഒരു ഡിജിറ്റൽ പത്രത്തിന്റെ കഥയാണ് പറയുന്നത്. 

‘വാർത്തകളുടെ തിരമാല’ എന്നർഥം വരുന്ന ‘ഖബർ ലഹാരിയ’ എന്ന പേരിൽ സ്ത്രീകളായ കവിതാ ദേവിയും മീരാ ജാതവും 2002 ൽ ആരംഭിച്ച ഒരു വാരാന്ത്യ പത്രം. ഹിന്ദിയുടെ പ്രാദേശിക വകഭേദങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഈ പത്രത്തിലൂടെ ഗ്രാമത്തിലെ സ്ത്രീകൾ വാർത്താ ലോകത്ത് തരംഗമുണ്ടാക്കുന്നു. ദളിത് സ്ത്രീകൾ കൂടുതലായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു. 8 എഡിഷനുകളിലായി 80,000 വായനക്കാരുണ്ടായിരുന്ന പത്രത്തിന്റെ ചരിത്രവും, പിന്നീട് ഡിജിറ്റൽ ലോകത്തേക്കുള്ള പത്രത്തിന്റെ മാറ്റവുമാണ് റൈറ്റിംഗ് വിത്ത് ഫയർ എന്ന ഡോക്യൂമെന്ററി. 

2021ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ലോക പ്രീമിയർ ആയി ‘റൈറ്റിംഗ് വിത്ത് ഫയർ’ പ്രദർശിപ്പിക്കുകയും, രണ്ട് അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു. സുഷ്മിത് ഘോഷിന്റെയും റിന്റു തോമസിന്റെയും ബ്ലാക്ക് ടിക്കറ്റ് ഫിലിംസ് ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അസെന്‍ഷന്‍, അറ്റിക്ക, ഫ്‌ലീ, സമ്മര്‍ ഓഫ് സോള്‍ എന്നിവയ്‌ക്കൊപ്പമാണ് റൈറ്റിങ് വിത്ത് ഫയർ നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.